വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ നാം കൈവരിച്ച നേട്ടത്തിന് അടിവരയിട്ടുകൊണ്ട് കേരളം ഈ വർഷവും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ( Business Reforms Action Plan+ Reduction of Compliance Burden) അതിവേഗത്തിൽ വളരുന്ന വ്യവസായരംഗമായി (ഫാസ്റ്റ് മൂവർ) തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് നമ്മൾ പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും ഈ മുന്നേറ്റത്തിലെ സുപ്രധാനഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് നാം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലകളിൽ ഒന്നാം സ്ഥാനം കൈവരിച്ചു.
തമിഴ്നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ രണ്ടാം നിരയിലുള്ള ആസ്പൈറേഴ്സ് ക്യാറ്റഗറിയിൽ ഉൾപ്പെട്ടപ്പോളാണ് നമ്മൾ ഉയർന്ന ശ്രേണിയിൽ സ്ഥാനം നേടിയത്. തുടർച്ചയായി രണ്ടാം വർഷവും കൈവരിച്ച നേട്ടം കേരളത്തിൻ്റെ വ്യാവസായിക മുന്നേറ്റം ഒട്ടും ആകസ്മികമല്ല എന്ന് ബോധ്യപ്പെടുത്തുകയാണ്.