രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്ന ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ല – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (13/09/2025).

സി.പി.എം നേതൃത്വത്തിലുള്ളവര്‍ കൊള്ളക്കാരും കവര്‍ച്ചക്കാരുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പറഞ്ഞത് എല്ലാ വൃത്തികെട്ട ഇടപാടുകളിലും നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന്റെ തെളിവ്;ടി.പി കേസിലെ ക്രിമിനലുകള്‍ക്ക് മദ്യം വാങ്ങിക്കൊടുത്ത പൊലീസാണ് വിദ്യാര്‍ത്ഥി നേതാക്കളെ തീവ്രവാദികളെ പോലെ കോടതിയില്‍ ഹാജരാക്കിയത്; രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്ന ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ല; വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തില്‍ ബിഹാറിലേതു പോലെ ശക്തമായ പ്രക്ഷോഭം കേരളത്തിലും സംഘടിപ്പിക്കും.

കൊച്ചി :  സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി എത്രത്തോളം അധപതിച്ചെന്നാണ് തൃശൂരിലെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പറഞ്ഞത്. ജില്ലാ നേതൃത്വത്തിലുള്ളവര്‍ കവര്‍ച്ചാ സംഘമാണെന്നാണ് പറഞ്ഞത്. അപ്പോള്‍ സംസ്ഥാന നേതൃത്വത്തിലുള്ളത് കൊള്ളക്കാരാണെന്നാണ് അതിന്റെ അര്‍ത്ഥം. സി.പി.എം ജില്ലാ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ എല്ലാവിധ കളങ്കിത ഏര്‍പ്പാടുകളിലും പങ്കാളികളായി കോടീശ്വരന്മാരായി മാറിയിരിക്കുകയാണ്. ഭരണം സി.പി.എം ജില്ലാ എരിയാ നേതൃത്വങ്ങള്‍ക്ക് പങ്കുവച്ച് കൊടുത്തിരിക്കുകയാണ്. പൊലീസ് ഭരണവും അവരാണ്. എസ്.പിയെയും എസ്.എച്ച്.ഒയെയും നിയമിക്കുന്നത് അവരാണ്. സ്ഥലം നികത്തുന്നതില്‍ ഉള്‍പ്പെടെ എല്ലാത്തിനും കമ്മീഷനാണ്. എല്ലാ വൃത്തികെട്ട ഇടപാടുകളിലും കളങ്കിതമായ ഇടപാടുകളിലും സി.പി.എം നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പുറത്തുവന്നിരിക്കുന്നത്.

കരുവന്നൂരില്‍ 400 കോടിയിലധികം രൂപയാണ് പാവങ്ങള്‍ക്ക് നഷ്ടമായത്. ഓപ്പറേഷനോ മകളുടെ വിവാഹമോ നടത്താനാകാതെ പാവങ്ങള്‍ പൊട്ടിക്കരയുകയാണ്. വീട് വയ്ക്കാന്‍ നിക്ഷേപിച്ച പണവും നേതാക്കള്‍ കൊള്ളയടിച്ചു. ഇ.ഡിയുടെ അന്വേഷണം എവിടെപ്പോയി? പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇപ്പോള്‍ കഴുത്തില്‍ പിടിമുറുക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ്. തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ഭീഷണിപ്പെടുത്തി ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിപ്പിച്ചു. ഗുരുതര അഴിമതി കേസുകളില്‍ പ്രതികളാകേണ്ടവരാണ് സി.പി.എം ജില്ലാ നേതൃത്വത്തില്‍ ഇരിക്കുന്നത്. ഇതുതന്നെയാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വങ്ങളിലുമുള്ളത്. കൊള്ളക്കാരുടെയും കവര്‍ച്ചക്കാരുടെയും നേതൃത്വമാണ് സി.പി.എം എന്നു പറഞ്ഞത് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയാണ്.

പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചിരിക്കുകയാണ്. കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരികയാണ്. പാര്‍ട്ടി നേതാക്കളുടെ അഴിമതി പുറത്തുവരുമെന്ന് ഭയപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവിനെ കള്ളക്കേസില്‍ പെടുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് തല്ലിക്കൊന്നെന്ന് കുടുംബമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ നേതാവിന് പോലും നിവൃത്തി ഇല്ലാത്ത സ്ഥിതിയാണ്. ഇന്നലെ കെ.എസ്.യു നേതാക്കളെ തലയില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കി. അവര്‍ തീവ്രവാദികളോ കൊടുംകുറ്റവാളികളോ ആണോ? എവിടേക്കാണ് കേരളത്തിലെ പൊലീസ് പോകുന്നത്? രാജാവിനേക്കാള്‍ രാജഭക്തി കാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. എല്ലാ വൃത്തികേടുകള്‍ക്കും അഴിമതിക്കും കൂട്ടു നില്‍ക്കുന്നവരാണ് ഈ ഉദ്യോഗസ്ഥര്‍. അവര്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കുന്നതു കൊണ്ടാണ് നേതാക്കളുടെ ആവശ്യപ്രകാരം കെ.എസ്.യുക്കാരെ കള്ളക്കേസില്‍ കുടുക്കി തീവ്രവാദികളെ പോലെ തയില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കിയത്. എന്ത് നീതിയാണ് കേരളത്തില്‍ നടപ്പാകുന്നത്? രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്ന എല്ലാ ഉദ്യോഗസ്ഥരും ചെവിയില്‍ നുള്ളിക്കോ. പണ്ടൊക്കെ എല്ലാം പൊറുക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം ഓര്‍ത്തുവയ്ക്കും. വൃത്തികേട് കാട്ടുന്ന ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ല. അത്രമാത്രം തോന്ന്യാസവും അസംബന്ധവുമാണ് കാട്ടുന്നത്. വിദ്യാര്‍ത്ഥി നേതാക്കളെ തീവ്രവാദികളെ പോലെ തലയില്‍ തുണിയിട്ട് കോടതിയില്‍ കൊണ്ടുവരുന്ന കാടത്തം എവിടെയാണുള്ളത്? ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തിനാണ് മൗനം പാലിക്കുന്നത്? മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ മണ്ണില്‍ തലപൂഴ്ത്തി നില്‍ക്കുകയാണ്. ഭരണാധികാരിക്ക് ചേര്‍ന്നതല്ല മുഖ്യമന്ത്രിയുടെ മൗനം. നിങ്ങള്‍ക്ക് സംസാരിക്കാന്‍ ഭയവും പേടിയുമാണ്. നിങ്ങളുടെ വകുപ്പിലാണ് ഈ വൃത്തികേടുകളെല്ലാം നടന്നിരിക്കുന്നത്. കേട്ടുകേള്‍വിയില്ലാത്ത വൃത്തികേടുകളും അരാജകത്വവും അതിക്രമങ്ങളുമാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തിലെ പൊലീസിനെ തീവ്രവാദികളെ പോലെ നിങ്ങള്‍ മാറ്റി. നിങ്ങളുടെ പാര്‍ട്ടിക്കാരുടെ തോന്ന്യാസത്തിന് കൂട്ടു നില്‍ക്കുന്നതിനു വേണ്ടി കേരളത്തിലെ പൊലീസിനെ നിങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി. ഇതിനൊക്കെ നിങ്ങളെക്കൊണ്ട് ഉത്തരം പറയിക്കുക തന്നെ ചെയ്യും. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ തലയില്‍ തീവ്രവാദികളെ പോലെ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ കൊണ്ടുവന്നതിന് ഞങ്ങള്‍ മറുപടി പറയിക്കും. 51 വെട്ടുവെട്ടി ചന്ദ്രശേഖരനെ കൊന്ന പ്രതികളെ നിങ്ങള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടുപോയി മദ്യവും ഭക്ഷണവും വാങ്ങിക്കൊടുത്തു. എന്നിട്ടാണ് കള്ളക്കേസില്‍ കുടുക്കി വിദ്യാര്‍ത്ഥി നേതാക്കളുടെ തലയില്‍ തുണിയിട്ടതും കയ്യാമം വച്ചത്. അതിനൊക്കെ മറുപടി പറയിപ്പിക്കും.

വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തെ ശക്തമായി എതിര്‍ക്കും. നീതിപൂര്‍വവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഇതിനു പിന്നില്‍. ചേര്‍ക്കാനുള്ളവരുടേത് കൂടാതെ 52 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. കഴിഞ്ഞ 23 വര്‍ഷമായി വോട്ടു ചെയ്യുന്നവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഇല്ലാതാക്കുന്ന മായാജാലമാണ് എസ്.ഐ.ആര്‍. അതിനെ ശക്തമായി എതിര്‍ക്കും. ബിഹാറിലേതു പോലെ കേരളത്തിലും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *