യൂത്ത് കോണ്‍ഗ്രസ് : ഒ.ജെ.ജനീഷും ബിനുചുള്ളിയിലും ചുമതലയേറ്റു

Spread the love

 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ.ജനീഷും വര്‍ക്കിംഗ് പ്രസിഡന്റായി ബിനുചുള്ളിയിലും ചുമതലയേറ്റു.കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിമ്പ് മിനിട്ട്‌സ് ബുക്ക് ഒ.ജെ ജനീഷിന് കൈമാറി. നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റെടുക്കല്‍ ചടങ്ങ് നടന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരേയും യുവജന വഞ്ചനയ്‌ക്കെതിരെയും ശക്തമായ പോരാട്ടം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉണ്ടാകണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളത്തിലേത്. സര്‍ക്കാരിന്റെ അനീതികളെ ചോദ്യം ചെയ്യാന്‍ ഇടതു യുവജന സംഘടനകള്‍ മടിക്കുന്നു. ഇവിടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രസക്തി. ജനകീയ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കുകയാണ് സര്‍ക്കാര്‍. പിന്‍വാതില്‍ നിയമനം നടത്തി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി. തൊഴിലില്ലായ്മ കാരണം കേരളത്തിന്റെ യുവത്വം വിദേശനാടുകളിലേക്ക് ചേക്കേറുകയാണ്. ഇവയ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ സമരപോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. പുതിയ നേതൃത്വത്തിന്റെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഇടതുസര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രിയെ സംസ്ഥാനത്ത് സംഭാവന ചെയ്യുകയെന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉത്തവാദിത്തമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ് പറഞ്ഞു. പദവികളെക്കാള്‍ പ്രവര്‍ത്തനം നോക്കിയാണ് വിലയിരുത്തേണ്ടത്. നിരന്തര സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയും ജനകീയ സമരങ്ങള്‍ ഏറ്റെടുത്തും പൊതുസമൂഹത്തെ കോണ്‍ഗ്രസിനൊപ്പം ചേര്‍ത്തുകൊണ്ടുപോകുന്ന കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കും.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ഭവന നിര്‍മ്മാണം ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്ത ദൗത്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വയനാട് വീടെവിടെയെന്ന് യൂത്ത് കോണ്‍ഗ്രസിനോട് ചോദിക്കുന്ന മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പുരോഗതിയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാത്തതിനെയും ജനീഷ് വിമര്‍ശിച്ചു. സമ്പൂര്‍ണ്ണ പരാജയമായ സര്‍ക്കാരിനെതിരെ ശക്തമായ സമരം നടത്തും. സമരങ്ങള്‍ക്ക് ഒരു സാധ്യതയും കുറവില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഒ.ജെ.ജനീഷ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിമ്പ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ എംഎല്‍എ,പിസി വിഷ്ണുനാഥ് എംഎല്‍എ,ഷാഫി പറമ്പില്‍ എംപി,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി,യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍,ദേശീയ സെക്രട്ടറിമാരായ അബിന്‍ വര്‍ക്കി,കെഎം അഭിജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പന്തളം സുധാകരന്‍,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെപി ശ്രീകുമാര്‍, മണക്കാട് സുരേഷ്,കെ.എസ്. ഗോപകുമാര്‍, കെഎസ് ശബരിനാഥന്‍,പിഎ സലിം,കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ദേശീയ സെക്രട്ടറി ശ്രാവണ്‍ റാവു, ഷംസീര്‍ അന്‍സാരി, ജിന്‍ഷാദ് ജിന്നാസ്,ശ്രീലാല്‍ എ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *