കേരളത്തിന്റെ ഐടി മേഖലയ്ക്ക് വലിയ കുതിപ്പ് നൽകുന്ന കൊച്ചി ഇൻഫോപാർക്ക് മൂന്നാം ഘട്ടം പദ്ധതിയുടെ ധാരണാപത്രം ഗ്രെയ്റ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജി സി ഡി എ) യുമായി ഒപ്പുവെച്ചു. കേരളത്തിന്റെ ആദ്യത്തെ എ ഐ സിറ്റിയായും “എ ഐ നേറ്റീവ് അർബൻ എക്കോസിസ്റ്റം” ആയും വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയിൽ എല്ലാ മേഖലകളിലും എ ഐ സാന്നിധ്യം ഉറപ്പാക്കും. 300 ഏക്കർ വിസ്തൃതിയിൽ 20 മില്യൺ സ്‌ക്വയർ ഫീറ്റ് ഐടി സ്പെയ്‌സോടെയുള്ള എ ഐ ടൗൺഷിപ്പാണ് നിലവിൽ വരുന്നത്. നിലവിലുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഒഴിവാക്കിക്കൊണ്ട് ലാൻഡ് പൂളിങ് മാതൃകയിലാണ് മൂന്നാം ഘട്ടം യാഥാർത്ഥ്യമാക്കുന്നത്. ഇതുവഴി ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 200,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 400,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നുമാണ് കരുതുന്നത്. കൊച്ചി ഇൻഫോപാർക്ക് മൂന്നാം ഘട്ടം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ ഐടി ഹബ്ബുകളിലൊന്നായി കൊച്ചി മാറും.