മുനമ്പം വിഷയത്തിലെ ഹൈക്കോടതി വിധി പ്രതിപക്ഷ നിലപാടിലെ കൃത്യത വ്യക്തമാക്കുന്നത് – പ്രതിപക്ഷ നേതാവ്

Spread the love

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

മുനമ്പം വിഷയത്തിലെ ഹൈക്കോടതി വിധി പ്രതിപക്ഷ നിലപാടിലെ കൃത്യത വ്യക്തമാക്കുന്നത്; പുറത്തു വന്നത് സര്‍ക്കാരിന്റെ കള്ളക്കളി; പത്തു മിനിട്ടു കൊണ്ട് പരിഹരിക്കേണ്ട വിഷയം വൈകിപ്പിച്ച സര്‍ക്കാര്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ചിലരുടെ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുത്തു; സമരം ചെയ്തല്ല അവകാശങ്ങള്‍ നേടിയെടുക്കേണ്ടതെന്ന് ആശ പ്രവര്‍ത്തകരോട് പറഞ്ഞ മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റല്ല.

പ്രതിപക്ഷ നിലപാട് കൃത്യമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുനമ്പം കമ്മിഷന്‍ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ്. പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാവുന്ന വിഷയം മനപൂര്‍വം വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മുനമ്പം നിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും ഇറക്കിവിടാന്‍ പാടില്ലെന്ന് കേരളം ഒന്നിച്ചു പറഞ്ഞതാണ്. അവര്‍ക്ക് പെര്‍മനന്റായ ഡോക്യുമെന്റ് നല്‍കണം. കേരളത്തിലെ ക്രൈസ്തവ സഭകളും മുസ്ലീം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും അവരെ ഇറക്കി വിടരുതെന്നാണ് പറഞ്ഞത്. ഇതു സംബന്ധിച്ച് കോടതി വിധികളുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ട് മത വിഭാഗങ്ങള്‍

തമ്മിലുളള സംഘര്‍ഷമാക്കാന്‍ ശ്രമിച്ചു. വേറെ ചിലര്‍ കേന്ദ്രത്തിന്റെ വഖഫ് ബില്ലുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചു. രണ്ടു മത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കുകയെന്ന ദുരുദ്ദേശ്യമായിരുന്നു ഇതിന്റെയൊക്കെ പിന്നില്‍. മനപൂര്‍വം വൈകിപ്പിച്ച് ആ ആഗ്രഹക്കാര്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വഖഫ് ബോര്‍ഡിനെക്കൊണ്ട് പ്രശ്മുണ്ടാക്കിച്ച് പത്തു മിനിട്ടു കൊണ്ട് എടുക്കേണ്ട തീരുമാനമാണ് സര്‍ക്കാര്‍ വൈകിപ്പിച്ചത്. വിഷയം വൈകിപ്പിച്ച് സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ചിലരുടെ അജണ്ടയ്ക്ക് സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കുകയായിരുന്നു. കുഴപ്പമുണ്ടാക്കുക എന്നതു മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

നിയമപരമായ ആശയ വിനിമയം നടത്താതെ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ തീരുമാനം എടുക്കുകയായിരുന്നു. ആ തീരുമാനം തെറ്റാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇനിയെങ്കില്‍ തെറ്റായ വഴിയിലേക്ക് പോകാതെ സര്‍ക്കാര്‍ മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് ഭാവിയില്‍ ഒരു വ്യവഹാരവും ഉണ്ടാകാത്ത തരത്തിലുള്ള നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ കാട്ടിയ കള്ളക്കളിയാണ് കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത്.

ആശ പ്രവര്‍ത്തകരുടെ സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രിയാണ് മുന്‍കൈ എടുക്കേണ്ടത്. ഇക്കാര്യം നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. കര്‍ണാടകത്തില്‍ ഫ്രീഡം പാര്‍ക്കില്‍ സമരം നടത്തിയ ആശ വര്‍ക്കര്‍മാരെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച് ഓണറേറിയം പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ചു. അതിനു പിന്നാലെ സര്‍ക്കാര്‍ തീരുമാനം ഫ്രീഡം പാര്‍ക്കില്‍ പോയി ആശ വര്‍ക്കാര്‍മാരെ അറിയിക്കാന്‍ ഹെല്‍ത്ത് കമ്മിഷണറെ നിയോഗിച്ചു. ആ പ്രഖ്യാപനത്തെ കയ്യടിച്ചു

സ്വീകരിച്ചാണ് ആശ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്. കേരളം സമരങ്ങളുടെ നാടല്ലേ, പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയല്ലേ. അതേ മുഖ്യമന്ത്രിയാണ് സമരം ചെയ്തല്ല ഇതെല്ലാം നേടിയെടുക്കേണ്ടതെന്നു പറഞ്ഞത്. ഇവര്‍ കമ്മ്യൂണിസ്റ്റല്ല, തീവ്ര വലതുപക്ഷ ലൈനാണ്. കാര്യങ്ങള്‍ നേടിയെടുക്കേണ്ടത് സമരത്തിലൂടെയല്ല എന്ന് പറയുന്നത് മുതലാളിത്ത രീതിയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അത് പറഞ്ഞപ്പോള്‍ ഞാന്‍ വിസ്മയിച്ചില്ലെങ്കിലും നാട്ടില്‍ ഒരുപാട് പേര്‍ വിസ്മയിച്ചു. ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇങ്ങനെ പറയുമോ? ഇത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരോടും പറഞ്ഞാല്‍ എന്നേ കേരളം നന്നായി പോയേനെ.

സമരം തീര്‍ക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് നിയമസഭയിലും നേരിട്ടും ഫോണിലും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഇനിയും ഉന്നയിക്കും. ഈ സമരം വിജയിക്കാന്‍ പാടില്ലെന്ന വാശിയുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. സമരം ചെയ്യുന്ന പാവപ്പെട്ട സ്ത്രീകളോടാണോ സര്‍ക്കാരിന്റെ യുദ്ധ പ്രഖ്യാപനം. അംഗനവാടി വര്‍ക്കേഴ്‌സും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുകയാണ്. 15500 രൂപ ടീച്ചര്‍ക്കും അംഗന്‍വാടി വര്‍ക്കര്‍ക്ക് 8500 രൂപയുമാണ് കിട്ടുന്നത്. അതും നാലോ അഞ്ചോ ഗഡുവായാണ് കിട്ടുന്നത്. ഈ പണത്തില്‍ നിന്നാണ് വാടക നല്‍കേണ്ടതും കറന്റ് ചാര്‍ജ് നല്‍കേണ്ടതും പാലും മുട്ടയും വാങ്ങേണ്ടതും. എത്ര തവണയായിട്ടാണ് പണം കിട്ടുന്നതെന്നു പോലും അവര്‍ക്ക് അറിയില്ല. ന്യായമായ സമരങ്ങള്‍ക്കൊപ്പമാണ് പ്രതിപക്ഷം. ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ സര്‍ക്കാര്‍ പരിഹാരം കാണുമോയെന്ന് നോക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *