സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണെന്ന് നിയമസഭയിൽ ധനാഭ്യർത്ഥനാചർച്ചയിൽ പങ്കെടുത്തുകൊണ്ട് രമേശ് ചെന്നിത്തല

Spread the love

ഇത്രയും നിറം കെടുത്തിയ ഒരു ധനകാര്യ വകുപ്പും അതിന്റെ പ്രവര്‍ത്തനവും ഞങ്ങള്‍ ആദ്യമായാണ് കാണുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥന്മാര്‍ മതാധിഷ്ഠിതമായ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുകയും, ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയയ്ക്കുകയും, പോലീസ് തലപ്പത്തുളള ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്. മേധാവിയുമായി കൂടിക്കാഴ്ച നടത്തി ഉപദേശം തേടുകയും, ഐ.പി.എസ്. തലങ്ങളില്‍ ചേരിപ്പോര് രൂക്ഷമാകുകയും ഐ.എ.എസ്. ഉദ്യോഗസ്ഥന്മാര്‍ കേന്ദ്ര സര്‍വീസിലേക്ക് ചേക്കേറാന്‍ കാത്തുനില്‍ക്കുകയും, സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ ഉത്തരവുകളോ ശിപാര്‍ശകളോ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് Central Administrative Tribunal – ൽ പോയി മുഖ്യമന്ത്രി നല്‍കിയ ട്രാന്‍സ്ഫര്‍ ഓര്‍ഡറിന് ഐ.എ.എസ്. ഉദ്യോഗസ്ഥന്മാര്‍ സ്റ്റേ വാങ്ങുകയും ചെയ്യുന്നു.
ഇന്നത്തെ പത്രമൊന്ന് വായിക്കണം, ‘നടക്കുന്നില്ല ഒന്നും’ എന്ന് കേരളത്തിലെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് പറഞ്ഞതാണ്. ഞാന്‍ പറയുന്ന തീരുമാനങ്ങളും തന്റെ യോഗതീരുമാനങ്ങള്‍പോലും കേരളത്തില്‍ നടപ്പാകുന്നില്ല. മോന്തായം വളഞ്ഞാല്‍ കഴുക്കോലും വളയും. സംസ്ഥാനത്ത് സര്‍ക്കാരിന്റെ ജീര്‍ണത

ഉദ്യോഗസ്ഥന്മാരിലേക്കും പടര്‍ന്നുപിടിച്ചിരിക്കുന്നുവെന്നതാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്. ലഹരിമാഫിയയും ഗുണ്ടകളും കേരളത്തിന്റെ സാമൂഹിക ജീവിതത്തെ താറുമാറാക്കിയിരിക്കുന്നു. പ്രതികള്‍ക്ക് കണ്ണുമടച്ച് ജാമ്യം നല്‍കുന്ന ന്യായാധിപന്മാരും, ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും സംരക്ഷണം നല്‍കുന്ന സര്‍ക്കാരും ഈ നാടിനെ അരാജകത്വത്തിലേക്ക് എത്തിക്കുന്നു. ദെെവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ നാടായി മാറ്റാന്‍ ഇൗ ഭരണകൂടം ശ്രമിക്കുകയാണ്. കാെടും ക്രിമിനലുകള്‍ക്ക് വേഗതയില്‍ പരോള്‍, ജാമ്യം, പോലീസ് പ്രോസിക്യൂഷന്‍ തുടങ്ങിയവയ്ക്ക് ഒത്താശ ചെയ്തുകൊടുത്തുകൊണ്ട് നാട്ടില്‍ ക്രിമിനലുകള്‍ വിലസുന്ന ഒരു സുവര്‍ണ കാലഘട്ടമാണ്. നെന്മാറയിലെ കാെലപാതകം, ഭാസ്കര കാരണവരുടെ കൊലക്കേസ്….. പ്രതിയെ ജയില്‍മുക്തനാക്കാന്‍ കാബിനെറ്റ് എടുക്കുന്ന തീരുമാനങ്ങളും വാട്ട്സ് ആപ്പ് മെസേജുകളും ഇന്ന് കേരളത്തിന്റെ ക്രമസമാധാനം പരിപൂര്‍ണമായി തകര്‍ന്നിരിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്.
ജനമെെത്രി പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചത് കൊടിയേരി ബാലകൃഷ്ണന്റെ കാലത്തായിരുന്നു. യു.ഡി.എഫ്.-ന്റെ കാലത്ത് ഇൗ ജനമെെത്രി പോലീസിനെ മുന്നോട്ടുകൊണ്ടുപോയെങ്കിലും കഴിഞ്ഞ 10 വര്‍ഷക്കാലമായി ജനമെെത്രി പോലീസിനെ ഇല്ലാതാക്കി ജനവിരുദ്ധ പോലീസ് ആക്കിമാറ്റാന്‍ പിണറായി വിജയന്‍ ഗവണ്‍മെന്റ് ശ്രമിച്ചുവെന്നുളളതാണ് സത്യം.

ഇന്ന് പോലീസില്‍ രണ്ടുതരം നയമാണുളളത്, സി.പി.ഐ.(എം.)-കാര്‍ക്ക് ഒരു നയവും മറ്റുളളവര്‍ക്ക് വേറൊരു നയവും. വഞ്ചിയൂരില്‍ സി.പി. ഐ.(എം.) സമ്മേളനത്തിനായി റോഡ് അടച്ച് സ്റ്റേജ് കെട്ടി യോഗം നടത്തിയാല്‍ പോലീസ് ഒന്നും ചെയ്യില്ല, പാവപ്പെട്ട ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനുമുമ്പില്‍ പെരുമഴയില്‍ ടാര്‍പോളിന്‍ കെട്ടിയപ്പോള്‍ത്തന്നെ അഴിച്ചുമാറ്റി. ഇവിടെ എന്ത് നിയമമാണ്? പോലീസിനെ പരിപൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. വയനാട്ടിലെ ജില്ലാ സെക്രട്ടറി യോഗത്തില്‍ പരസ്യമായി മെെക്കിലൂടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നാളെ സ്ഥലം മാറ്റുമെന്ന് പ്രസംഗിക്കുകയും അടുത്ത ദിവസം അദ്ദേഹത്തെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കൊല്ലും കൊലയും പീഡനവും പിടിച്ചുപറിയുമില്ലാത്ത ഒരു ദിവസം പോലുമില്ല. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ 70 കൊലപാതകങ്ങളാണ് കേരളത്തിലുണ്ടായത്. പോലീസും ഭരണസംവിധാനവും നിഷ്ക്രിയമാണ്, വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുന്നില്ലെന്ന് ഡോ. കെ. ടി. ജലീല്‍ പറയുകയുണ്ടായി. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചെറുമകനെ മണിക്കൂറുകളാണ് നെയ്യാറ്റിന്‍കരയിലെ ആര്‍.എസ്.എസ്.-കാര്‍ തടഞ്ഞുനിര്‍ത്തിയത്. ഇതില്‍ ആര്‍.എസ്.എസ്.-കാരായ പ്രതികളെ നിങ്ങള്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞുവിടുകയാണ് ചെയ്തത്. പത്തനംതിട്ടയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത സംഘത്തിനുനേരെ പോലീസ് നടത്തിയ നിന്ദ്യവും ക്രൂരവുമായ നടപടികൾ നമ്മള്‍ കണ്ടതാണ്, തൃശ്ശൂരില്‍ തളിക്കുളം സ്വദേശിയായ പതിനാറുകാരന് ക്രൂരമായ ലോക്ക്‌അപ്പ് മര്‍ദനമേറ്റതും അമ്പലമേട് പോലീസ് എസ്.സി.എസ്.ടി. വിഭാഗത്തില്‍പ്പെട്ട ഒരു ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദിച്ചതും കുണ്ടറയിലെ തോംസണ്‍ എന്ന സെെനികന്‍ മരിക്കാനിടയായതും പോലീസിന്റെ ക്രൂരമായ മര്‍ദനംമൂലമാണ്. പറയാനാണെങ്കില്‍ ധാരാളം കേസുകള്‍ ഇവിടെ ചൂണ്ടിക്കാണിക്കാനുണ്ട്. ഇതെല്ലാം പോലീസന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന തെറ്റുകളാണ്.

കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസാണെന്ന് ഞാനാവര്‍ത്തിച്ചു പറയുന്നു. പക്ഷേ ആ പോലീസിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ നിങ്ങള്‍ മൂലയ്ക്കിരുത്തുന്നു. ഏറാന്മൂളികളെയും ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന ഉദ്യോഗസ്ഥന്മാരെയും നിങ്ങള്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ചുമതലപ്പെടുത്തുമ്പോഴാണ് ഇവിടെ ക്രമസമാധാനനില തകരുന്നത്. . എട്ടുകൊല്ലത്തിനകം സമ്മര്‍ദ്ദംമൂലം 130 പോലീസുകാരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. പറയുന്നത് ചെയ്യാന്‍ നിവൃത്തിയില്ലാതെ വരുമ്പോൾ ചെയ്തു പോകുന്നതാണ്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെവരുമ്പോള്‍ രാജിവച്ചുപോയവര്‍പോലും പോലീസിലുണ്ടെന്നതാണ് വാസ്തവം. ഇതാണോ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന പോലീസ് സംവിധാനം; കേരളം ഭരിക്കുന്നത് ഞങ്ങളാണെന്നും കളിച്ചാല്‍ തലശ്ശേരി സ്റ്റേഷനില്‍ ഉണ്ടാവുകയില്ലെന്നും സി.പി. ഐ.(എം.) ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി. അങ്ങയുടെ നിയോജകമണ്ഡലമാണ്; ഉത്സവത്തിന് നടന്ന ഒരു സംഭവമാണിത്. ആ നടപടി അവര്‍ അക്ഷരംപ്രതി പാലിച്ചു. ആ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ മണിക്കൂറുകള്‍ക്കകം തലശ്ശേരി പോലീസ് സ്റ്റേഷനില്‍നിന്നും മാറ്റുകയുണ്ടായി. എഫ്.ഐ.ആര്‍.-ല്‍ എഴുതിവച്ച വാചകമാണ് ഞാന്‍ വായിച്ചത്. ഇതാണോ പോലീസ് നയം; കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ മുഖ്യമന്ത്രി കണ്ടതിനെ ഞങ്ങള്‍ വിമര്‍ശിച്ചുവെന്ന് ആന്റണി രാജു സഭയില്‍ പറയുകയുണ്ടായി. കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ഇതിനുമുന്‍പും കേന്ദ്രമന്ത്രിമാരെയും സീനിയര്‍ ഉദ്യോഗസ്ഥന്മാരെയും കാണാറുണ്ട്. അതൊക്കെ ഒൗദ്യോഗികമായ നടപടിയാണ്. ഞങ്ങള്‍ വിമര്‍ശിച്ചത് എന്തുകൊണ്ടാണ്; പി.ആര്‍.ഡി.-യുടെ പത്രക്കുറിപ്പ് ഞാന്‍ വായിക്കാം, “കേന്ദ്ര ധനവകുപ്പുമന്ത്രി നിര്‍മല സീതാരാമന്‍ ന്യൂഡല്‍ഹിയില്‍ കേരള ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി. തോമസ് തുടങ്ങിയവര്‍ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ ആയിരുന്നു. അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു. കേന്ദ്രമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്കുശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്”. എന്ത് അനൗദ്യോഗിക സന്ദര്‍ശനമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി അവിടെ നടത്തിയതെന്ന് നമുക്കറിയണ്ടേ; അതും ഗവര്‍ണറുടെ സാന്നിധ്യത്തില്‍. ഗവര്‍ണര്‍ നല്ല മനുഷ്യനാണ്. പക്ഷേ, ഗവര്‍ണര്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്. ഇന്ത്യയിലെ ഗവര്‍ണര്‍മാര്‍ എപ്പോഴും ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി പറയണം, മി. ചീഫ് മിനിസ്റ്റര്‍, നിങ്ങള്‍ പറയണം. എന്താണ് നിങ്ങള്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായി ചര്‍ച്ച ചെയ്തത്; പി.ആര്‍.ഡി.യുടെ പത്രക്കുറിപ്പില്‍ അത് പരാമര്‍ശിക്കുന്നില്ല. ധനകാര്യ വകുപ്പിന്റെയും കോര്‍പ്പറേറ്റ് അഫയേഴ്സിന്റെയും മന്ത്രിയായ നിര്‍മല സീതാരാമനുമായി നിങ്ങള്‍ എന്ത് അനൗദ്യോഗിക ചര്‍ച്ചയാണ് നടത്തിയത്; അത് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. ഞാന്‍ പാര്‍ലമെന്റ് അംഗമായിരുന്ന വ്യക്തിയാണ്. എ. കെ. ആന്റണിയും കെ.കരുണാകരനും മന്ത്രിമാരായിരുന്നപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ മന്ത്രിമാര്‍ കേന്ദ്രമന്ത്രിമാരായപ്പോഴാണ് അവര്‍ വന്നുകാണുന്നത്. എന്നാല്‍ ബി.ജെ.പി.-യിലെ മൂന്നാംസ്ഥാനം വഹിക്കുന്ന ധനകാര്യമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിയെ കേരള ഹൗസില്‍വന്ന് കാണണമെങ്കില്‍, അനൗദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍ അതിനകത്ത് രാഷ്ട്രീയം കാണുന്നതില്‍ എന്താണ് തെറ്റ്; അതിനകത്ത് കേരളത്തിലെ ഗവര്‍ണര്‍ ഒരു പാലമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഞങ്ങള്‍ പറഞ്ഞാല്‍ അതില്‍ തെറ്റുപറയാന്‍ സാധിക്കുമോ; ഇന്ത്യയിലെ ഗവര്‍ണര്‍മാര്‍ ഇന്ന് കളിക്കുന്ന രാഷ്ട്രീയം ചെറുതല്ല.
ഇന്ന് രാജ്ഭവന് മുന്നില്‍ സി.പി.ഐ.(എം.)-ന്റെ ഒരു സത്യാഗ്രഹം നടന്നു. ആ സത്യാഗ്രഹം കേന്ദ്രസര്‍ക്കാരിന് എതിരായിട്ടാണ്. മുഖ്യമന്ത്രി, അങ്ങ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ ആഭ്യന്തരമന്ത്രിക്കെതിരെയോ ഒരക്ഷരം പറഞ്ഞിട്ടുണ്ടോ; വിമര്‍ശിച്ചിട്ടുണ്ടോ; അവരുടെ നയങ്ങളെ നിങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ടോ; ഇപ്പോള്‍ അങ്ങേയ്ക്ക് കൂടുതല്‍ സൗകര്യമായി. ബി.ജെ.പി.-യും ആര്‍.എസ്.എസും ഫാസിസ്റ്റ് അല്ലെന്ന് 2016 മുതല്‍ എഴുതുന്ന പ്രകാശ് കാരാട്ടിന്റെ ലെെന്‍ അങ്ങയുടെ ലെെനായി മാറുന്നു. സീതാറാം യെച്ചൂരി ഉണ്ടായിരുന്നുവെങ്കില്‍ ഇൗ ലെെന്‍ അംഗീകരിക്കില്ലായിരുന്നു. ഇന്ന് ദേശീയതലത്തില്‍ ഇന്ത്യ മുന്നണിയോടൊപ്പം നില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന നിങ്ങള്‍ കേരളത്തില്‍ ബി.ജെ.പി.-യുമായി കെെകോര്‍ത്തുപിടിക്കാന്‍ ശ്രമിക്കുന്നതിന്റെ റിഹേഴ്സലാണ് ഡല്‍ഹിയില്‍ നടന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ആ റിഹേഴ്സല്‍ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല. ബി.ജെ.പി.-യുമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 69 സീറ്റുകളില്‍ ധാരണയുണ്ടാക്കി തുടര്‍ഭരണമുണ്ടാക്കിയ നിങ്ങള്‍ ആ സാഹചര്യം ഇനിയുമുണ്ടാക്കാമെന്ന് വിചാരിക്കേണ്ട. കേരളത്തിലെ ജനങ്ങള്‍ വിഡ്‌ഢികളല്ല എന്ന് തെളിയിക്കാന്‍ പോകുകയാണ്.

മുഖ്യമന്ത്രി പറയണം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ അക്രമങ്ങളും കൊലപാതകങ്ങളും നടന്ന കാലഘട്ടമുണ്ടായിട്ടുണ്ടോ; വര്‍ഗ്ഗീയകലാപമുണ്ടായി എന്ന് കെ. ടി. ജലീല്‍ പറഞ്ഞു. ഞങ്ങളുടെ ഭരണകാലത്ത് വര്‍ഗ്ഗീയകലാപമുണ്ടായിരുന്നോ; ഞങ്ങളുടെ കാലത്തും ഇവിടെ പാളയം പള്ളിയുണ്ടായിരുന്നു, ഞങ്ങളുടെ കാലത്തും ഇവിടെ തൊട്ടടുത്ത് ഗണപതി ക്ഷേത്രമുണ്ടായിരുന്നു. ഞങ്ങളുടെ കാലത്തും അപ്പുറത്ത് പള്ളിയുണ്ടായിരുന്നു കേരളത്തില്‍ വര്‍ഗ്ഗീയകലാപം ഉണ്ടാകാതിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ മതേതരബോധംകൊണ്ടാണ്, കേരളത്തിലെ ജനങ്ങളുടെ മതേതരവിശ്വാസം കൊണ്ടാണ്, കേരളത്തിലെ ജനങ്ങളുടെ മതനിരപേക്ഷത കൊണ്ടാണ്. അത് വളര്‍ത്തിയെടുത്തത് യു.ഡി.എഫ്.-ും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തന്നെയാണെന്നുള്ള കാര്യത്തില്‍ തര്‍ക്കം വേണ്ട.

Author

Leave a Reply

Your email address will not be published. Required fields are marked *