ഗാസ വംശഹത്യക്കെതിരായ പരാമര്‍ശത്തില്‍ സംഘപരിവാര്‍ ഐഡികളില്‍ നിന്ന് എഴുത്തുകാരി ഡോ. എം.ലീലാവതിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ ഡിജിപിക്ക് കത്തുനല്‍കി.
നിഷ്കളങ്കരായ ഗാസയിലെ കുട്ടികളുടെ വിശപ്പിനെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരിലാണ് നീചമായ സൈബര്‍ ആക്രമണം എഴുത്തുകാരി ലീലാവതിക്ക് നേരിടേണ്ടിവന്നത്. ത്രീവ്രസ്വഭാവമുള്ള സംഘടനയായ ‘കാസ’ യുടെ ഫെയ്സ്ബുക്ക് പേജില്‍ നിന്നാണ് അധിക്ഷേപ പരാമര്ശങ്ങളുണ്ടായിട്ടുള്ളത്. അഭിപ്രായസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന അക്രമമാണ് സമൂഹം ബഹുമാനിക്കുന്ന എഴുത്തുകാരിക്ക് നേരെ നടന്നത്. ഇത് അപലപനീയമാണെന്നും പഴകുളം മധു വ്യക്തമാക്കി.
ബിഎന്‍എസ്, ഐടി വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും നീചമായ സൈബര്‍ ആക്രമണത്തിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയും വേണമെന്നും ഡിജിപിക്ക് നല്കിയ പരാതിയില്‍ പഴകുളം മധു ആവശ്യപ്പെട്ടു. കൂടാതെ ഡോ.ലീലാവതിക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുകയും ഇനിയും ഇത്തരം സൈബര്‍ ആക്രമണം ഉണ്ടാകാതിരിക്കാനും അവരെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പഴകുളം മധു പരാതിയില്‍ ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് ഡിജിപി ഓഫീസ് പഴകുളം മധുവിനെ അറിയിച്ചു.