സി.വി പത്മരാജൻ്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം

Spread the love

കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരാണ് സി.വി പത്മരാജന്‍ എന്ന പത്മരാജൻ വക്കീൽ. ഐക്യമാണ് ശക്തിയെന്ന സന്ദേശത്തിൻ്റെ പ്രയോക്താവ്. മാന്യവും സൗമ്യവുമായ രാഷ്ട്രീയത്തിൻ്റെ മുഖം.

ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും കെ.പി.സി.സി അധ്യക്ഷനായും മന്ത്രിയായും അസാമാന്യ നേതൃപാടവം കാട്ടിയ വ്യക്തിത്വമാണ് സി.വി പത്മരാജന്റേത്. ലീഡര്‍ കെ. കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും സി.വി പത്മരാജന്‍ കെ.പി.സി.സി അധ്യക്ഷനുമായിരുന്നു ഒരു കാലഘട്ടത്തിന് കോണ്‍ഗ്രസ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ സുവര്‍ണകാലഘട്ടമായിരുന്നു അത്.

കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്ത് സംഘടനാതലത്തിലേക്കും പ്രവര്‍ത്തകര്‍ക്കിടയിലേക്കും അസാമാന്യ ഊര്‍ജ്ജമാണ് സി.വി പത്മരാജന്‍ എന്ന നേതാവ് പ്രവഹിപ്പിച്ചിരുന്നത്. കെ.പി.സി.സിക്ക് സ്വന്തമായി ഒരു ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയതും പത്മരാജൻ വക്കീലിൻ്റെ കാലത്തായിരുന്നു. സംസ്ഥാനത്ത് ഉടനീളെ സഞ്ചരിച്ച് പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ച് തിരുവനന്തപുരം ശാസ്തമംഗലത്ത് വാങ്ങിയ സ്ഥലത്താണ് കേരളത്തിലെ ഓരോ കോണ്‍ഗ്രസുകാരന്റെയും ആത്മാഭിമാനത്തിന്റെ പ്രതീകമായി ഇന്ദിര ഭവന്‍ തലഉയര്‍ത്തി നില്‍ക്കുന്നത്.

കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും മാത്രമാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. വിയോജിപ്പുകള്‍ക്കിടയിലും യോജിപ്പിന്റേതായ വഴികളും അതിനു വേണ്ടിയുള്ള ഇടപെടലുകളുമായിരുന്നു പത്മരാജൻ വക്കീലിന്റെ രാഷ്ട്രീയ ലൈന്‍.

പത്മരാജന്‍ സാറിന്റെ പിന്തുണ ആവോളം ലഭിച്ച ഒരാളാണ് ഞാന്‍. അദ്ദേഹത്തെ പോലെ ദീര്‍ഘദര്‍ശികളും ബഹുമുഖപ്രതിഭകളുമായ നിരവധി നേതാളുടെ പിന്‍മുറക്കാരനാകാന്‍ സാധിച്ചത് തന്നെ വലിയൊരു ഭാഗ്യമാണ്. പാര്‍ട്ടിക്ക് കരുത്താകുന്ന പരിചയ സമ്പത്തുള്ള പത്മരാജന്‍ വക്കീലിൻ്റെ രാഷ്ട്രീയ ജീവിതം പുതുതലമുറയില്‍പ്പെട്ടവർക്ക് വഴികാട്ടിയാകുമെന്നതില്‍ സംശയമില്ല.

പത്മരാജൻ വക്കീലിൻ്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *