എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ഡൽഹിയിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം :
15.10.25.

ഷാഫി പറമ്പിൽ എംപി പ്രിവിലേജ് നോട്ടീസുമായി ലോക്സഭാ സ്പീക്കറെ സമീപിച്ചപ്പോൾ അദ്ദേഹത്തെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി സ്ഫോടകവസ്തു എറിഞ്ഞെന്ന സിപിഎമ്മിന്റെ കഥ ശരിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
പേരാമ്പ്രയിലെ സംഭവത്തിൽ വാദിയെ പ്രതിയാക്കുകയാണ്. ഇത് അപലപനീയമാണ്.ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ചവർക്കെതിരെ നടപടിയില്ല. പോലീസാണ് അക്രമണം നടത്തിയെന്ന് റൂറൽ എസ്.പി തന്നെ സമ്മതിച്ചിട്ടുണ്ട്. സ്ഫോടക വസ്തു എറിഞ്ഞു എന്നത് സിപിഎമ്മിന്റെ കഥയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്താണ് വീഴ്ചയെന്ന എസ്പിയുടെ പ്രതികരണത്തിൽ നിന്ന് എല്ലാം വ്യക്തമാണ്. എന്നിട്ടും സിപിഎമ്മിന്റെ കഥ ശരി വെക്കുന്ന വിധത്തിലാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവർത്തകർക്കെതിരെ ഇപ്പോൾ പോലീസ് കേസെടുക്കുന്നത്. ഇത് പ്രതിഷേധാർഹമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ജി സുധാകരന്റെ പ്രതികരണം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് പറഞ്ഞ വേണുഗോപാൽ കേരളത്തിലെ സിപിഎം പ്രവർത്തകർക്കിടയിൽ സ്വാധീനമുള്ള തലമുതിർന്ന നേതാവാണ് അദ്ദേഹം എന്നും പറഞ്ഞു. കുറെ നാളുകളായി തഴയുന്നതായുള്ള ആക്ഷേപം അദ്ദേഹത്തിനുണ്ട്.
ജി സുധാകരൻ്റെ പ്രതികരണത്തെക്കുറിച്ച് സിപിഎമ്മാണ് പരിശോധിക്കേണ്ടത്. രാഷ്ട്രീയ കാര്യങ്ങളിൽ വിയോജിപ്പുള്ള സമയത്തും നാടിൻ്റെ വികസനത്തിനായി അദ്ദേഹവുമായി യോജിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന ചർച്ചകളിലേക്ക് ഒന്നും കടന്നിട്ടില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാം. വ്യക്തമായ നിലപാടും കാഴ്ചപ്പാടുമുള്ള നേതാവാണ് ജി സുധാകരൻ.
യൂത്ത് കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾക്ക് മറുപടി പറയേണ്ടത് അവരുടെ തന്നെ ദേശീയ നേതൃത്വമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്, വർക്കിംഗ് പ്രസിഡൻ്റ്, ദേശീയ സെക്രട്ടറി എന്നീ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ എല്ലാവരും മിടുക്കന്മാരാണ്. അവരെല്ലാം പാർട്ടിയുടെ സ്വത്താണ്. അവരെയെല്ലാം കൂട്ടി യോജിപ്പിച്ച് മുന്നോട്ടുപോകാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനറിയാം.
ആചാരലംഘനം, കള്ളക്കടത്ത് തുടങ്ങിയവയിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ പലതരത്തിലുള്ള വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. അതിലൊന്നും വീഴില്ല.വിശ്വാസികൾ അല്ലാത്തവർ ഇതെല്ലാം കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളതെന്നും കെസി വേണുഗോപാൽ പറഞ്ഞു.