
കെ എസ് ആർ ടി സിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെ എസ് ആർ ടി സി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 100961 പേർ. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാൽ 5 ലക്ഷത്തോളം ട്രാവൽ കാർഡുകളാണ് കെ എസ് ആർ ടി സി ഉടൻ എത്തിക്കുന്നത്.73281 വിദ്യാർത്ഥികളും സ്മാർട്ട് ഓൺലൈൻ കൺസഷൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ട്. ഇത് ട്രാവൽ കാർഡ് പോലെ സ്മാർട്ട് കാർഡു രൂപത്തിൽ വിദ്യാർത്ഥികളുടെ കൈകളിൽ ലഭ്യമാക്കുന്നതിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് അധികൃതർ. കെ എസ് ആർ ടി സിയുടെ യാത്രാ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന ചലോ ആപ്പ് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഇതിനകം ഡൗൺലോഡ് ചെയ്തത്.പണം കൈവശമില്ലാത്തപ്പോഴും ട്രാവൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നത് യാത്രികർക്ക് ആശ്വാസമാണ്. 100 രൂപയാണ് ചാർജ്. കാർഡ് ലഭിച്ച ശേഷം റീചാർജ് ചെയ്ത് ഉപയോഗിക്കാം. ഒരു വർഷമാണ് ഒരു കാർഡിന്റെ കാലാവധി. കാർഡ് മറ്റൊരാൾക്ക് കൈമാറുന്നതിനും തടസമില്ല. വീട്ടിലുള്ള മറ്റുള്ളവർക്കും സുഹൃത്തുക്കൾക്കും ഉപയോഗിക്കാം. കാർഡ് പ്രവർത്തിക്കാതെയായാൽ തൊട്ടടുത്ത കെ. എസ്. ആർ. ടി. സി സ്റ്റാൻഡിലെത്തി അപേക്ഷ നൽകിയാൽ മതി. അഞ്ച് ദിവസത്തിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലുണ്ടായിരുന്ന തുക പുതിയതിൽ ലഭിക്കുകയും ചെയ്യും. എന്നാൽ കാർഡിന് കേടുപാട് സംഭവിച്ചാൽ പകരം കാർഡ് ലഭിക്കില്ല.കുറഞ്ഞത് 50 രൂപയ്ക്കും പരമാവധി 3000 രൂപയ്ക്കും കാർഡ് ചാർജ് ചെയ്യാം. 1000 രൂപ ചാർജ് ചെയ്താൽ 40 രൂപയും, 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റ് ആകും. ഇത് യാത്രക്കാർക്ക് കൂടുതൽ ലാഭകരമാണ്.