അധ്യയനവർഷം ആരംഭിക്കുന്ന ജൂൺ രണ്ടാം തീയതിയിൽ തന്നെ എല്ലാ വിഭാഗം അധ്യാപകരും വിദ്യാലയങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്ന വിധത്തിൽ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കിയതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
പൊതുവിദ്യാഭ്യാസ വകുപ്പിൽ ജില്ലകളിലും ഡയറക്ടറേറ്റിലുമായി ആകെ 23 വിദ്യാഭ്യാസ ഉപഡയറക്ടർ തസ്തികകൾ ആണ് നിലവിലുള്ളത്. ഇതുവരെ നിലവിൽ വന്ന എല്ലാ ഒഴിവുകളിലേയ്ക്കും സ്ഥാനക്കയറ്റം അല്ലെങ്കിൽ സ്ഥലംമാറ്റം മുഖേന ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. വകുപ്പിൽ ആകെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികയാണ് നിലവിലുള്ളത്. അതിൽ 30 തസ്തികകളിൽ വകുപ്പിലെ ഫീഡർ കാറ്റഗറിയിൽ നിന്നും പ്രൊമോഷൻ മുഖേനയാണ് നിയമനം. ഈ 30 തസ്തികയിൽ വിരമിക്കൽ, വിദ്യാഭ്യാസ ഉപഡയറക്ടർ തസ്തികയിലേയ്ക്കുള്ള പ്രൊമോഷൻ എന്നിവ മൂലം 13 ഒഴിവുകൾ നിലവിലുണ്ട്. ഈ ഒഴിവിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള സെലക്റ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി ചേർന്നു. ഈ കാലയളവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഒഴിവുകൾ നിലനിൽക്കുന്ന എല്ലാ ഓഫീസുകളിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് അധിക ചുമതല നൽകിയിട്ടുണ്ട്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ പ്രഥമാധ്യാപകർ തസ്തികയിൽ നിലവിലുള്ള 293 ഒഴിവുകളിലേക്ക് ജൂൺ രണ്ടാം തീയതിയിൽ എല്ലാ വിദ്യാലയങ്ങളിലും പ്രഥമാധ്യാപകരുടെ സേവനം ഉറപ്പാക്കുന്ന വിധത്തിൽ സ്ഥലംമാറ്റ/ സ്ഥാനക്കയറ്റ നടപടികൾ പൂർത്തീകരിക്കും. സംസ്ഥാനത്തെ 14 ഡയറ്റുകളിലേയ്ക്കും പ്രിൻസിപ്പൽമാരെ നിയോഗിക്കുന്നതിനുള്ള വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി കൂടുന്നതിന് തീരുമാനിച്ചു. വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡയറ്റ് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിനു വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി കൂടുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്‌സ് ഓഫീസർ, എ.പി.എഫ്.ഒ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്കുള്ള സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
8202 അപേക്ഷകളാണ് ജനറൽ ട്രാൻസ്ഫറിനായി ഈ വർഷം ലഭിച്ചത്. ഇതിൽ 4979 അധ്യാപകർക്ക് മറ്റു സ്‌കുളുകളിലേക്കും 3203 അധ്യാപകർക്ക് അവർ ജോലി ചെയ്യുന്ന സ്‌കൂളുകളിലും സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ വിരമിക്കൽ മുഖേന ഉണ്ടായ ഒഴിവിലെ നിയമനം ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ വിരമിക്കൽ മുഖേന ഉണ്ടായ ഒഴിവിലേക്ക് അധ്യയന വർഷം ആരംഭത്തിന് മുൻപ് തന്നെ നിയമനം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.