മാലിന്യ മുക്ത നവകേരളം: എൻ.എ.ഡി റോഡിൽ വാഹന പരിശോധന കർശനമാക്കും

Spread the love

കളമശേരി, എൻ.എ.ഡി മേഖലകളിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടം.

എൻ.എ.ഡി റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് തടയുന്നതിൻ്റെ ഭാഗമായി പ്രദേശവാസികൾ ഒഴികെയുള്ളവരുടെ വാഹനങ്ങൾ പരിശോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി. പ്രദേശവാസികൾക്കായി പ്രത്യേക പാസുകൾ നൽകാനും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി.

രാത്രി കാലങ്ങളിൽ എൻ.എ.ഡി ഭാഗത്തെ വിജനമായ റോഡുകളിൽ മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തിലാണ് തീരുമാനം. അതിരാവിലെയും രാത്രിയും കാർ ഇതുവഴി പോകുന്ന കാർ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പരിശോധനക്ക് വിധേയമാക്കുക. എൻ.എ.ഡിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാകും പരിശോധന. നടപടി ജനജീവിതത്തെ ബാധിക്കാതിരിക്കാൻ പ്രദേശവാസികളുടെ വാഹനങ്ങളിൽ പതിപ്പിക്കുന്നതിനായി എടത്തല ഗ്രാമ പഞ്ചായത്ത്, കളമശേരി നഗരസഭ അധികൃതർ പ്രത്യേക പാസുകൾ നൽകും.

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നൂറോളം ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എൻ.എ.ഡിയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു മാസത്തിനകം അഞ്ച് ക്യാമറകൾ സ്ഥാപിക്കുമെന്ന് എൻ.എ.ഡി അധികൃതർ വ്യക്തമാക്കി. ഇതിനു പുറമേ സൂചനാ ബോർഡുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഉണ്ടാകും.

എച്ച്.എം.ടി റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ വല ഉപയോഗിച്ച് വേലി കെട്ടുന്നതും പരിഗണനയിലുണ്ട്. എച്ച്.എം.ടി കൈവശം വെച്ചിട്ടുള്ള പ്രദേശങ്ങളിലെ മാലിന്യങ്ങൾ എത്രയും വേഗം നീക്കം ചെയ്യാൻ അധികൃതർക്ക് നോട്ടീസ് നൽകുമെന്ന് കലക്ടർ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നതിനായി ദുരന്ത നിവാരണ നിയമപ്രകാരമാണ് നോട്ടീസ് നൽകുക.

എസ്.സി.എം.എസ് കോളേജ് മുതൽ അപ്പോളോ വരേയുള്ള പ്രദേശത്തെ ലോറികളുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും തിരുമാനിച്ചിട്ടുണ്ട്. ഈ ഭാഗത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് കട്ടവിരിച്ച് ടോയ്ലറ്റുകൾ ഉൾപ്പെടെ നിർമ്മിച്ച് പേ ആൻഡ് പാർക്ക് സംവിധാനം കൊണ്ടുവരാനാണ് നിർദ്ദേശം. ഇതു സംബന്ധിച്ച് കളമശേരി നഗരസഭയുടെ അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ലിജി, എൻ.എ.ഡി, കെ.എം.ആർഎൽ, കളമശേരി നഗരസഭ, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, എൽ.എസ്.ജി.ഡി തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *