കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമത്തിലും ജയിലിൽ അടച്ച സംഭവത്തിലും കെപിസിസി ശക്തമായി പ്രതിഷേധിക്കുന്നു : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ

Spread the love

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയവർക്ക് എതിരെ കർശന നടപടിയെടുക്കണം. വാദികളെ പ്രതികളാക്കുന്ന നടപടിയിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് ചെർപ്പുളശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ അക്രമം ഒറ്റപ്പെട്ട സംഭവമല്ല . നേരത്തെ ഒഡീഷ്യയിലും ജബൽ പൂരിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവത്തിൽ കെപിസിസി ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികളാണ് ബിജെപിയും അവർക്കൊപ്പം നിൽക്കുന്ന പാർട്ടികളും ചെയ്യുന്നത്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരും അവർക്കു പിന്തുണയാകുന്ന സംസ്ഥാന സർക്കാരുകളും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് . ബിജെപിയുടെ ഭരണഘടന വിരുദ്ധവും പക്ഷപാതപരമായ നിലപാടിനുമുള്ള പ്രകടമായ തെളിവാണിത്.കേന്ദ്ര സർക്കാരും അനുബന്ധ സർക്കാരുകളും കുറ്റവാളികൾക്ക് സഹായം ചെയ്യുമ്പോൾ പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ് . ഇതിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉയരണം. കോൺഗ്രസ് എംപിമാരും പ്രതിപക്ഷവും ഇതിനെതിരെ ശക്തമായി രംഗത്ത് വരും. ബന്ധുക്കൾക്കൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയവരെ സ്വീകരിക്കാനായി എത്തിയ കന്യാസ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. ഭരണഘടന നൽകുന്ന അവകാശം പോലും നിഷേധിക്കുന്ന നിലപാടാണിത്. ക്രിസ്തുമസിന് കേക്കും മറ്റും വിതരണം ചെയ്യുന്ന ബിജെപിയുടെ ഉള്ളിൽ വർഗീയതയും മതവിദ്വേഷവും ആണുള്ളത് . പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ ഇക്കാര്യത്തിൽ മൗനം വെടിയണണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വൈസ് ചാൻസലർമാർ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കുന്നത് തെറ്റാണെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *