കോഴിക്കോട് : വിസ്മയങ്ങളുടെ ലോകം തീര്‍ത്ത് നാലര പതിറ്റാണ്ടിലേറെക്കാലം മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ മാന്ത്രിക ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശനവും വിദ്യാര്‍ത്ഥികളുമായുള്ള സ്‌നേഹസംവാദവും ഇന്ന് (വ്യാഴം) ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നടക്കും. പിതാവിനോടുള്ള ആദരവായി ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന ‘ഇല്ല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ സ്‌നേഹ സംവാദപരിപാടി.
ഇന്ന് ഉച്ചയ്ക്ക് 1നാണ് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയില്‍ ‘ഗോപിനാഥ് മുതുകാട്- മാജിക്കിന്റെ 45 വര്‍ഷങ്ങള്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശന ശേഷം മൈ പാരന്റ്‌സ് മൈ ഹീറോസ് എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കും. മാജിക്കിന്റെ ലോകത്തുനിന്ന് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞതിനെക്കുറിച്ചും, കാസര്‍ഗോഡില്‍ നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് എന്ന സ്ഥാപനത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കും. ജീവിതവിജയങ്ങള്‍ക്കായുള്ള ഓട്ടത്തിനിടയിലും നന്മയും സ്‌നേഹവും എങ്ങനെ നിലനിര്‍ത്തി ഒരു ഇന്‍ക്ലൂസീവ് സമൂഹം കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ നേരിട്ട് കേള്‍ക്കാനും സംശയങ്ങള്‍ ചോദിക്കാനും ഇത് ഒരു അസുലഭ അവസരമാകും.
ഗോപിനാഥ് മുതുകാടിന്റെ പിതാവ് കുഞ്ഞുണ്ണി നായരോടുള്ള ആദരവായി സംഘടിപ്പിക്കുന്ന ‘ഇല്ല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ മാന്ത്രിക ഷോ ശനിയാഴ്ച വൈകുന്നേരം 5.30-ന് പ്രൊവിഡന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്ത മാന്ത്രികന്‍ പി.സി. സര്‍ക്കാര്‍ ജൂനിയര്‍ മുഖ്യാതിഥിയാകും. 45 വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട്ടെ തന്റെ ആദ്യ പൊതുവേദിയിലെ പ്രകടനത്തില്‍ ഒപ്പമുണ്ടായിരുന്ന കലാകാരന്മാര്‍ക്കൊപ്പം വീണ്ടും വേദിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ ഷോയ്ക്കുണ്ട്.
Ajith V Raveendran