മൃഗസംരക്ഷണ വകുപ്പിന്റെ സമഗ്ര കന്നുകാലി ഇൻഷൂറൻസ് തുടങ്ങി

Spread the love

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പശു, എരുമ എന്നിവയുടെ മരണം, ഉത്പാദനക്ഷമത നഷ്ടപ്പെടൽ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നതിനും, അവയെ വളർത്തുന്ന കർഷകന് പരിരക്ഷ നൽകുന്നതിനുമായി ഗോസമൃദ്ധി-എൻ.എൽ.എം സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. ഒരു വർഷത്തേക്കോ, മൂന്ന് വർഷത്തേക്കോ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ്. 65,000 രൂപ വരെ മതിപ്പു വിലയുള്ള ഉരുക്കളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കും. എല്ലാ വിഭാഗത്തിൽപ്പെട്ട കർഷകർക്കും ഈ സ്‌കീമിന് കീഴിൽ കന്നുകാലി ഇൻഷൂറൻസിനും, അവയുടെ ഉടമകൾക്കുള്ള അപകട മരണ ഇൻഷുറൻസ് പരിരക്ഷയ്ക്കും അർഹതയുണ്ട്. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉത്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സ് വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഇൻഷുർ ചെയ്യാം. ഗർഭാവസ്ഥയുടെ അവസാന ത്രൈമാസത്തിലുള്ള ഗർഭിണികളായ കിടാരികളെയും, ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും ഇൻഷൂർ ചെയ്യാവുന്നതാണ്. ഒരു കർഷകന്റെ ഒരു ഉരുവിനെ മാത്രമേ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂ. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ള താൽപ്പര്യമുള്ള ഉടമകൾക്ക് വ്യക്തിഗത അപകട പരിരക്ഷയ്ക്കും അപേക്ഷിക്കാം. ഉടമകൾക്കുള്ള വ്യക്തിഗത അപകട പരിരക്ഷ പരമാവധി അഞ്ച് ലക്ഷം രൂപയാണ്.ഉരുക്കളെ ഒരു വർഷത്തേക്ക് ഇൻഷൂർ ചെയ്യാൻ 4.48 ശതമാനവും, മൂന്ന് വർഷത്തേക്ക് 10.98 ശതമാനവുമാണ് പ്രീമിയം തുക. ഉടമയുടെ അപകട പരിരക്ഷയ്ക്ക് 100 രൂപ അടക്കണം. പ്രീമിയം തുകയിൽ പൊതുവിഭാഗത്തിന് 50 ശതമാനവും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 70 ശതമാനവും സർക്കാർ സബ്സിഡിയാണ്. ഒരു വർഷ ഇൻഷുറൻസ് പദ്ധതിയിൽ കർഷകർ അടക്കേണ്ട വിഹിതത്തിൽ നിന്നും 100 രൂപയും മൂന്ന് വർഷ പദ്ധതിയിൽ കർഷകർ അടക്കേണ്ട വിഹിതത്തിൽ നിന്നും 250 രൂപയും സർക്കാർ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡ് വഹിക്കുന്നതാണ്.

ഓരോ വെറ്ററിനറി ഹോസ്പിറ്റലുകളിലും പരിമിതമായ എണ്ണം ഉരുക്കളെ ഇൻഷൂർ ചെയ്യാനുള്ള വിഹിതം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. താൽപര്യമുള്ള കർഷകർ തദ്ദേശ സ്ഥാപന പരിധിയിലെ ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറും ഇൻഷൂറൻസ് നോഡൽ ഓഫീസറും അറിയിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *