
ഇടുക്കി: കോരിച്ചൊരിയുന്ന മഴയ്ക്കും തണുപ്പിക്കാനാവാത്ത ആവേശവുമായി രമേശ് ചെന്നിത്തല നയിക്കുന്ന വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് ഇടുക്കിയില്‍ തരംഗമായി. പ്രൗഡ് കേരളയുടെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന കാല്‍നട ജാഥയില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ തന്നെ വന്‍ ജനാവലി മലങ്കര പള്ളി സ്‌കൂള്‍ കവലയില്‍ എത്തിച്ചേര്‍ന്നിരുന്നു. തിമിര്‍ത്തു പെയ്യുന്ന മഴയ്ക്കു ആ ജനതയെ തടുക്കാനായില്ല. അവര്‍ ഒരു നാടിന്റെ യുവത്വത്തിനു വേണ്ടി ലഹരിയോട് പടപൊരുതാന്‍ വന്നവരായിരുന്നു. അവര്‍ ആവേശഭരിതരായിരുന്നു. വീട്ടമ്മമാരുടെയും വിദ്യാര്‍ഥിനികളുടെയും വന്‍ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. മഴയെ കൂസാതെ അവര്‍ ഒരുമിച്ച് ഒരേ ബാനറിനു പിന്നില്‍ അണി നിരന്നു. ഒറ്റമുദ്രാവാക്യത്തിന്റെ മാറ്റൊലിയില്‍ അടിവെച്ചു നടന്നു. വാദ്യമേളങ്ങളും കലാരൂപങ്ങളും അകമ്പടിയായി. സ്‌കൂളുകളില്‍ നിന്നും കോളജുകളിലും നിന്നുമെത്തിയ യുവതലമുറ ജാഥയ്ക്കു കരുത്തേകി. ലഹരിക്കെതിരെ വരാനിരിക്കുന്ന യുദ്ധങ്ങളില്‍ തങ്ങളൊപ്പമുണ്ടാകുമെന്നു അവര്‍ സാന്നിധ്യം കൊണ്ട് വിളിച്ചു പറഞ്ഞു.
ഇടുക്കി മലങ്കരപ്പള്ളി സ്‌കൂള്‍ കവലയില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ ഓരോ മനുഷ്യനും സമരരംഗത്തിറങ്ങണമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സമാനതകളില്ലാത്ത യുദ്ധമാണിത്. ഈ യുദ്ധത്തില്‍ പങ്കാളികളാവുകയന്നത് ഓരോ മനുഷ്യന്റെയും ധര്‍മ്മമാണ്. സര്‍ക്കാറും സംവിധാനങ്ങളും പരാജയപ്പെടുമ്പോള്‍ ജനകീയപ്രതിരോധമുയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇതിനായി ഓരോ വീടുകളില്‍ നിന്നും ശബ്ദമുയരണം – ഡീന്‍ പറഞ്ഞു.
ലഹരിയുടെ വേരറുക്കുന്നതുവരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഒരു തലമുറയുടെ മസ്തിഷ്‌കം നശിപ്പിക്കുകയാണ് ലഹരി. കുടുംബങ്ങളില്‍ ചോരവീഴ്ത്തുകയാണ്. ഇന്ന് കേരളത്തില്‍ നടക്കുന്ന മിക്കവാറും ക്രൈമുകളില്‍ ലഹരിയുടെ സാന്നിധ്യമുണ്ട്. സ്‌കൂള്‍ കുട്ടികളുടെ ബാഗുകള്‍ വരെ അച്ഛനമ്മമാര്‍ പരിശോധിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇത് കേരളത്തിന്റെ പ്രശ്‌നമാണ്. ഇന്ത്യയുടെ തന്നെ പ്രശ്നമാണ്. കേരളത്തെ മറ്റൊരു കൊളംബിയയാക്കാന്‍ നാം അനുവദിക്കുകയില്ല. നമ്മുടെ കുഞ്ഞുങ്ങളെ പോലും അവര്‍ കാരിയേഴ്സ് ആക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നു. നമ്മുടെ ഓരോ ഇടവഴികളില്‍ നിന്നും ലഹരിമാഫിയയ തുരത്തണം. ഇതൊരു യുദ്ധമാണ്. തലമുറകള്‍ ഓര്‍ത്തിരിക്കേണ്ട യുദ്ധമാണിത്. – ചെന്നിത്തല പറഞ്ഞു.
ജില്ലകളിലെ പരിപാടികള്‍ അവസാനിച്ചാല്‍ സംസ്ഥാനത്തെ ഓരോ സ്‌കൂളുകളിലും കോളജുകളിലും പ്രൗഡ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ എത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ജാഥാംഗങ്ങള്‍ക്ക് കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ വച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചോല്ലിക്കൊടുത്തു.
ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതിന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട രാഷ്ട്രീയ രഹിത മുന്നേറ്റമാണ് പ്രൗഡ് കേരള. ലഹരിക്കെതിരെ സമൂഹ നടത്തം എന്ന പരിപാടി ആരംഭിച്ചത് കോഴിക്കോട് ആണ്. തുടര്‍ന്ന് തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട കാസര്‍ഗോഡ് മലപ്പുറം തൃശൂര്‍ കണ്ണൂര്‍ വയനാട്, പാലക്കാട്, കോട്ടയം തുടങ്ങിയ ജില്ലകള്‍ പിന്നിട്ട ശേഷമാണ് ഇത് ഇടുക്കിയില്‍ എത്തിയത്. നവംബര്‍ നാലിന് എറണാകുളത്തെ സമൂഹനടത്തത്തോടെ ജില്ലാടിസ്ഥാനത്തിലുള്ള പരിപാടികള്‍ക്കു സമാപനമാകും.