കൊച്ചി: നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടുള്ള ബിസിനസുകൾക്കു മാത്രമേ സുസ്ഥിര വളർച്ച സാധ്യമാവൂ എന്ന ആശയത്തെ ഓർമിപ്പിച്ചുകൊണ്ട് ഫെഡറൽ ബാങ്ക് കംപ്ലയൻസ് ഓഫീസേഴ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ആഗോള തലത്തിൽ സെപ്റ്റംബർ 26 ന് ആചരിച്ചുവരുന്ന ഒന്നാണ് കംപ്ലയൻസ് ഓഫീസേഴ്‌സ് ദിനം. ബാങ്കിംഗ് മാർഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ഫെഡറൽ ബാങ്കിന്റെ പ്രതിബദ്ധതയും കൂട്ടുത്തരവാദിത്തവും അടിവരയിടുന്നതായിരുന്നു ദിനാചരണം. രാജ്യമെമ്പാടുമുള്ള ഫെഡറൽ ബാങ്ക് ശാഖകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും എത്രമാത്രം പാലിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇടപാടുകാരുടെയും ഓഹരിയുടമകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നത് എന്നതിനാൽ ഒരു സ്ഥാപനത്തിന്റെ വളർച്ചയിൽ കംപ്ളെയ്ൻസ് നിർണായകമായ പങ്കാണ് വഹിക്കുന്നത്.
നയങ്ങൾക്കും നിയമത്തിനും അനുസൃതമായി ഉത്തരവാദിത്തത്തോടെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുന്നതിൽ കംപ്ലയൻസ് ഓഫീസറുടെ പങ്ക് വലുതാണെന്ന് ഫെഡറൽ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് കംപ്ലയൻസ് ഓഫീസറുമായ സുനിൽ കുമാർ സി എൻ പറഞ്ഞു. സങ്കീർണ്ണമായ ആധുനിക സാഹചര്യങ്ങളിൽ സ്ഥാപനങ്ങളുടെ സുതാര്യതയും കാര്യശേഷിയും വർധിപ്പിക്കാൻ കംപ്ലയൻസ് ഓഫീസർമാർക്ക് സാധിക്കും. ഡാറ്റാ സുരക്ഷ ശക്തിപ്പെടുത്തി തട്ടിപ്പുകളിൽനിന്ന് സംരക്ഷണം നൽകാനും സേവനങ്ങളിൽ നീതി ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Anu Maria Thomas