ഇന്ത്യ സഖ്യകക്ഷി എന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകും

Spread the love

ന്യുയോർക്ക് : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. കുടിയേറ്റം, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കൂടിക്കാഴ്ചയിൽ ചർച്ചയായത്. കൂടിക്കാഴ്ചക്ക് ശേഷം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി, ഇന്ത്യയെ പങ്കാളി എന്നതിനു പകരം സഖ്യകക്ഷി എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. കൂടിക്കാഴ്ചക്ക് ശേഷം മാർക്കോ റുബിയോ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയെ സഖ്യകക്ഷി എന്ന് വിശേഷിപ്പിച്ചത്. ഇത് ഡോണൾഡ് ട്രംപിന്‍റെ രണ്ടാമൂഴത്തിൽ ഇന്ത്യ – അമേരിക്ക ബന്ധം ഊഷ്മളമാകുമെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ഡോണൾഡ് ട്രംപ് അധികാരമേറ്റ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് വിദേശകാര്യമന്ത്രി എസ് ജയശങ്കറായിരുന്നു. ശേഷം വാഷിംഗ്ടണിൽ നടന്ന ക്വാഡ് കൂട്ടായ്മയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ജയശങ്കർ പങ്കെടുത്തു. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. ട്രംപ് ഈ വർഷം തന്നെ എത്തുന്നതിന്‍റെ സാധ്യത വർധിപ്പിച്ചുകൊണ്ട് അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടക്കുമെന്നും യോഗം പ്രഖ്യാപിച്ചു. ഏകപക്ഷീയ നടപടികളിലൂടെ ഒരിടത്തും തൽസ്ഥിതി മാറ്റാൻ ഒരു രാജ്യവും ശ്രമിക്കരുതെന്ന മുന്നറിയിപ്പും ചൈനയ്ക്ക് കൂട്ടായ്മ നൽകി.

എന്നാൽ ഇന്ത്യയെ സഖ്യകക്ഷി എന്ന് വിളിക്കുന്ന നിലയിലുള്ള സഹകരണത്തിനിടയിലും കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിന് കർശന നിലപാട് ആശങ്ക വർധിപ്പിക്കുന്നതാണ്. അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറ് ദിവസത്തിനുള്ളിൽ തന്നെ ട്രംപ് തിരിച്ചയ്ക്കാനുള്ള നടപടികൾ തുടങ്ങും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. 20,000ത്തോളം ഇന്ത്യക്കാരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചാർട്ടേഡ് വിമാനങ്ങളിൽ ഇത്രയും ഇന്ത്യക്കാരെ തിരിച്ചയ്ക്കാൻ അമേരിക്ക തീരുമാനിച്ചാൽ കേന്ദ്രസർക്കാരിനത് വൻ വെല്ലുവിളിയാകും. പരസ്പരം ചർച്ച നടത്തി മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്ന നിലപാട് ഇന്ത്യ അമേരിക്കയെ അറിയിച്ചതായാണ് സൂചന. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കും എന്ന ട്രംപിന്‍റെ മുന്നറിയിപ്പും ഇന്ത്യ നല്ല സന്ദേശമായല്ല കാണുന്നത്. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയിയൽ നരേന്ദ്ര മോദി വഹിച്ച പങ്ക് കേന്ദ്ര സർക്കാർ എന്നും പ്രചാരണായുധമാക്കിയിരുന്നു. ആ ഉടമ്പടിയിൽ നിന്ന് ട്രംപ് പിൻമാറിയതും ഭാവിയിൽ ഇന്ത്യ അമേരിക്ക ബന്ധത്തിൽ കല്ലുകടിയാകും.

Author

Leave a Reply

Your email address will not be published. Required fields are marked *