മികച്ച പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം : പ്രഖ്യാപനം തിങ്കളാഴ്ച

Spread the love

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് തിരുവനന്തപുരത്ത് പൂർത്തിയായി. പുരസ്‌കാര പ്രഖ്യാപനം തിങ്കളാഴ്ച (സെപ്റ്റംബർ 15) തിരുവനന്തപുരത്തു നടത്തുമെന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ.സീമ അറിയിച്ചു. പുരസ്‌കാര വിതരണം സെപ്റ്റംബർ 16 വൈകന്നേരം 6 ന് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ടാഗോർ തിയേറ്ററിൽ നടക്കും. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ജി. ആർ.അനിൽ, ജന പ്രതിനിധികൾ, വകുപ്പ് മേധാവികൾ, പരിസ്ഥിതി ശാസ്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുക്കും. പുരസ്‌കാര ജേതാക്കളുടെ അവതരണം ചൊവ്വാഴ്ച രാവിലെ 10 മുതൽ ടാഗോർ തീയേറ്ററിൽ നടക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ, ദേവഹരിതം പച്ചത്തുരുത്ത്, മുളംതുരുത്ത്, കണ്ടൽ പച്ചത്തുരുത്ത്, കാവുകൾ എന്നീ വിഭാഗങ്ങളിലായി 145 പച്ചത്തുരുത്തുകളാണ് സ്‌ക്രീനിംഗിൽ പങ്കെടുത്തത്. ഓരോ വിഭാഗങ്ങളിലും മികച്ച പച്ചത്തുരുത്തുകൾ പ്രഖ്യാപിക്കും. പങ്കെടുത്ത എല്ലാവർക്കും ഉപഹാരവും സർട്ടിഫിക്കറ്റും നൽകും. പുരസ്‌കാര ദാന ചടങ്ങിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഒരു കോടി തൈകൾ നട്ടുപിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ വൃക്ഷവത്കരണ പരിപാടിയിൽ 60 ലക്ഷം പൂർത്തിയായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം. എബ്രഹാം നിർവ്വഹിക്കും. മികച്ച പച്ചത്തുരുത്തുകൾ, വേങ്ങോട് ആദ്യ പച്ചത്തുരുത്ത്, ടൈറ്റാനിയം പച്ചത്തുരുത്ത്, കണ്ടൽ പച്ചത്തുരുത്ത്, മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്ത്, കേളകം ഗ്രാമപഞ്ചായത്തിലെ പൂമ്പാറ്റകൾ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *