
സിപിഎം നേതാവ് ജി.സുധാകരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാന്‍ സമയമായില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു. സിപിഎമ്മിലെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. മന്ത്രി ആയിരുന്നപ്പോഴും എല്ലാവരോടും നന്നായി പെരുമാറുന്ന വ്യക്തിയാണ്. രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദവും സത്യസന്ധമായ നിലപാടും പുലര്‍ത്തുന്ന നേതാവാണ്. അദ്ദേഹത്തിനെതിരെ സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശരിയാണോയെന്ന് അവര്‍ തന്നെ പരിശോധിക്കണം. അത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ അദ്ദേഹം പ്രാപ്തനാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ചെലവില്‍ ഇപ്പോള്‍ സംഘടിപ്പിക്കുന്ന വികസന ക്ഷേമ മേളകള്‍ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള കുതന്ത്രം മാത്രമാണ്. ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന സര്‍ക്കാരിന്റെ പരസ്യ പ്രഖ്യാപനമാണിത്. ഇത്തരം മേളകളില്‍ ഒരു റിസള്‍ട്ടും ഉണ്ടാകാന്‍ പോകുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സര്‍ക്കാരിന് വികസന കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കാന്‍ തോന്നിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോടികള്‍ ചെലവാക്കി നവകേരള സദസ്സ് സംഘടിപ്പിച്ചിട്ട് എന്തുഫലമുണ്ടായി. ഇടതുപക്ഷത്തെ ജനപ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്ന് ആക്ഷേപം കിട്ടിയത് ഒഴിച്ചാല്‍ എന്തു ഗുണം ഉണ്ടായിയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതിശക്തമായ സംഘടനാ പ്രവര്‍ത്തനവുമായിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മിഷന് 2025ന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള ലഘുലേഖകളുമായും പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായി 25000ത്തോളം വാര്‍ഡ് കമ്മിറ്റികള്‍ ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കി. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.