കെപിസിസി ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് വാര്‍ഡ്തല ഭവനസന്ദര്‍ശനത്തിനും ഫണ്ട് ശേഖരണത്തിനും തുടക്കമായി

പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം മറയ്ക്കാനുള്ള പുകമറയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ്സ് സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി ആഹ്വാനം ചെയ്ത വാര്‍ഡ്തല ഭവനസന്ദര്‍ശനത്തിനും ഫണ്ട് ശേഖരണത്തിനും പേരാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ തുടക്കം കുറിച്ച് കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തട്ടിക്കൂട്ട് പരിപാടിയാണ് സര്‍ക്കാര്‍ നടത്താന്‍ പോകുന്നത്. കേരളത്തിന് ഒരു പ്രയോജനവുമില്ല. കോടികണക്കിന് രൂപ ചെലവഴിച്ച് നടത്തിയ സർക്കാരിൻ്റെ പി ആർ പരിപാടികളായ നവകേരള സദസിന്റെയും കേരളീയത്തിൻ്റെയും ഭാഗമായി ഒരു പദ്ധതി പോലും സംസ്ഥാനത്ത് നടപ്പാക്കിയില്ല. എത്ര കോടി നവകേരള സദസിന് വേണ്ടി ചെലവാക്കിയെന്നതിന് വ്യക്തയില്ല. ആ യാത്രയുടെ പേര് തന്നെ ജനങ്ങള്‍ മറന്നു. ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കുകയാണ് സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണകാലാവധി അവസാനിക്കുകയാണ്. ഇനിയാണോ വികസനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അവരുടെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണപരാജയം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതനുസരിച്ചുള്ള ജനവിധിയാണ് തെരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്നത്. അതിനെ എന്തെങ്കിലും പുകമറ കൊണ്ട് തടയാമെന്നാണ് പിണറായി സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അതു നടക്കില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കോണ്‍ഗ്രസ് നടത്തുന്ന ഭവനസന്ദര്‍ശനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം തുറന്നുകാട്ടുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെപിസിസി ആഹ്വാനം ചെയ്ത ഭവനസന്ദര്‍ശനത്തിനും ഫണ്ട് ശേഖരണത്തിനും തുടക്കമായി.കണ്ണൂര്‍ പേരാവൂര്‍ നിയമസഭാ മണ്ഡലത്തിലെ പായം കോണ്‍ഗ്രസ് മണ്ഡലത്തിലെ തന്തോട് വാര്‍ഡിലും വള്ളിത്തോട് മണ്ഡലം, അയ്യംകുന്ന് മണ്ഡലം എന്നിവിടങ്ങളിലെയും ഭവനസന്ദര്‍ശനത്തിനും ഫണ്ട് ശേഖരണത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേതൃത്വം നല്‍കി.ഓഗസ്റ്റ് 30ന് ആറളം മണ്ഡലം, ചാവശ്ശേരി മണ്ഡലം, ഓഗസ്റ്റ് 31ന് ഇരിട്ടി മണ്ഡലം,കീഴ്പ്പള്ളി മണ്ഡലം, സെപ്റ്റംബര്‍ ഒന്നിന് മുഴക്കുന്ന് മണ്ഡലം, കാണിച്ചാര്‍ മണ്ഡലം, കേളകം മണ്ഡലം, സെപ്റ്റംബര്‍ രണ്ടിന് കരിക്കോട്ടക്കരി മണ്ഡലം, പേരാവൂര്‍ മണ്ഡലം, കൊട്ടിയൂര്‍ മണ്ഡലം എന്നിവിടങ്ങളിലെ ഭവനസന്ദര്‍ശനത്തിന് സണ്ണി ജോസഫ് നേതൃത്വം നല്‍കും.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ വണ്ടൂര്‍ പഞ്ചായത്തിലും പിസി വിഷ്ണുനാഥ് ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ ആശുപത്രിമുക്ക് നാലാം വാര്‍ഡിലും ഷാഫി പറമ്പില്‍ വടകര മുനിസിപ്പാലിറ്റിയിലെ എടോടി 25-ാം വാര്‍ഡിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കര നഗരസഭയിലെ കുലശേഖരനല്ലൂര്‍ വാര്‍ഡിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം മുന്‍സിപ്പാലിറ്റിയിലെ 29-ാം വാര്‍ഡിലും കെസി ജോസഫ് വിജയപുരം പഞ്ചായത്ത് കളത്തിപ്പടി വാര്‍ഡിലും ഡീൻ കുര്യാക്കോസ് എം പി തൊടുപുഴയിലും അൻവർ സാദത്ത് എംഎൽഎ ആലുവായിലും സി ആർ മഹേഷ് എംഎൽഎ കരുനാഗപ്പള്ളിയിലും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ജോണ്‍സണ്‍ എബ്രഹാം കറ്റാനം മണ്ഡലത്തിലും ബിന്ദുകൃഷ്ണ കൊല്ലം കോര്‍പ്പറേഷനിലെ വടക്കും ഷാനിമോള്‍ ഉസ്മാന്‍ പുത്തനങ്ങാടി മണ്ഡലത്തിലും ഡിവിഷനിലും കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു അമ്പലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും പഴകുളം മധു ഏറത്ത് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും കെ.ജയന്ത് കോഴിക്കോട് നഗരസഭയിലെ 12-ാം വാര്‍ഡിലെ പാറോപ്പടിയും എഎ ഷുക്കൂര്‍ ആലപ്പുഴ കോസ്റ്റല്‍ മണ്ഡലത്തിലും കെപി ശ്രീകുമാര്‍ വള്ളിക്കുന്നം മണ്ഡലത്തിലും ടി.യു.രാധാകൃഷ്ണന്‍ അന്നമട പഞ്ചായത്തിലും ഭവനസന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.

മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആഗസ്റ്റ് 31ന് വഴുതക്കാട് മണ്ഡലത്തിലെ ജഗതി വാര്‍ഡിലെയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് 29ന് അടൂര്‍ മണ്ഡലത്തിലെയും ഭവനസന്ദര്‍ശനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ പങ്കാളിത്തത്തോടെ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയുള്ള തീയതികളില്‍ വാര്‍ഡ് തലത്തില്‍ ഭവന സന്ദര്‍ശനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് ചെലവിലേക്കുള്ള ഫണ്ട് സമാഹരണം ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്നത്. വിവിധ വാര്‍ഡുകളില്‍ നടന്ന ഭവനസന്ദര്‍സനങ്ങള്‍ക്ക് കെപിസിസി ഭാരവാഹികള്‍,ഡിസിസി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍,എംഎല്‍എമാര്‍,കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍,മുന്‍മന്ത്രിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളും കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിച്ച് കൊണ്ടാണ് ഭവനസന്ദര്‍ശനം പുരോഗമിക്കുന്നത്.