ഛത്തിസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീയുടെ അങ്കമാലി ഇളവൂരിലെ വസതി സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. (28/07/2025).
ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നു; രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നവരാണ് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളില്‍ കേക്കുമായി എത്തുന്നത്; സംഘ്പരിവാര്‍ ശ്രമിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പിന്.
കൊച്ചി (അങ്കമാലി) : ഛത്തിസ്ഗഢില്‍ നിസാരമായ കാരങ്ങള്‍ പോലുമില്ലാതെയാണ് രണ്ട് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. അതില്‍ ഉള്‍പ്പെട്ട കന്യാസ്ത്രീയുടെ പ്രായമായ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചു. അവരൊക്കെ ഉത്കണ്ഠയിലാണ്. രാജ്യത്ത് ഉടനീളെ ഇത്തരം സംഭവങ്ങളുണ്ടാകുകയാണ്. നിരന്തരം വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുകയാണ്. ഇതിന് മുന്‍പും ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലും ഉത്തര്‍ പ്രദേശിലും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സഭാ 
വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. രാജ്യത്ത് ഉടനീളെ ഈ ആക്രമണങ്ങള്‍ നടക്കുമ്പോഴാണ് കേരളത്തില്‍ ഈസ്റ്ററിനും ക്രിസ്മസിനും കേക്കുമായി പോകുന്ന കാപട്യം നടക്കുന്നത്. രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് ക്രൈസ്തവ സമൂഹമാണ്. ക്രിസ്മസ് ആരാധനയും പ്രാര്‍ത്ഥനാ കൂട്ടായ്മയും തടസപ്പെടുത്തുകയാണ്. വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിക്കുന്നതിന് പൊലീസും കൂട്ടുനില്‍ക്കുകയാണ്. എല്ലാ രേഖകളോടും കൂടി യാത്ര ചെയ്തവരെയാണ് ടി.ടി ബെജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വിളിച്ചു വരുത്തി പൊലീസിനെ ഏല്‍പ്പിച്ചത്. അവരെ ജയിലില്‍ നിന്നും മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുകയാണ്. അവരെ അടിയന്തിരമായി മോചിപ്പിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നിരന്തരമായി ആവര്‍ത്തിക്കപ്പെടുകയാണ്. വിഷയം പാര്‍ലമെന്റിലും അവതരിപ്പിച്ചിട്ടുണ്ട്. മഞ്ഞുമ്മലിലെ 90 വയസുള്ള അച്ചനും ക്രൂരമായാണ് ആക്രമിക്കപ്പെട്ടത്. എന്നിട്ടാണ് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ കേക്കുമായി കേരളത്തില്‍ വരുന്നത്. രാജ്യവ്യാപകമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. അസമില്‍ ക്രൈസ്തവ സ്‌കൂളുകളിലെ ചിത്രങ്ങളും പ്രതിമകളും മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് ശത്രുക്കളാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.