
ദീപാദാസ് മുൻഷി
ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പുകളിലും നടന്ന വോട്ട് ചോരിക്കെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ഒപ്പ് സമാഹരണ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തില്‍നിന്ന് 15 ലക്ഷം കത്തുകള്‍ ഡല്‍ഹിക്ക് അയക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥും പത്രസമ്മേളത്തില്‍ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സമാഹരിച്ച അഞ്ചു കോടി ഒപ്പുകള്‍ നവംബർ അവസാനം ഡല്‍ഹി രാംലീല മൈതാനത്തു നടക്കുന്ന മഹാസമ്മേളനത്തില്‍ എത്തിച്ചശേഷം ഇലക്ഷന്‍ കമ്മീഷനു നല്കും. കേരളത്തില്‍നിന്ന് 14 ലക്ഷം ഒപ്പുകള്‍ ഇതിനോടകം സമാഹരിച്ചു. അത് 15 ലക്ഷമാകും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നാണ് ഡല്‍ഹിക്ക് അയക്കുന്നത്. ഫോട്ടോയുള്ള മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക പൊതുജന പരിശോധനയ്ക്കു നല്കുക, ഓരോ തെരഞ്ഞെടുപ്പിനു മുമ്പ് ഫോട്ടോയോടു കൂടിയ ഒഴിവാക്കല്‍, കൂട്ടിച്ചേര്‍ക്കല്‍ പട്ടിക പരിശോധിക്കാന്‍ നല്കുക, വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടാല്‍ അതിവേഗ പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഒപ്പുശേഖരണത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
വലിയ പ്രതികരണമാണ് വോട്ട്‌ചോരി ഒപ്പുശേഖരണത്തിനു ലഭിച്ചത്. കോണ്‍ഗ്രസിനാണ് വോട്ടു ചെയ്തതെന്നു ജനങ്ങള്‍ പറയുമ്പോള്‍ അതു ബിജെപിയുടെ വിജയത്തിലേക്കു പോകുന്നതെങ്ങനെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്നു പത്രസമ്മേളനങ്ങള്‍ നടത്തി രാജ്യത്തോട് വിശദീകരിച്ചു. തുടര്‍ന്ന് വോട്ട് ചോരിക്കെതിരേ വലിയ ജനരോഷമാണ് രാജ്യത്തുള്ളത്. അതിന്റെ പ്രതിഫലമാണ് ഒപ്പു സമാഹരണത്തില്‍ കാണുന്നത്.
ലോക്‌സഭാ തെരഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും നടന്ന വോട്ട് ചോരി കേരളത്തില്‍ നടക്കാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. ഇതു സംബന്ധിച്ച് ധാരാളം പരാതികള്‍ ചിഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കു നല്കിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. ആരുടെ പേരുവേണമെങ്കിലും വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാവുന്ന അവസ്ഥയാണുള്ളത്. എതിര്‍പ്പുകള്‍ക്കിടയിലും തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. 2002ലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്ന യഥാര്‍ത്ഥ വോട്ടര്‍മാരെ വലിയ തോതില്‍ ഒഴിവാക്കിയിരിക്കുകയാണെന്നും ഇതിനെതിരേ പരാതി നല്കിയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

വോട്ട് ചോരി സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് മറുപടി നല്കാന്‍ കേന്ദ്രസര്‍ക്കാരോ, തെരഞ്ഞെടുപ്പ് കമ്മീഷനോ, ബിജെപിയോ തയാറായില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഇത്രയധികം തെളിവുകള്‍ പുറത്തുവന്നത്. ജയിക്കാന്‍ വേണ്ടി കാശ്മീരില്‍നിന്നു വരെ ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിക്കുമെന്ന ബിജെപി കേരള ഘടകം ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്റെ വീഡിയോ ബൈറ്റ് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചപ്പോള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ഇത് വ്യാജ വീഡിയോ ആണെന്ന് പറഞ്ഞതു മാത്രമാണ് ഇതു സംബന്ധിച്ച ഏക പ്രതികരണം.
ഹരിയാന മുഖ്യമന്ത്രി നായബ്‌സിങ് സൈനി തെരഞ്ഞെടുപ്പ് ഫലത്തിന് രണ്ടുദിവസം മുമ്പ് പുറപ്പെടുവിച്ച അവകാശവാദം ‘ബി.ജെ.പി സര്‍ക്കാറുണ്ടാക്കും. അതിനുള്ള സംവിധാനങ്ങള്‍ നമ്മുടെ കൈയിലുണ്ട്. നിങ്ങളതില്‍ വിഷമിക്കേണ്ട’ എന്നായിരുന്നു. 62 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് ഭരിക്കും എന്ന് അഞ്ച് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ച നേരത്ത് മുഖ്യമന്ത്രി സൈനി ഇങ്ങനെ തറപ്പിച്ച് പറയണമെങ്കില്‍ അത് കാലേക്കൂട്ടി ആസൂത്രണം ചെയ്ത അട്ടിമറിയുടെ സൂചന തന്നെയാണ്.