ഇസാഫ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ 18 ലക്ഷം രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പ് തടഞ്ഞു

Spread the love

പത്തനംതിട്ട : ഡിജിറ്റല്‍ അറസ്റ്റ് എന്ന സൈബര്‍ തട്ടിപ്പില്‍ നിന്ന് പത്തനംതിട്ടയിലെ വയോധികനെ രക്ഷപ്പെടുത്തിയത് ഇസാഫ് ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍. ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന വ്യാജേന പത്തനംതിട്ട സ്വദേശിയായ 82-കാരനില്‍ നിന്നാണ് 18 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇസാഫ് ബാങ്കിന്റെ കുമ്പനാട് ശാഖയിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പില്‍ നിന്നും ഉപഭോക്താവിനെ രക്ഷിച്ചത്.

മുംബൈ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ഒരു സംഘമാണ് വയോധികനുമായി ബന്ധപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ച പഴയ ബാങ്ക് അക്കൗണ്ട് അനധികൃത ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കപ്പെടുന്നുവെന്നായിരുന്നു തട്ടിപ്പുകാര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഭീഷണി വിശ്വസിപ്പിക്കുന്നതിനായി വീഡിയോ കോള്‍ വഴി പൊലീസുകാരെയും മജിസ്‌ട്രേറ്റിനെയും അനുകരിച്ച് കാണിക്കുകയും, ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വീടുവിടാന്‍ പാടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭയവും, ആശയക്കുഴപ്പവും അനുഭവിച്ച അദ്ദേഹം ഇസാഫ് ബാങ്ക് ശാഖയില്‍ എത്തി തന്റെ ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ പിൻവലിക്കുകയും, സേവിങ്സ് അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്തു. പിന്നീട് അതെ ദിവസം ഉച്ചയ്ക്ക് ശേഷം ബാങ്കിലെത്തി, ഒരു കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18 ലക്ഷം രൂപ അടിയന്തരമായി അയയ്ക്കണമെന്ന് ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇതില്‍ സംശയം തോന്നിയ ബാങ്ക് ജീവനക്കാര്‍ ഉപഭോക്താവിന്റെ അടുത്ത ബന്ധുവിന്റെ സഹായത്തോടെ അന്വേഷിച്ചപ്പോഴാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ബോധ്യമാകുന്നത്. തുടര്‍ന്ന്, ബാങ്ക് ട്രാന്‍സാക്ഷന്‍ തടയുകയും, കുടുംബത്തെ വിവരം അറിയിക്കുകയും, പൊലീസ് പരാതി നല്‍കുന്നതിന് സഹായവും നല്‍കുകയായിരുന്നു.

ഇത്തരത്തിലുള്ള തട്ടിപ്പുകള്‍, പ്രത്യേകിച്ച് ഡിജിറ്റല്‍ ഭീഷണികളെ പൂര്‍ണമായി മനസ്സിലാക്കാനാകാത്ത മുതിര്‍ന്ന പൗരരെയാണ് കൂടുതലായി ലക്ഷ്യമിടുന്നത്. ഭയം സൃഷ്ടിക്കല്‍, അധികാരികളെന്ന ഭാവം സൃഷ്ടിക്കല്‍, മാനസിക സമ്മര്‍ദ്ദം എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ വലിയ തുകകള്‍ പിടിച്ചെടുക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഫോണ്‍കോളുകൾ നിര്‍ബന്ധമായും ശ്രദ്ദിക്കണമെന്നും, നിയമനടപടികള്‍ക്കായി ആരും ഡിജിറ്റല്‍ അറസ്റ്റ് പേരില്‍ പണം ആവശ്യപ്പെടില്ലെന്നും ഇസാഫ് ബാങ്ക് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഉപഭോക്താക്കളെ സൈബര്‍ ഭീഷണികളില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍നിര ബാങ്ക് ജീവനക്കാര്‍ വഹിക്കുന്ന നിര്‍ണായക പങ്കിന്റെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറുന്നു.

Photo caption: ഇസാഫ് ബാങ്ക് കുമ്പനാട് ബ്രാഞ്ച് അംഗങ്ങളായ സിന്ധു നായർ(ബ്രാഞ്ച് ഹെഡ്), എൽസി ലാൽ ഫ്രാൻസിസ്, മിബിൻ വർഗീസ്, ജിതിൻ ജോർജ്, അഭീഷ് എബ്രഹാം എന്നിവ

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *