നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉന്നതാധികാര സമിതിയുടെ അംഗീകാരം

Spread the love

നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (ആര്‍ഐഡിഎഫ്) ട്രഞ്ച് 31-ന് കീഴില്‍ കേരളത്തിനായി 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തത്വത്തിൽ അംഗീകാരം നല്‍കി. ആര്‍ഐഡിഎഫ് ട്രഞ്ച് 31-ന്റെ 550 കോടി രൂപയുടെ നോര്‍മേറ്റീവ് അലോക്കേഷന്‍ പരിഗണിച്ചാണ് പദ്ധതികള്‍ ശുപാര്‍ശ ചെയ്തത്.വനം വകുപ്പിന് 159.64 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതില്‍ റാപ്പിഡ് റെസ്പോണ്‍സ് യൂണിറ്റുകള്‍, ഫോറസ്റ്റ് സ്റ്റേഷന്‍ കോംപ്ലക്‌സുകള്‍ എന്നിവയുടെ നിര്‍മ്മാണവും വനം ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഉള്‍പ്പെടുന്നു. വൈദ്യുതി വകുപ്പിന് കീഴില്‍ കൃഷി വകുപ്പ് ഗുണഭോക്താക്കള്‍ക്കായി 5689 സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിനായി 199.70 കോടി രൂപ അനുവദിച്ചു.

കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന് ആധുനിക വെയര്‍ഹൗസുകളുടെയും ഗോഡൗണുകളുടെയും നിര്‍മ്മാണത്തിനായി 44.92 കോടി രൂപയും കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന് വജ്ര 120 പവര്‍ ടില്ലര്‍ നിര്‍മ്മാണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 36.45 കോടി രൂപയും അനുവദിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന് കോംപ്രിഹെന്‍സീവ് മുനിസിപ്പല്‍ ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് റോഡ് റെസ്റ്റോറേഷന്‍ പ്രോജക്ടിന് കീഴിലുള്ള പദ്ധതികള്‍ക്കായി 165 കോടി രൂപ നീക്കിവച്ചു. മണ്ണ് സര്‍വേ ആന്‍ഡ് മണ്ണ് സംരക്ഷണ വകുപ്പിന് നോര്‍ത്ത്, സൗത്ത് സോണുകളിലെ വാട്ടര്‍ഷെഡുകളിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 69.46 കോടി രൂപയുടെ ശുപാര്‍ശകളാണ് അംഗീകരിച്ചത്.മത്സ്യബന്ധന-തുറമുഖ എഞ്ചിനീയറിംഗ് വകുപ്പുകള്‍ സമര്‍പ്പിച്ച 243 കോടി രൂപയുടെ പദ്ധതികള്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് പദ്ധതിക്ക് കീഴില്‍ കുറഞ്ഞ പലിശ നിരക്കില്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതില്‍ ചെല്ലാനം, ചെറുവത്തൂര്‍, മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബറുകളുടെ നവീകരണവും അഴീക്കോട് ഫിഷ് ലാന്‍ഡിംഗ് സെന്ററിനെ ഫിഷിംഗ് ഹാര്‍ബറായി ഉയര്‍ത്തുന്നതും മത്സ്യഫെഡ് നെറ്റ് ഫാക്ടറിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.ആര്‍ഐഡിഎഫ് ട്രഞ്ച് 26-ന്റെ ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബര്‍ 31 വരെയാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. ആര്‍ഐഡിഎഫ് ട്രഞ്ച് 27, 2026 മാര്‍ച്ച് 31-ന് അവസാനിക്കുന്നതിനാല്‍ ഈ ട്രഞ്ചിലെ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ക്ലെയിമുകള്‍ സമര്‍പ്പിക്കാനും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

 

Author

Leave a Reply

Your email address will not be published. Required fields are marked *