തൃശൂർ: ആരോഗ്യ മേഖലയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂബിലി മിഷൻ ഹോസ്പിറ്റലിൽ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ധനസഹായം നൽകി. ആശുപത്രിയിലെ മെഡിക്കൽ ഐസിയു, പ്രധാന ഓഫീസുകൾ എന്നിവ പ്രവർത്തിക്കുന്ന സെന്റ് തോമസ് ബ്ലോക്കിലേക്ക് 250 കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. ആശുപത്രിയിൽ ഹരിതോർജ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതി വിഹിതം ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽനിന്നും വകയിരുത്തി. ആശുപത്രിയിൽ നടന്ന ചടങ്ങ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വലിയൊരു ജനസമൂഹത്തിന്റെ ആരോഗ്യ ക്ഷേമത്തിൽ അത്താണിയായി പ്രവർത്തിക്കുന്ന ജൂബിലി മിഷൻ ഹോസ്പിറ്റലുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് വി ജെ കുര്യൻ പറഞ്ഞു. പതിറ്റാണ്ടുകളായി ആരോഗ്യ സേവന രംഗത്ത് കർമനിരതമാണ് ജൂബിലി മിഷൻ ഹോസ്പിറ്റൽ. സമൂഹത്തിലെ നിർധനരായ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മിതമായ നിരക്കിൽ ആധുനിക വൈദ്യശുശ്രൂഷ ലഭ്യമാക്കുകയും ആരോഗ്യ സേവനങ്ങൾ നാടിന്റെ താഴെ തട്ടിൽവരെ എത്തിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഹോസ്പിറ്റലിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന സേവന പ്രവർത്തനങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയ്യുന്നതെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ സിഎസ്ആർ തുക വിനിയോഗിച്ചു അനവധി പദ്ധതികൾ പൂർത്തിയാക്കിയെന്നും വി ജെ കുര്യൻ പറഞ്ഞു.
ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ ചെയർമാനും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാദർ റെന്നി മുണ്ടൻകുരിയൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആന്റോ ജോർജ് ടി, സീനിയർ ജനറൽ മാനേജർ മിനു മൂഞ്ഞേലി എന്നിവർ പ്രസംഗിച്ചു.
Photo Caption: ജൂബിലി മിഷൻ ഹോസ്പിറ്റലിൽ സ്ഥാപിക്കുന്ന ആധുനിക സോളാർ പ്ലാന്റിലേക്കുള്ള ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി ജെ കുര്യൻ നിർവഹിക്കുന്നു. ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ ചെയർമാനും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, ഡയറക്ടർ റവ. ഫാദർ റെന്നി മുണ്ടൻകുരിയൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആന്റോ ജോർജ് ടി, സീനിയർ ജനറൽ മാനേജർ മിനു മൂഞ്ഞേലി എന്നിവർ സമീപം.
Anu Maria Thomas