
ശബരിമലയിലെ ദ്വാരപാലക ശില്പത്തിൽ ഉൾപ്പെടെയുള്ള സ്വർണ്ണപ്പാളികളുടെ മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ്. അംഗങ്ങള്‍ സഭാതലത്തില്‍ നടത്തിയ സമരത്തിന്റെയും പ്രതിഷേധങ്ങളുടേയും ഭാഗമായി മൂന്ന് കോൺഗ്രസ് അംഗങ്ങളായ ശ്രീ. റോജി എം. ജോണ്‍, ശ്രീ. എം. വിന്‍സെന്റ്, ശ്രീ. സനീഷ് കുമാര്‍ ജോസഫ് എന്നിവരെ സസ്പെന്റ് ചെയ്ത നടപടി അങ്ങേയറ്റ് പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമായ എ.പി. അനില്‍കുമാര്‍ എം.എല്‍.എ. പറഞ്ഞു.
സ്പീക്കര്‍ സര്‍ക്കാരിന്റെ താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. സ്പീക്കറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ 13 വർഷക്കാലത്തിലധികമായി നിയമസഭയിൽ പ്രതിഷേധങ്ങൾ നടക്കുമ്പോഴും, യു.ഡി.എഫ് ഗവൺമെന്റിന്റെ കാലത്തും ഒട്ടനവധി പ്രതിഷേധങ്ങൾ സിപിഎം ന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടു പോലും, ഒരു വാച്ച് ആന്റ് വാര്‍ഡിനെയും ഇറക്കി എം.എൽ.എ മാരെ നേരിടുന്ന സാഹചര്യമുണ്ടായിട്ടില്ല. എന്നാൽ ശബരിമല സമരവുമായി ബന്ധപ്പെട്ട് വാച്ച് ആന്റ് വാർഡ് സഭാതലത്തില്‍ ഇറങ്ങി നിയമസഭാംഗങ്ങളെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണ് ഇന്ന് ഉണ്ടായത്. ഇതൊക്കെ ജനാധിപത്യ രീതിയില്‍ നടക്കേണ്ട പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ്. നിയമസഭയിൽ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി നടക്കുന്ന സമരങ്ങളെ വാച്ച് ആന്റ് വാർഡുകളെ വച്ച് തല്ലിച്ചതയ്ക്കുക ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സ്പീക്കര്‍ തന്നെ നേതൃത്വം നൽകുന്നത് നമ്മുടെ ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലെന്നും എ.പി. അനില്‍കുമാര്‍ പറഞ്ഞു.