ചരമോപചാരം : പ്രതിപക്ഷ നേതാവിന്റെ പ്രസംഗം

Spread the love

വി.എസ് അച്യുതാനന്ദന്‍:

വി.എസ് അച്യുതാനന്ദന്റെ ജീവിതത്തിലൂടെ വിസ്മയകരമായ ഒരു രാഷ്ട്രീയ ജീവിതത്തെയാണ് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ നോക്കിക്കാണുന്നത്. ദുരിതപൂര്‍ണമായ ബാല്യവും കൗമാരവും സംഭവബഹുലമായ യുവത്വം പിന്നിട്ട് അനുഭവങ്ങളുടെ പിന്തുണയിലാണ് അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചത്. കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതവും സാധാരണക്കാരോടുള്ള ഇടപെടലുകളും അദ്ദേഹത്തെ മികച്ച രാഷ്ട്രീയ നേതാവാക്കി വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ ലോകരാജ്യങ്ങളിലും രാഷ്ട്രീയ സാമൂഹിക കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് മധ്യവര്‍ഗമാണ്. കേരളത്തിലെ മധ്യവര്‍ഗം വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി ഒരുകാലത്തും സ്വപ്‌നം കണ്ടിട്ടു പോലുമില്ല. അദ്ദേഹത്തിന്റെ ഭാഷയും അവര്‍ വിശേഷിപ്പിക്കുന്ന പഴഞ്ചന്‍ സമീപനങ്ങളുമൊന്നും മധ്യവര്‍ഗത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പിന്നീട് തന്നെ പഴഞ്ചനായി കാണുകയും ഇഷ്ടമില്ലാതിരിക്കുകയും ചെയ്തിരുന്ന മധ്യവര്‍ഗത്തിനിടിയില്‍ ജനപ്രീതിയുള്ള നേതാവായി മാറാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ രാഷ്ട്രീയമാറ്റം. ഇഷ്ടമില്ലാതിരുന്ന ഒരു വിഭാഗത്തിന്റെ പ്രിയപ്പെട്ടവനായി മാറാന്‍ അദ്ദേഹത്തിന്റെ സമീപനങ്ങള്‍ കാരണമായി.

ഞങ്ങള്‍ക്കെല്ലാം രാഷ്ട്രീയമായി അദ്ദഹത്തിന്റെ പല നിലപാടുകളോടും വിയോജിപ്പുണ്ടായിരുന്നു. ചില കാര്യങ്ങളില്‍ യോജിപ്പുമുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭൂമി പ്രശ്‌നങ്ങളിലും ലോട്ടറി വിഷയങ്ങളിലും അദ്ദേഹം പ്രതിപക്ഷത്തിനൊപ്പമായിരുന്നു. എച്ച്.എം.ടി, തോഷിബ-ആനന്ദ് ഭൂമി വിഷയങ്ങളിലും അദ്ദേഹം പ്രതിപക്ഷത്തിനൊപ്പമായിരുന്നു. ലോട്ടറി മാഫിയയെ കുറിച്ചുള്ള ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ 80000 കോടി രൂപ നാല് വര്‍ഷം കൊണ്ട് കടത്തിയെന്ന വിഖ്യാതമായ പ്രസ്താവന നടത്തി അദ്ദേഹം പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു. ഭരണത്തില്‍ ഇരിക്കുമ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രതിപക്ഷ മനോഭാവമുണ്ടായിരുന്നു. പാരിസ്ഥിതിക, ഭൂ പ്രശ്‌നങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങളുടെ വിഷയങ്ങളിലുമെല്ലാം ജീവിതാനുഭവങ്ങള്‍ രൂപപ്പെടുത്തിയെടുത്ത ചില അഭിപ്രായങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് അദ്ദേഹത്തെ വ്യത്യസ രാഷ്ട്രീയ നേതാവാക്കി മാറ്റിയത്. കേരളം എന്നും ഓര്‍ത്തുവയ്ക്കുന്ന, ഹൃദയത്തില്‍ സൂക്ഷിച്ചുവയ്ക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സമുന്നതനായ രാഷ്ട്രീയ നേതാവുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരവ് അര്‍പ്പിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *