കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗതീരുമാനങ്ങള്‍

Spread the love

കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗതീരുമാനങ്ങള്‍ സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനം.

ലഹരിവിരുദ്ധ പ്രചാരണം

കേരളത്തെ കാര്‍ന്ന് തിന്നുന്ന സാമൂഹിക തിന്മകളായ മദ്യത്തിനും മയക്കുമരുന്നിനും അക്രമങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസ് അതിവിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. രാഷ്ട്രീയത്തിന് അതീതമായി നടക്കുന്ന ഈ പ്രതിഷേധ കൂട്ടായ്മയില്‍ എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിക്കും.സാമൂഹിക വിപത്തിനെതിരെയുള്ള കേരളത്തിന്റെ ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തിന് കെപിസിസി നേതൃത്വം നല്‍കും. മയക്കുമരുന്ന് വിപണന ശൃംഖലയില്‍ ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെട്ടത് അതീവ ഗുരുതരമായ വിഷയമാണ്.

മദ്യലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനവും പരസ്യവും നല്കിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അന്നു മുതല്‍ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016ല്‍ അധികാരം വിടുമ്പോള്‍ കേരളത്തില്‍ 29 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിണറായി സര്‍ക്കാര്‍ അത് ആയിരത്തിലധികം ബാറുകളാക്കി ഉയര്‍ത്തി.

കടലോരസമര പദയാത്ര

തീരദേശത്തെയും തീരദേശ നിവാസികളെയും കുത്തക കമ്പനികളുടെ കടല്‍ മണല്‍ ഖനനത്തിന് എറിഞ്ഞു കൊടുത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന തീരദേശ യാത്രക്ക് ശേഷം, കെപിസിസി കടലോര സമര പദയാത്ര 2025 മെയ് 9 മുതല്‍ 31 വരെ സംഘടിപ്പിക്കുന്നതാണ്.

മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ സഹകരണത്തോടെയാണ് കടലോര സമര പദയാത്ര നടത്തുന്നത്. തീരദേശത്തുള്ള 9 ജില്ലകളിലൂടെ പദയാത്ര കടന്നുപോകും.മെയ് 9ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങുന്ന ജാഥ കൊല്ലത്ത് സമാപിക്കും.ഉദ്ഘാടനത്തിലും സമാപന സമ്മേളനത്തിലും ദേശീയനേതാക്കള്‍ പങ്കെടുക്കും.

സ്വകാര്യ കുത്തക കമ്പനികള്‍ക്ക് കടലില്‍ മണല്‍ ഖനനം ചെയ്യുവാന്‍ അനുമതി നല്‍കി കൊണ്ട് കൊടും വഞ്ചനയാണ് കേന്ദ്ര സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് കാട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ ഖനനത്തിന് എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നു. ആദ്യഘട്ട ഖനനം നടക്കുന്ന മൂന്നിടങ്ങളില്‍ ഒന്ന് കൊല്ലം പരപ്പാണ്. ആശാസ്ത്രീയമായ ഖനനത്തെ തുടര്‍ന്ന് ചാവക്കാട്,പൊന്നാനി,ആലപ്പുഴ പ്രദേശങ്ങള്‍ കടലെടുക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതിനെതിരെ അതിശക്തമായ ചെറുത്ത് നില്‍പ്പ് നടത്താന്‍ കെപിസിസി യോഗം തീരുമാനിച്ചു.

സിപിഎം-ബിജെപി അന്തര്‍ധാര

ഡല്‍ഹി കേരള ഹൗസില്‍വെച്ച് മുഖ്യമന്ത്രിയും ഗവര്‍ണ്ണറും കേന്ദ്രധനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച സിപിഎം-ബിജെപി ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിനാണ്. ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടണം. കേന്ദ്രത്തിനെതിരെ ഒരു വശത്ത് സമരവും മറുവശത്ത് സഹകരണവും എന്ന ഇരട്ടത്താപ്പ് നയമാണ് സിപിഎമ്മിന്.

മഹാത്മാഗാന്ധി-ഗുരു സംഗമ ശതാബ്ദി ആഘോഷം

മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും തമ്മില്‍ ശിവഗിരിയില്‍ നടന്ന ഐതിഹാസികമായ കൂടിക്കാഴ്ച കേരളത്തിന്റെ സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയാണ്. ഈ സമാഗമത്തിന്റെ ശതാബ്ദി കെപിസിസി മാര്‍ച്ച് 12ന് തിരുവനന്തപുരത്ത് ആഘോഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഈ പരിപാടി കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്നതാണ്.

മഹാത്മാഗാന്ധി കുടുംബസംഗമം

മഹാത്മാഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി പ്രഖ്യാപിച്ച മഹാത്മാ ഗാന്ധി കുടുംബസംഗമങ്ങള്‍ 20000 ലധികം വരുന്ന വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നുവരുകയാണ്. ഇതുവരെ 8000 ലധികം വാര്‍ഡ് കമ്മിറ്റികളില്‍ കുടുംബസംഗമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാര്‍ഡ് കമ്മിറ്റികളുടെ രൂപീകരണം 80 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള എത്രയും വേഗം പൂര്‍ത്തിയാക്കും.

നേതൃപരിശീലനം

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനും നേതൃപരിശീലനം നല്‍കാനും തീരുമാനിച്ചു.

ആശവര്‍ക്കര്‍മാര്‍ക്ക് പിന്തുണ

ആശവര്‍ക്കര്‍മാരുടെ സമരത്തിന് തുടര്‍ന്നും ശക്തമായ പിന്തുണ നല്‍കുന്നതാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *