കൊച്ചിയില്‍ ആവേശത്തിരയിളക്കി രമേശ് ചെന്നിത്തലയുടെ ഗ്രേറ്റ് വാക്കത്തൺ

Spread the love

13 ജില്ലകൾ പിന്നിട്ട  ലഹരി മരുന്നിനെതിരെയുള്ള പ്രചാരണത്തിൻ്റെ
ആദ്യ ഘട്ടത്തിനും കൊച്ചിയിൽ സമാപനം.

കൊച്ചി: മറൈൻ ഡ്രൈവിലെ  തെളിഞ്ഞ ആകാശത്തിനു കീഴെ ആവേശത്തിരയിളകിയ മനുഷ്യക്കടലായി കൊച്ചി മാറി. രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ ലഹരിവിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി 13 ജില്ലകളിലും സംഘടിപ്പിച്ച പ്രചരണത്തിൻ്റെ സമാപനം കൂടിയായിരുന്നു മറൈൻഡ്രൈവിൽ നിന്ന് ദർബാർ ഹാൾ ഗ്രൗണ്ടിലേക്ക് നടന്ന ഗ്രേറ്റ് വാക്കത്തൺ.
പൗരപ്രമുഖരും വിദ്യാർത്ഥികളും കലാകാരന്മാരും
കായിക താരങ്ങളും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ വാക്കത്തണിൽ അണി ചേർന്നു.

സെൻ്റ്. തെരേസാസ് സ്‌കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് സെറ്റ് ഉൾപ്പെടെ വാദ്യ മേളങ്ങളും റോളർ സ്‌കേറ്റിങ് അടക്കമുള്ള പ്രകടനങ്ങളും വാക്കത്തണിന് അകമ്പടിയായി. നഗരത്തിലെ എല്ലാ സ്‌കൂളുകളിൽ നിന്നും എൻ സി സി, എൻ എസ് എസ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും കോളജ് വിദ്യാര്‍ഥികളും, ഒപ്പം, നേവി, കോസ്റ്റ് ഗാര്‍ഡ് തുടങ്ങി സേനാ വിഭാഗങ്ങളും വാക്കത്തണിൽ പങ്കെടുത്തത് ശ്രദ്ധേയമായി.

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വാക്കത്തൺ ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമായി മാറുകയാണെന്ന് സതീശന്‍ പറഞ്ഞു. കേരളത്തിലെ ഏതു കുഗ്രാമത്തിലും ഏതു മുക്കിലും മൂലയിലും ഏതു തരത്തിലുള്ള ലഹരിമരുന്നും ലഭ്യമാണ്. ലഹിമരുന്നിന്റെ കാരിയർമാരും വിതരണക്കാരും പെരുകുകയാണ്. ലഹരിമരുന്നിന്റെ സ്രോതസ് കണ്ടുപിടിച്ച് അതിന്റെ വരവ് അവസാനിപ്പിക്കുകയാണ് വേണ്ടത്. ലഹരിവിരുദ്ധപ്രചാരണമല്ല പോലീസും എക്‌സൈസും നടത്തണ്ടത്. അവര്‍ നടപടിയെടുക്കുകയാണ് വേണ്ടത്. പ്രചാരണത്തിന് സന്നദ്ധ സംഘടനകളുണ്ട്. കടല്‍ വഴിയും കരവഴിയും എത്തുന്ന ലഹരിമരുന്നിന്റെ സ്രോതസ് അടച്ച് അതിന്റെ വരവ് അവസാനിപ്പിക്കണം. കേരളത്തില്‍ മിക്കപ്പോഴും പിടിക്കപ്പെടുന്നത് ഉപഭോക്താക്കളാണ്. കൃത്യമായ നയം ഉണ്ടാകണം, നടപടിയുണ്ടാകണം – വി.ഡി സതീശന്‍ പറഞ്ഞു.

14 ജില്ലകളിലും നടന്ന വാക്കത്തണിൻ്റെ സമാപനം വഴി ഈ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഒന്നാം ഘട്ടം സമാപിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലകളില്‍ നിന്ന് നിയോജക മണ്ഡലങ്ങളിലേക്കും കലാലയങ്ങളിലേക്കും നീളുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാകും. ലഹരിയുടെ വേരറുക്കും വരെയാണ് ഈ സമരം. ഓരോ കുടുംബങ്ങളില്‍ നിന്നും പോരാളികള്‍ ഉയര്‍ന്നു വരണം. വീടുകളില്‍ ചോരവീഴ്ത്തുന്ന ഈ വിഷലഹരിയുടെ അവസാന വിഷവിത്തും നിര്‍മ്മാര്‍ജനം ചെയ്യേണ്ടതുണ്ട്. ഒരു തലമുറയുടെ ക്രിയാശേഷിയാണ് നഷ്ടപ്പെടുന്നത്. സമസ്ത മേഖലകളിലും ലഹരി കടന്നുകയറിക്കഴിഞ്ഞിരിക്കുന്നു. ഓരോ തെരുവുകളിലും ലഹരിമരുന്നു ലഭ്യമാകുന്ന സാഹചര്യമാണ്. നമ്മുടെ കൊച്ചു കുരുന്നുകള്‍ പോലും കാരിയേഴ്‌സ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ അവസ്ഥ മാറിയേ തീരൂ – രമേശ് ചെന്നിത്തല വ്യക്തമാക്കി.

സംഘാടക സമിതി കോ ഓർഡിനേറ്റർ ടി ജെ വിനോദ് എം എൽ എ അധ്യക്ഷനായി.

ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് അബ്ദുൾ റഹിം,
എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ,ജെബി മേത്തർ എം പി
എം എൽ എ മാരായ ടി ജെ വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളി, സിനിമാ താരങ്ങളായ ടിനി ടോം,
മിയ ജോർജ്ജ്, സംഗീത സംവിധായകൻ ജോർജ് പീറ്റർ, ഒളിമ്പ്യന്മാരായ മേഴ്‌സിക്കുട്ടൻ, കെ എം ബിനു,
അർജുന അവാർഡ് ജേതാക്കളായ ജോർജ് തോമസ്,
ടോം ജോസ്,, ഇന്ത്യൻ വോളിബോൾ ക്യാപ്‌റ്റനായിരുന്ന മൊയ്മതീൻ നൈന, മലലങ്കര ഓർത്തഡോക്സ് സഭാ മെത്രാപ്പോലീത്ത മാർ പോളിക്കോർപ്പ്സ്, വി എച്ച് അൽദാരമി മൗലവി, ഡോ. എം സി ദിലീപ് കുമാർ,
മുഹമ്മദ് ഷിയാസ്, പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, ഡോമിനിക് പ്രസൻ്റേഷൻ,എൻ വേണുഗോപാൽ, അജയ് തറയിൽ, ഷിബു തെക്കുംപുറം, എച്ച് സി ബാബു സേഠ്, ഫാ.അനിൽ ഫിലിപ്പ്, വാക്ക് കരോ കോ ഓർഡിനേറ്റർ ലിൻ ഫഹദ്, നീതു രാജൻ തുടങ്ങിയവർ സംസാരിച്ചു .

വാക്കത്തൺ സമാപിച്ച ദർബാർ ഹാൾ ഗ്രൗണ്ടിൽ രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ജസ്റ്റിസ് അബ്‌ദുൾ റഹീം സമാപന സന്ദേശം നൽകി.
വിദ്യാർത്ഥികളുടെ കലാപരിപാടികളും ദർബാർ ഹാൾ
ഗ്രൗണ്ടിലെ വേദിയിൽ അരങ്ങേറി.

കോഴിക്കോട് ജില്ലയിലാണ് രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സിന് തുടക്കം കുറിച്ചത്.

തുടർന്ന് ഓരോ ജില്ലകളിലും ആവേശകരമായ പ്രതികരണമാണ്പരിപാടിക്ക് ലഭിച്ചത്. എല്ലാ മേഖലകളിൽ നിന്നുമുള്ള പങ്കാളിത്തം ഈ പ്രതിരോധ പരിപാടിയെ ശ്രദ്ധേയമാക്കി. കേരള ജനത ഒരേ മനസ്സോടെ ഒത്തുചേർന്ന മഹത്തായ പ്രതിരോധ പ്രചരണ പരിപാടിയായി രമേശ് ചെന്നിത്തലയുടെ ഗ്രേറ്റ് വാക്കത്തൺ മാറി.

Author

Leave a Reply

Your email address will not be published. Required fields are marked *