കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന രംഗത്ത് പുതുസംരംഭങ്ങള്‍ ഉയരുന്നു : മന്ത്രി കെ എന്‍ ബാലഗോപാല്‍

Spread the love

കാര്‍ഷിക രംഗത്തെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണ-വിപണന മേഖലയില്‍ പുതുസംരംഭങ്ങള്‍ ഉയരുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഹരിതശ്രീ’ സ്‌കൂളുകളില്‍ പോഷകത്തോട്ടം പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംരംഭങ്ങളിലൂടെ നാട്ടിലെ സാധാരണ ജനങ്ങള്‍ക്കും തൊഴില്‍ ലഭ്യമാവുകയാണ്. ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് കാര്‍ഷിക മേഖലയെ വിപുലീകരിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 സ്‌കൂളുകള്‍ക്ക് പച്ചക്കറി തൈകള്‍ നല്‍കി. പ്രദേശത്തെ മണ്ണിന്റെ വളകൂറ് കാര്യക്ഷമമായി വിനിയോഗിച്ച് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണം. ഡ്രാഗണ്‍ ഫ്രൂട്ട്, റമ്പൂട്ടാന്‍, പാഷന്‍ ഫ്രൂട്ട് എന്നീ ഫലവൃക്ഷത്തൈകള്‍ക്ക് വിപണിയില്‍ സ്വീകാര്യതയേറുന്നുവെന്നും അത്തരം ഫലവൃക്ഷത്തൈകള്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ വിതരണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൈലം ഡി.ഡബ്ലിയു. എച്ച്.എസ്.എസ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പച്ചക്കറി തൈകളും ജൈവവളവും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് എസ്. രഞ്ജിത്ത് അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് എ.ഡി.എ വി.എസ് സരിത പദ്ധതി വിശദീകരിച്ചു. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ്, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ ചെല്ലപ്പന്‍, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എ.അജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനു വര്‍ഗീസ്, എന്‍.മോഹനന്‍, കെ.എം. റെജി, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ബിജു ജോര്‍ജ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *