വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വര്‍ഗീയ പ്രചരണത്തിന് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (08/11/2025).

വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വര്‍ഗീയ പ്രചരണത്തിന് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം; ഉത്തരേന്ത്യയിലേതു പോലെ ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത് വിഭജനത്തിന്റെ രാഷ്ട്രീയം*

തിരുവനന്തപുരം : എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ സംഘ്പരിവാറിന്റെ വര്‍ഗീയ പ്രചരണത്തിന് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിച്ചെന്നു മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു പോലെ ഇന്ത്യന്‍ റെയില്‍വെയെയും കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വര്‍ഗീയ വിഷം കലര്‍ത്തി, ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘ്പരിവാറിന്റെ സങ്കുചിത രാഷ്ട്രീയമാണ് വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിലും കണ്ടത്.

സ്വാതന്ത്ര്യ സമരത്തെയും ദേശീയ പ്രസ്ഥാനങ്ങളെയും ഒറ്റുകൊടുക്കുകയും ദേശീയതയ്ക്ക് എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്ത പാരമ്പര്യമുള്ള സംഘ്പരിവാര്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്രം തിരുത്തിയെഴുതിയും പാഠ്യപദ്ധതി കാവിവത്ക്കരിച്ചും സമൂഹത്തില്‍ വിഷം വമിപ്പിക്കുന്നത് കാണാതെ പോകരുത്. ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയത പടര്‍ത്താനുള്ള ബി.ജെ.പിയുടെയും സംഘ്പരിവാര്‍ ശക്തികളുടെയും ശ്രമത്തെ കേരള സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *