ഹൃദയപൂര്‍വം : ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന ക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

Spread the love

200-ലധികം കേന്ദ്രങ്ങളില്‍ സിപിആര്‍ വിദഗ്ധ .പരിശീലനം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആര്‍: കാര്‍ഡിയോ പള്‍മണറി റെസെസിറ്റേഷന്‍) പരിശീലന ബോധവത്ക്കരണ ക്യാമ്പയിന്‍ ‘ഹൃദയപൂര്‍വം’ സംസ്ഥാനതല ഉദ്ഘാടനം ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29 തിങ്കളാഴ്ച രാവിലെ 8.30ന് നിയമസഭ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം നിയമസഭാ സാമാജികര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലനം ആരംഭിക്കും.

ഹൃദയാഘാതം ഉണ്ടാകുന്ന രോഗിയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നല്‍കുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനം എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സംസ്ഥാന വ്യാപകമായി ജനകീയമായ പരിശീലന പരിപാടി ആരംഭിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി ആകെ 200-ലധികം പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാകും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയാണ് പരിശീലനം. സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പരിശീലന പരിപാടികളില്‍ മെഡിക്കല്‍ കോളേജുകള്‍, മറ്റ് ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ നല്ലൊരു ജനവിഭാഗത്തെ സിപിആര്‍ പരിശീലനത്തില്‍ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഡ്രൈവര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍, സന്നദ്ധസേവകര്‍ തുടങ്ങി വലിയൊരു സേനക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കും. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കി പ്രാപ്തരാക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

പരിശീലനം ലഭിച്ച ഏതൊരാള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രഥമ ശുശ്രൂഷാ മാര്‍ഗമാണ് സിപിആര്‍. ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്റെ ഇടത് ഭാഗത്താണ് സിപിആര്‍ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളില്‍ മറ്റൊരു കൈ വയ്ക്കുകയും വിരലുകള്‍ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് അഞ്ചുമുതല്‍ 6 സെന്റിമീറ്റര്‍ താഴോട്ട് നെഞ്ചില്‍ അമര്‍ത്തിയാണ് സിപിആര്‍ നല്‍കേണ്ടത്. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നല്‍കണം. രോഗി പ്രതികരിക്കുന്നത് വരേയോ ആശുപത്രിയില്‍ എത്തുന്നത് വരേയോ ഇത് തുടരണം.

 

Author

Leave a Reply

Your email address will not be published. Required fields are marked *