കോണ്‍ഗ്രസിന്റെ ഉന്നത സമിതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് മാറിനിന്ന ശേഷം വേണം ശശി തരൂര് സ്വതന്ത്ര അഭിപ്രായ പ്രകടനം നടത്തേണ്ടതെന്ന് മുന്‍ കെപിസിസി പ്രസിഡന്റും നെഹ്റു സെന്റര്‍ ചെയര്‍മാനുമായ എംഎം ഹസന്‍. നെഹ്റു സെന്ററിന്റെ നേതൃത്വത്തില്‍ പ്രസ്സ് ക്ലബില്‍ സംഘടിപ്പിച്ച നെഹ്‌റു ജയന്തിയാഘോഷ പരിപാടിയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ബിജെപി നേതാവ് എല്‍കെ അദ്വാനിയെ പുകഴ്ത്തുമ്പോഴും നെഹ്റുവിനേയും ഇന്ദിരാഗാന്ധിയേയും ഇകഴ്ത്തുമ്പോഴും ശശി തരൂര്‍ തലമറന്ന് എണ്ണ തേയ്ക്കുകയാണ്. സാഹിത്യകാരനും ബുദ്ധിജീവിയും ആയതുകൊണ്ട് ശശി തരൂരിന് സ്വാതന്ത്ര്യമുണ്ടെന്ന് ധരിക്കരുത്.രാഷ്ട്രശില്‍പ്പി ജവഹര്‍ലാല്‍ നെഹ്റുവിനെ ഇകഴ്ത്താനും തമസ്‌ക്കരിക്കാനും സര്‍ക്കാരും ബിജെപിയും ആസുത്രിത ശ്രമം നടത്തുമ്പോള്‍ നെഹ്റു കുടുംബത്തിലെ ഇന്ദിരാഗന്ധി,രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരുടെ നേതൃത്വത്തെ കുടുംബാധിപത്യമായും ജന്മാവകാശമായും ശശി തരൂര്‍ വിമര്‍ശിച്ച് ലേഖനമെഴുതിയത് തെറ്റാണ്.നെഹ്റു കുടുംബം സ്വാതന്ത്ര്യ സമരത്തില്‍ വഹിച്ച പങ്കിനെയും ജനാധിപത്യമതേതര രാഷ്ട്രമായി ഇന്ത്യയെ രൂപപ്പെടുത്തുന്നതിലും അവര്‍ നല്‍കിയ സംഭാവനകളെയും ബോധപൂര്‍വ്വം വിസ്മരിക്കുകയാണ്.
കുടുംബാധിപത്യമെന്ന ബിജെപിയുടെ വിമര്‍ശനം അതേപടി കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ നെഹ്റുവിന്റെ ആരാധകരായ തന്നെ പോലുള്ളവര്‍ക്ക് പ്രതികരിക്കാതിരിക്കാനാവില്ലെന്ന് പറഞ്ഞ ഹസന്‍ രാജ്യത്തിന്റെ ഐക്യത്തിനും മതേതരത്വത്തിനും വേണ്ടി രക്തസാക്ഷിത്വം വരിച്ചവരാണ് നെഹ്റു കുടുംബമെന്നും ഓര്‍മ്മിപ്പിച്ചു.
നെഹ്റു കുടുംബത്തിലെ അംഗങ്ങളുടെ ഔദാര്യം കൊണ്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെത്തിയ ശശി തരൂരിന് കുടുംബാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല. ജനങ്ങള്‍ക്ക് വേണ്ടിയോ, രാജ്യത്തിന് വേണ്ടിയോ ഒരു തുള്ളി വിയര്‍പ്പുപോലും ചൊരിയാത്ത ഭാഗ്യാന്വേഷികള്‍ക്ക് മാത്രമാണ് ഒരു പക്ഷെ ഇങ്ങനെ വിമര്‍ശിക്കാന്‍ കഴിയുക. ആ തലത്തിലേക്ക് ശശി തരൂര്‍ മാറരുത്.നെഹ്റുവിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശശി തരൂര്‍ ശ്രമിച്ചാല്‍ നെഹ്റു സെന്റര്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി അദ്ദേഹത്തിന്റെ ആദര്‍ശരഹിതവും അവസരവാദപരവുമായ നിലപാടുകള്‍ക്കെതിരെ പ്രചരണം നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും എംഎം ഹസന്‍ കൂട്ടിച്ചേര്‍ത്തു.
നെഹ്റു സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന് മുന്‍ കെപിസിസി പ്രസിഡന്റും നെഹ്റു സെന്റര്‍ ചെയര്‍മാനുമായ എംഎം ഹസന്‍ സമ്മാനിച്ചു. നെഹ്‌റു ജനാധിപത്യത്തിന്റെ പ്രകാശഗോപുരമായിരുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് മുന്‍ മന്ത്രിയും സിപിഎമ്മും നേതാവുമായ ജി സുധാകരന്‍.പകരം വെയ്ക്കാനാളില്ലാത്ത യുഗപുരുഷനും സ്വതന്ത്ര ഭാരതത്തിന് അടിത്തറയിട്ട ഭരണാധികാരിയുമാണ് നെഹ്‌റു. ഫാസിസത്തോടും വര്‍ഗീയതയോടും സന്ധി ചെയ്തിരുന്നില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു.
നെഹ്‌റു ഏകാധിപതിയായിരുന്നില്ല. അധികാര സ്ഥാനത്ത് ഇരിക്കുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കണം. ജനസേവനകനെന്ന് പ്രസംഗത്തിലല്ല, പ്രവൃത്തിയിലാണ് കാട്ടേണ്ടത്. വാക്കും പ്രവര്‍ത്തിയും നെഹ്‌റുവിനും ഗാന്ധിക്കും ഒരുപോലെയായിരുന്നു. ജനങ്ങളാണ് ജനാധിപത്യത്തില്‍ വലുത്. ജനപിന്തുണ വര്‍ധിപ്പിക്കേണ്ടതെങ്ങനെയെന്ന് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ചിന്തിക്കണം. ആദ്യകാലത്തെ പോലെ ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണയുണ്ടോയെന്നും വിലയിരുത്തണം. തുറന്ന് പറയുന്നത് നന്നാകാന്‍ വേണ്ടിയാണ്. വര്‍ഗീയപാര്‍ട്ടികള്‍ക്ക് പിറകെ ജനത്തില്‍ ഒരു വിഭാഗം പോകുനുണ്ടായ സാഹചര്യം പഠിക്കണമെന്നും ജി.സുധാകരന്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തനം പണം ഉണ്ടാക്കുന്ന ഉപാധിയായി കണ്ടാല്‍ അത് ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തും. ലേഖകന്റെ മനസിലെ വിഭ്രമം തങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. വാര്‍ത്തകള്‍ തമസ്‌കരിക്കുകയും സാമൂഹികരമായ വിമര്‍ശനങ്ങളെ വളച്ചൊടിച്ച് നല്‍കുകയും ചെയ്യുന്നവരാണ് ഇക്കാലത്തെ ചില മാധ്യമ പ്രവര്‍ത്തകരെന്നും ജി.സുധാകരന്‍ പറഞ്ഞു.
ബിഎസ്എസ് ദേശീയ ചെയര്‍മാന്‍ ബിഎസ് ബാലചന്ദ്രന്‍ രചിച്ച് സദ്ഭാവനാ ട്രസ്റ്റ് പ്രസിദ്ധീകരിച്ച ജവഹല്‍ ലാല്‍ നെഹ്റു ഒരു വിസ്മയം എന്ന പുസ്തകം ജി.സുധാകരന് നല്‍കികൊണ്ട് എംഎം ഹസന്‍ പ്രകാശനം ചെയ്തു.ഇന്റര്‍ കോളേജ് ഡിബേറ്റിങ് മത്സരത്തിലും ദേശഭക്തിഗാന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
കേരള സര്‍വകലാശാല മുന്‍ പ്രോ.വൈസ് ചാന്‍സിലര്‍ ഡോ. ജെ.പ്രഭാഷ്,ഡോ. എംആര്‍ തമ്പാന്‍,ബിഎസ്എസ് ദേശീയ ചെയര്‍മാന്‍ ബി.എസ്.ബാലചന്ദ്രന്‍,പിഎസ് ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.