
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ കരുത്തിൽ നവോത്ഥാനത്തിന്റെ പാതയിൽ സഞ്ചരിച്ചിരുന്ന എഴുത്തുകാരനായിരുന്നു പ്രൊഫ. എം.കെ.സാനുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് തന്റെയടുത്ത് സാനുമാഷ് സംസാരിക്കുകയും പെരുമാറുകയും ചെയ്തിട്ടുള്ളതെന്നും കെ.സി.വേണുഗോപാൽ ഓർത്തു.
വിദ്യാർത്ഥിയായിരുന്ന കാലഘട്ടം മുതൽക്ക് വായിച്ച് മനപാഠമാക്കിയ ഒട്ടേറെ ജീവചരിത്രങ്ങളയൊക്കെ വിമർശനകലയുടെ തൂലിക കൊണ്ട് നിഷ്പ്രഭമാക്കിയൊരാൾ പിന്നീട് എഴുത്തിന്റെ സഹ്യസാനുവായി നമുക്ക് മുന്നിൽ തെളിഞ്ഞുവരികയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഏകാന്തവീഥിയിലെ അവധൂതനും ഉറങ്ങാത്ത മനീഷിയുമൊക്കെ ഇന്നും റഫറൻസ് പുസ്തകങ്ങളായി നമ്മുടെ ഷെൽഫുകളിൽ ഇടം പിടിച്ചിട്ടുള്ളതും. അതുകൊണ്ടാണ് അദ്ദേഹം നമുക്ക് സാനു മാഷ് ആയതുമെന്നും വേണുഗോപാൽ അനുസ്മരിച്ചു.
മലയാള സാഹിത്യത്തിലേക്ക് വിമര്‍ശനത്തിന്റെ കാറ്റും വെളിച്ചവും ആദ്യമായി കടത്തിവിട്ടത് എം.കെ.സാനുയായിരുന്നു. യാദൃശ്ചികമെന്നോണം തന്റെ ആദ്യ വിമര്‍ശനഗ്രന്ഥത്തിന് കാറ്റും വെളിച്ചവും എന്ന് മാഷ് തന്നെ പേരുമിട്ടു. അതൊരു തുടക്കം മാത്രമായിരുന്നു. സാഹിത്യം, കല, നാടകം, സോഷ്യലിസം, ജനാധിപത്യം, സാഹോദര്യം, സമഭാവന, നീതിശാസ്ത്രം, ദേശീയത, തത്വചിന്ത, പരിസ്ഥിതി തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട സകലതിനെക്കുറിച്ചും നിരന്തരം മനനംചെയ്ത് രൂപപ്പെടുത്തിയെടുക്കുന്ന ആശയങ്ങൾ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും അനുവാചകരിലേക്ക് സന്നിവേശിപ്പിക്കുന്നത് വഴി അദ്ദേഹം സമാനതകളില്ലാതെ നിലകൊള്ളുകയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ കരുത്തിൽ നവോത്ഥാനത്തിന്റെ പാതയിലാണ് ഇക്കാലമത്രയും മാഷ് സഞ്ചരിച്ചത്.
പ്രായം തൊണ്ണൂറുകളുടെ അവസാനമെത്തി നിൽക്കുമ്പോഴും എഴുത്തിന്റെ വീഥിയിൽ നിന്ന് വിശ്രമത്തിന്റെ പാതയിലേക്ക് നടക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. അവസാനം വരെയും കൈയിലോ മനസ്സിലോ ഒരു തൂലികയില്ലാതെ അത് സാനു മാഷാവില്ലല്ലോ. തിരികെ വരുമെന്ന് കരുതിയിരുന്നെങ്കിലും വേദനയോടെ ആ വാർത്ത ഉൾക്കൊള്ളാൻ വിധിക്കപ്പെട്ടവരാകുകയാണ് നമ്മളെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.