ജില്ലാ ആസൂത്രണ സമിതി യോഗം ഭരണനേട്ടങ്ങളുമായി തദ്ദേശ സ്ഥാപനങ്ങളിൽ വികസന സദസ്സുകൾ നടത്തും

Spread the love

സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്ന വികസന സദസ്സുകൾ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ ഒരുമാസത്തിനിടയിൽ സംഘടിപ്പിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.

ഗ്രാമപഞ്ചായത്തുകൾ, നഗരസഭ, കോർപറേഷൻ എന്നിവയിൽ എല്ലാ വാർഡുകളിൽ നിന്നുള്ള ജനങ്ങളുടെ പങ്കാളിത്തത്തിൽ സ്ത്രീകൾ, യുവാക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഉൾപ്പെടുത്തും. നിയമസഭാ സാമാജികർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോർപറേഷൻ മേയർ, മുനിസിപ്പൽ ചെയർപേഴ്‌സൻ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികൾക്ക് പുറമെ വിശിഷ്ട വ്യക്തികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർ എന്നിവരും പങ്കാളികളാകും. അതിദാരിദ്യ നിർമ്മാർജ്ജനം, ലൈഫ് മിഷൻ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവരെയും ഹരിതകർമ്മസേന പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.

വികസന സദസ്സിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കെ സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്ന കെ സ്മാർട്ട് ക്ലിനിക്ക് സജ്ജമാക്കും. കൂടാതെ സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെ ചിത്രപ്രദർശനവും ഉണ്ടായിരിക്കും.

സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങളും ഇനി നടപ്പാക്കേണ്ട പദ്ധതികളും സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ട് വെക്കുന്നതിന് ഓപ്പൺ ഫോറം, സംഗ്രഹ ചർച്ച എന്നിവയും ഉണ്ടാവും. ചർച്ചയിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ പരിഗണിക്കും.

വികസന സദസ്സിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെർപേഴ്‌സണും ജില്ലാ കലക്ടർ കോ ചെയർപേഴ്‌സണും തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറുമായി ജില്ലാ പ്ലാനിങ് ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ ഉൾപ്പെട്ട സമിതി പ്രവർത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വികസന സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കും.

 

സ്നേഹജ്യോതി സൊസൈറ്റിക്ക് തുക വകയിരുത്തും

 

ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹജ്യോതി കിഡ്നി പേഷ്യന്റ് വെൽഫെയർ സൊസൈറ്റി പ്രവർത്തനത്തിനായി തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ട് വകയിരുത്താനും ഡിപിസി യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് കുറഞ്ഞത് 25000 രൂപ, നഗരസഭ കുറഞ്ഞത് 50,000 രൂപ, കോർപറേഷൻ രണ്ട് ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തേണ്ടത്. സ്‌നേഹജ്യോതി സൊസൈറ്റിയുടെ സഹായത്തോടെ ജില്ലയിൽ 250 പേർക്ക് വൃക്ക സംബന്ധമായ അസുഖത്തിനുള്ള മരുന്നുകൾ നൽകുന്നു. ജില്ലാആശുപത്രിയിലെ കാരുണ്യ ഫാർമസി വഴി നൽകുന്ന മരുന്നുകൾക്ക് പ്രതിമാസം വലിയ തുകയാണ് ജില്ലാ പഞ്ചായത്തിന് ചെലവാകുന്നത്. നിലവിൽ അർഹത മാനദണ്ഡം വച്ചാണ് മരുന്നുകൾ നൽകുന്നത്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം കൂടി ലഭിക്കുന്നതോടെ മുഴുവൻ രോഗികൾക്കും മരുന്ന് നൽകാനാകും.
വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി .
ആസൂത്രണസമിതി ചെയർപേഴ്‌സൺ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്‌നകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, വിവിധ വകുപ്പ് ഉദ്യഗസ്ഥർ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *