പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം.
അബദ്ധ പഞ്ചാംഗം പോലുള്ള വോട്ടര്‍ പട്ടിക ഉപയോഗിച്ച് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എങ്ങനെ നടത്തും? തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത് സി.പി.എം നേതൃത്വത്തിന്റെ ആഗ്രഹത്തിന് അനുസരിച്ച്; വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താനുള്ള സമയം 30 ദിവസമായെങ്കിലും ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ യു.ഡി.എഫ് നിയമപരമായി നേരിടും; ബി.ജെ.പി ദേശീയ നേതൃത്വം ഇടപെട്ടതു കൊണ്ടാണോ സര്‍വകലാശാലകളിലെ സമരാഭാസം സി.പി.എം അവസാനിപ്പിച്ചത്? ആരോഗ്യമന്ത്രി പറഞ്ഞതു പോലെ എല്ലായിടത്തും സിസ്റ്റത്തിന്റെ തകര്‍ച്ചയാണ്;ശ്രീനാരായണ ഗുരുദേവന്‍ എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞത് അത് പറയുന്നുവെന്ന പരാതി മാത്രമെ വെള്ളപ്പള്ളി നടേശനെക്കുറിച്ചുള്ളൂ; നൂറിലധികം സീറ്റുമായി ടീം യു.ഡി.എഫ് അധികാരത്തില്‍ വരും.
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജൂലൈ 23-ന് പ്രസിദ്ധീകരിച്ച തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുകളാണ്. കഴിഞ്ഞ തവണ വോട്ടു ചെയ്ത പലരുടെയും പേരുകളില്ല. മൂന്നും നാലും വര്‍ഷം മുന്‍പ് മരിച്ചവരുടെ പേരുകള്‍ ഇപ്പോഴും പട്ടികയിലുണ്ട്. ചില വോട്ടര്‍മാരുടെ പേരുകള്‍ അവര്‍ താമസിക്കുന്ന വാര്‍ഡില്‍ നിന്നും മാറ്റി മറ്റു വാര്‍ഡുകളില്‍ ഉള്‍പ്പെടുത്തി. ഒരു വീട്ടിലുള്ളവരുടെ വോട്ടുകള്‍ വ്യത്യസ്ത വാര്‍ഡുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവരശേഖരണത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ സി.പി.എം പ്രദേശിക നേതാക്കളുടെ സഹായത്തോടെയാണ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയത്. ചില വോട്ടര്‍മാര്‍ക്ക് മൂന്ന് വാര്‍ഡുകളില്‍ വോട്ടുണ്ട്. ഒരു തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പറില്‍ ഒന്നിലധികം വോട്ടുണ്ട്. വാര്‍ഡിന്റെ ഡീലിമിറ്റേഷന്‍ പൂര്‍ത്തിയാക്കി വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിട്ടും വാര്‍ഡിന്റെ സ്‌കെച്ച് നല്‍കിയിട്ടില്ല. എന്നിട്ടാണ് 15 ദിവസത്തിനുള്ളില്‍ വോട്ട് ചേര്‍ക്കണമെന്ന് പറയുന്നത്. ഇത് ഒരു കാലത്തും ഇല്ലാത്ത നിബന്ധനയാണ്. വാര്‍ഡിന്റെ അതിര്‍ത്തി അറിയാതെ എങ്ങനെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത്?
പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്കും, തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തിനും ഇടയില്‍ വോട്ടേഴ്സ് ലിസ്റ്റ് പരിഷ്‌കാരിക്കാന്‍ പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് ഇലക്ഷന്‍ നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതില്‍ യാതൊരു തടസവുമില്ല. എന്നിട്ട് എന്തിനാണ് 15 ദിവസമായി പരിമിതപ്പെടുത്തിയത് എന്തിനാണ്? ഒരാളുടെ പേര് ചേര്‍ക്കാനുള്ള പ്രക്രിയ തന്നെ നീണ്ടതാണ്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ ലഭിച്ചാല്‍ എന്‍ക്വയറിക്ക് കീഴുദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ഈ ഉദ്യോഗസ്ഥന്‍ എന്‍ക്വയറി നടത്തി വെബ്സൈറ്റില്‍ വിവരം അപ് ലോഡ് ചെയ്യണം. കൂടാതെ പല വിദ്യാര്‍ത്ഥികളും അന്യസംസ്ഥാനത്ത് അടക്കം വിദ്യാഭ്യാസത്തിന് പോയിട്ടുണ്ട്. അവര്‍ക്ക് നാട്ടില്‍ വന്ന് വോട്ടു ചേര്‍ക്കാനും കൂടുതല്‍ സമയം ആവശ്യമാണ്.
ഒരു സ്ഥലത്തില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റുന്നതും ശ്രമകരമായ പ്രക്രിയയാണ്. ഒരാളുടെ പേര് ഒരു സ്ഥലത്ത് പുതുതായി ചേര്‍ക്കുമ്പോള്‍ നിലവില്‍ വോട്ട് ഉള്ള സ്ഥലത്തില്‍ നിന്നും വോട്ട് നീക്കേണ്ടതുണ്ട്. ഇക്കാര്യം രണ്ടു സ്ഥലത്തെ ഇ.ആര്‍.ഒമാരും പരസ്പരം അറിയണം. ഇതിനൊക്കെ 15 ദിവസം മതിയാകില്ല. ഈ സാഹചര്യത്തില്‍ വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താനുള്ള സമയം 30 ദിവസമായെങ്കിലും ദീര്‍ഘിപ്പിക്കണം. അബദ്ധ പഞ്ചാംഗം പോലുള്ള വോട്ടര്‍ പട്ടിക ഉപയോഗച്ച് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തുന്നത്? ക്രമക്കേടുകള്‍ പരിഹരിക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സി.പി.എം നേതൃത്വത്തിന്റെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയല്ല.
ഒരു വേട്ട് മാത്രം ചെയ്യേണ്ട പാര്‍ലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒരു ബൂത്തില്‍ 1100 വോട്ടായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിജപ്പെടുത്തിയിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ റൂറല്‍ മേഖലകളില്‍ 1300 വോട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രായമായ ഒരാള്‍ വോട്ട് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കും. പോളിംഗ് ബൂത്തുകളുടെ എണ്ണവും കുറച്ചു. രാത്രി പത്തു മണി ആയാലും പോളിംഗ് തീരാത്ത തരത്തില്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത്. പുനപരിശോധിക്കാന്‍ കമ്മിഷന്‍ തയാറായില്ലെങ്കില്‍ യു.ഡി.എഫ് നിയമപരമായി നേരിടും.
ഹൈക്കോടതിയുടെ നിര്‍ദ്ദേശം പോലും ലംഘിച്ചാണ് വാര്‍ഡ് വിഭജനം നടത്തിയത്. സി.പി.എമ്മിന്റെ സൗകര്യത്തിനു വേണ്ടിയാണ് ഡീലിമിറ്റേഷന്‍ നടത്തിയത്. അതിനെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷനും കൂട്ടുനിന്നു. പരാതികള്‍ പോലും പരിശോധിക്കാതെയാണ് കമ്മിഷന്‍ തീരുമാനം എടുത്തിരിക്കുന്നത്. അങ്ങനെയെങ്കിലും ജയിക്കാന്‍ പറ്റുമോയെന്നാണ് സി.പി.എം നോക്കുന്നത്. ബിഹാറില്‍ വോട്ടര്‍ പട്ടിക അട്ടിമറിച്ചതിനെതിരെ ഡല്‍ഹിയില്‍ സമരം നടക്കുകയാണ്. ഇവിടെയും അതു തന്നെയാണ് നടക്കുന്നത്. സി.പി.എമ്മുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് പല തദ്ദേശ സെക്രട്ടറിമാരും സി.പി.എം നേതാക്കള്‍ക്ക് പട്ടിക ചോര്‍ത്തിക്കൊടുത്തു. കേരള ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത തരത്തിലുള്ള അട്ടിമറിയാണ് നടന്നിരിക്കുന്നത്.
സര്‍വകലാശാലകളില്‍ നടന്ന സമരം വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണെന്നാണ് സി.പി.എം നേതാക്കള്‍ പറഞ്ഞിരുന്നത്. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ ആരും അറിയാതെ അവസാനിച്ചത്? സി.പി.എമ്മും എസ്.എഫ്.ഐയും വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം അവസാനിപ്പിച്ചോ? രാത്രിക്ക് രാത്രി എങ്ങനെയാണ് ഒത്തുതീര്‍പ്പുണ്ടാകുന്നത്? എപ്പോഴും ഒത്തുതീര്‍പ്പാണെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. സര്‍ക്കാര്‍ എപ്പോഴൊക്കെ പ്രതിസന്ധിയിലാകുമോ അപ്പോഴൊക്കെ ഗവര്‍ണര്‍ പ്രശ്‌നമുണ്ടാക്കും. അതിനു പിന്നാലെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സമരം നടത്തും. പിന്നീട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കൂടിക്കാഴ്ചയും മധുരപലഹാര വിതരണവും നടത്തും. ഇരുട്ടിന്റെ മറവിലാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സര്‍വകലാശാലയിലെ പോരാട്ടം അവസാനിപ്പിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ ഉണ്ടായിരുന്നപ്പോള്‍ നടത്തിയ നാടകമാണ് പുതിയ ഗവര്‍ണര്‍ വന്നപ്പോഴും തുടരുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കും. ബി.ജെ.പി ദേശീയ നേതൃത്വം ഇടപെട്ടാണോ പ്രശ്‌നം തീര്‍ത്തതെന്ന് സമര നാടകം കണ്ട ജനങ്ങളോട് സര്‍ക്കാര്‍ വ്യക്തമാക്കണം. പൊതുജനങ്ങളെ വിഡ്ഢികളാക്കരുത്. ആരോഗ്യ മേഖലയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് സര്‍വകലാശാലകളില്‍ സമരാഭാസം നടത്തിയത്. സെനറ്റ് ഹാള്‍ മതസംഘടനയ്ക്ക് വാടകയ്ക്ക് കൊടുത്തത് എന്തിനു വേണ്ടിയാണ്? ചാന്‍സിലര്‍ വരുന്ന പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ക്ക് എന്ത് അധികാരമാണുള്ളത്. എല്ലാം നാടകമായിരുന്നു. രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവിനെ കൊണ്ടു വന്ന് മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചപ്പോള്‍ ഈ സര്‍ക്കാരോ മുഖ്യമന്ത്രിയോ ഒന്നും മിണ്ടിയില്ല. പ്രതിപക്ഷം പ്രതിഷേധിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല.
മോഹന്‍ കുന്നുമ്മല്‍ ആര്‍.എസ്.എസുകാരനാണെങ്കില്‍ അദ്ദേഹത്തെ ആരോഗ്യ സര്‍വകലാശാലയുടെ വി.സിയാക്കിയത് പിണറായി സര്‍ക്കാരല്ലേ? അയാള്‍ ആര്‍.എസ്.എസ് ആണോയെന്ന് അന്ന് അന്വേഷിച്ചില്ലേ? വി.സി ആയതിനു ശേഷമാണോ അയാള്‍ ആര്‍.എസ്.എസ് ആയത്. ഈ ചോദ്യങ്ങള്‍ക്കൊന്നും ഒരു ഉത്തരവും നല്‍കുന്നില്ല. മറുപടി ഇല്ലാത്ത കാര്യങ്ങളില്‍ മൗനം പാലിക്കുക എന്നതാണ് സ്ഥിരം രീതി.
ഉമ്മന്‍ ചാണ്ടിയും വി.എസും മുന്‍ മുഖ്യമന്ത്രിമാരാണ്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട ആവശ്യമില്ല. ഉമ്മന്‍ ചാണ്ടിയുടെ മൃതശരീരവും വഹിച്ചുള്ള വാഹനം എം.സി റോഡിലൂടെ കേട്ടയത്ത് പോയി അവിടെ സംസ്‌ക്കാരം നടത്തി. വി.എസിന്റേത് എന്‍.എച്ചിലൂടെ പോയി ആലപ്പുഴയില്‍ സംസ്‌ക്കരിച്ചു. അത്രയും വ്യത്യാസം മാത്രമെയുള്ളൂ. രണ്ടു പേരോടും ജനങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. അതിന്റേതായ ആദരവ് നല്‍കി. പലകാരണങ്ങള്‍ കൊണ്ടും പൊതുസമൂഹത്തിന് ഇരുവരോടും ബഹുമാനമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ചാനലില്‍ ഇരുന്ന് പറഞ്ഞ ആള്‍ക്കെതിരെയും ഫേസ്ബുക്കില്‍ വൃത്തികെട്ട പോസ്റ്റിട്ട ആള്‍ക്കെതിരെയും ഒരു കേസും എടുത്തിട്ടില്ല. വി.എസ് അച്യുതാനന്ദനെതിരെ പോസ്റ്റിട്ടവരെ വീട്ടില്‍ പോയി അറസ്റ്റു ചെയ്തു. വിതുരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സഹോദരനെ ആംബലന്‍സില്‍ കയറ്റിയതെന്നും ആരും തടഞ്ഞിട്ടില്ലെന്നും സഹോദരങ്ങള്‍ പറഞ്ഞിട്ടും സി.പി.എം കള്ളപ്രചരണം നടത്തി. കള്ളപ്രചരണത്തിന് ബലം നല്‍കാനാണ് പൊലീസ് കള്ളക്കേസെടുത്തത്. കാര്യം മനസിലായതു കൊണ്ട് കോടതി ജാമ്യം നല്‍കി. രോഗിയെ ആംബുലന്‍സിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പോലും മാധ്യമങ്ങളുടെ പക്കലുണ്ട്. പൊലീസ് തോന്നിയ പോലെ പ്രവര്‍ത്തിക്കുകയാണ്. എല്ലായിടത്തും സിസ്റ്റത്തിന്റെ തകര്‍ച്ചയാണ്. എത്ര മനോഹരമായ മറുപടിയാണ് ആരോഗ്യമന്ത്രി പറഞ്ഞത്. അത് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പിന് പുറമെ വിദ്യാഭ്യാസ ആഭ്യന്തര വകുപ്പുകളിലും ജയിലിലും സിസ്റ്റത്തിന് തകരാറാണ്. ടി.പി കേസിലെ പ്രതികള്‍ക്കൊപ്പം ഗോവിന്ദച്ചാമിയും സര്‍ക്കാരിന് പ്രിയപ്പെട്ട ആളായിരുന്നെന്ന് ഇന്നലെയാണ് മനസിലായത്. ഒരു കൈക്ക് സ്വാധീനമുള്ളയാള്‍ ടാര്‍സനേക്കാള്‍ വലിയ ജയില്‍ ചാട്ടമാണ് നടത്തിയത്. എല്ലാം സിസ്റ്റത്തിന്റെ തകര്‍ച്ചയാണ്. ലോകം എവിടെ എത്തിയെന്ന് അറിയാത്ത കാലഹരണപ്പെട്ട സര്‍ക്കാരാണിത്.
വെള്ളാപ്പള്ളിക്ക് മറുപടിയില്ല. എന്റെ നിയോജക മണ്ഡലത്തിലെ 52 ശതമാനം വോട്ടര്‍മാരും ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. എന്നെ ഏറ്റവും അടുത്ത് അറിയാവുന്നത് എന്റെ മണ്ഡലത്തിലെ വോട്ടര്‍മാരാണ്. ഞാന്‍ എന്ത് ഈഴവ വിരോധമാണ് പറഞ്ഞത്? ഞാന്‍ ശ്രീനാരായണ ഗുരുദേവനെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വിശ്വസിക്കുന്ന ശ്രീനാരായണ പ്രചാരകന്‍ കൂടിയാണ്. ശ്രീനാരായണ ഗുരുദേവന്‍ എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞിരിക്കുന്നത് അത് അദ്ദേഹം പറയുന്നു എന്ന പരാതി മാത്രമെ വെള്ളപ്പള്ളി നടേശനെക്കുറിച്ചുള്ളൂ. ആര് കേരളത്തില്‍ വര്‍ഗീയത പറഞ്ഞാലും അതിനെ എതിര്‍ക്കും. വിദ്വേഷ കാമ്പയിന്‍ നടത്താന്‍ ആര് ശ്രമിച്ചാലും അതിനെതിരെ പറയും. തിരഞ്ഞെടുപ്പിന് യു.ഡി.എഫ് തയാറെടുക്കുകയാണ്. നൂറിലധികം സീറ്റുമായി ടീം യു.ഡി.എഫ് അധികാരത്തില്‍ വരും.