നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ കുളമാക്കി : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (15/07/2025).

കൊല്ലം:  നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ കുളമാക്കി. 13 സര്‍വകലാശാലകളില്‍ 12 സ്ഥലത്തും താല്‍ക്കാലിക വി.സിമാരാണ്. പല സര്‍ക്കാര്‍ കോളജുകളിലും പ്രിന്‍സിപ്പല്‍മാരില്ല. ഡിഗ്രി കോഴ്‌സുകള്‍ക്ക് കുട്ടികളില്ല. പല പി.ജി കോഴ്‌സുകളും

റദ്ദാക്കി. കുട്ടികള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. കേരള സര്‍വകലാശാലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി എന്തൊക്കെയാണ് നടക്കുന്നത്. ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ല. ഹാള്‍ വാടകയ്ക്ക് നല്‍കിയതിന്റെ പേരിലാണ് ഈ ബഹളങ്ങളൊക്കെ നടക്കുന്നത്. 2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. പുതിയ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. കുട്ടികളാണ് ഇരകളായി മാറുന്നത്. രാജ്ഭവനും ഗവര്‍ണര്‍ക്കും എതിരെ സമരം ചെയ്യുന്നവര്‍ സര്‍വകലാശാലകളിലേക്ക് പോകുന്നത് എന്തിനാണ്?

കേരളത്തില്‍ ആരെങ്കിലും അനങ്ങിയാല്‍ കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടുമെന്ന മുദ്രാവാക്യമാണ്. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ഇത് കേരളത്തിലെ ജനങ്ങളോട് പറയുന്നത്. പൊലീസിനെയും മാധ്യമ പ്രവര്‍ത്തകരെയും സ്വന്തം പാര്‍ട്ടിക്കാരെയും പ്രതിപക്ഷത്തെയും വെല്ലുവിളിക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍ തെരുവില്‍ ഇറങ്ങിയാല്‍ കാണിച്ചു തരാമെന്ന് മന്ത്രിമാരാണ് ഭീഷണിപ്പെടുത്തുന്നത്. ഇവരാരും മന്ത്രിമാര്‍ക്കെതിരെ സമരം ചെയ്തിട്ടില്ലാത്തതു പോലെയാണ് സംസാരിക്കുന്നത്. ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയതിനു പിന്നാലെ ഉന്നതവിദ്യാഭ്യാസരംഗവും അപകടകരമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തുകയാണ്. എന്നിട്ടും ഒന്നും ചെയ്യാതെ സര്‍ക്കാര്‍ നോക്ക് കുത്തിയായി നില്‍ക്കുകയാണ്.

വിമര്‍ശിക്കുന്നവരെ മോദി ദേശവിരുദ്ധര്‍ എന്നാണ് വിളിക്കുന്നത്. ഏറ്റവും നല്ല ആര്‍.എസ്.എസ് ഏജന്റ് പിണറായി വിജയനാണ്. മാസ്‌കറ്റ് ഹോട്ടലില്‍ ആരും അറിയാതെ സ്വകാര്യ കാറിലെത്തി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് വി.ഡി സതീശനല്ല, പിണറായി വിജയനാണ്. 1977-ല്‍ ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ചു വന്നതും വി.ഡി സതീശനല്ല, പിണറായി വിജയനാണ്. ഹൈവെ തകര്‍ന്നു വീണപ്പോള്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് പ്രതിനിധിയായ നിതിന്‍ ഗഡ്ക്കരിക്ക് സമ്മാനപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്. ഇ.ഡിയെയും സി.ബി.ഐയെയും ഭയന്ന് വിറച്ച് നില്‍ക്കുന്നതും വി.ഡി സതീശനല്ല, പിണറായി വിജയനാണ്. നിര്‍മ്മല സീതാരാമനുമായി പുട്ടും കടലയും കഴിക്കാന്‍ പോയപ്പോള്‍ ഗവര്‍ണറെ കൂടെക്കൂട്ടിയതും പിണറായി വിജയനാണ്.

ഇടതു മുന്നണിയിലെ പ്രതിസന്ധി ആരും വാര്‍ത്തയാക്കാത്തതു കൊണ്ടാണ്. നരേന്ദ്രമ മോദിയുടെ എന്‍.ഡി.എയിലുള്ള മന്ത്രി കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടി കേരളത്തില്‍ പാര്‍ട്ടി പിണറായി വിജയന്റെ എല്‍.ഡി.എഫിലെ ഘടകകക്ഷിയാണ്. അവര്‍ ഇപ്പോഴും ദേവഗൗഡയ്‌ക്കൊപ്പമാണ്. ഇവരെ ഒന്നും ചെയ്യരുതെന്ന് പിണറായി വിജയനോട് മുകളില്‍ നിന്നും വിളിച്ച് പറഞ്ഞിട്ടുണ്ട്.

ചില മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ പിടിക്കാന്‍ ശ്രമിച്ചിട്ടും ഒന്നും കിട്ടുന്നില്ല. സ്വന്തം പാര്‍ട്ടിയിലെ പി.കെ ശശിയുടെ രണ്ട് കാലും വെട്ടിയെടുക്കുമെന്ന് എസ്.എഫ്.ഐ നേതാവ് പറഞ്ഞതല്ലേ വാര്‍ത്ത. അല്ലാതെ നിങ്ങളുടെ സംഘടനാ പ്രവര്‍ത്തനം കുറച്ചു കൂടി നന്നാക്കണമെന്ന് മുതിര്‍ന്ന നേതാവ് പറയുന്നതാണോ വാര്‍ത്ത. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസിന്റെ കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലിയും വെട്ടുമെന്നാണ് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും മുദ്രാവാക്യം വിളിച്ചത്. അതൊന്നും വാര്‍ത്തയല്ല. ആദ്യം അതൊക്കെ വാര്‍ത്തയാക്ക്.

 

Author

Leave a Reply

Your email address will not be published. Required fields are marked *