കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കാര (എസ്ഐആര്‍)ത്തിനെതിരേ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ട് നഷ്ടപ്പെടുത്തുന്ന എസ്ഐആറില്‍ സുപ്രീം കോടതി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2026ല്‍ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്ന കേരളത്തില്‍ 30 ദിവസത്തിനുള്ളില്‍ എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകില്ല. വോട്ടര്‍മാര്‍ക്ക് പരാതി നല്കാനോ, തിരുത്തല്‍ നടത്താനോ, അപ്പീല്‍ നല്കാനോ സാധിക്കില്ല. നവംബര്‍ പകുതിയായിട്ടും ഗണ്യമായ വോട്ടര്‍മാരുടെ കൈകളില്‍ ഫോം എത്തിയിട്ടില്ല. കേരളത്തിന്റെ സാഹചര്യങ്ങളൊന്നും പഠിക്കാതെയാണ് 27.10.25ല്‍ എസ്ഐആറിനുള്ള ഉത്തരവുണ്ടായത്. ഇത് ബീഹാറിന് നേരത്തെ പുറപ്പെടുവിച്ച അതേ ഉത്തരവാണ്. ദുഷ്ടലാക്കോടെ അവിടെ നടപ്പാക്കിയ രീതി കേരളത്തില്‍ നടപ്പാക്കാനാകില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
കേരളത്തില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ 5 പൊതുതെരഞ്ഞെടുപ്പുകളും 5 നിയമസഭാതെരഞ്ഞെടുപ്പുകളും നിലവിലുള്ള വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ നടത്തിയിട്ടുണ്ട്. ഇവ കാലാകാലങ്ങളില്‍ തുടര്‍ച്ചയായി പുതുക്കിയിട്ടുള്ളതാണ്. 2002ലെ വോട്ടര്‍ പട്ടികയിലേക്കു മടങ്ങിപ്പോകാനുള്ള യാതൊരു സാഹചര്യവും നിലവിലില്ല.
വോട്ടര്‍പട്ടികയില്‍ 2002ല്‍ ഉള്‍പ്പെടുത്തിയ വോട്ടര്‍മാര്‍ എന്നും അതിനുശേഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരെന്നും രണ്ടായി തിരിക്കുന്നത് രണ്ടുതരം വോട്ടര്‍മാരെ സൃഷ്ടിക്കുന്നു. 2002നുശേഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ക്ക് പൗരത്വം തെളിയിക്കാനുള്ള രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്. ഇതു ജനപ്രാതിനിധ്യനിയമത്തിന് എതിരാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
പൗരത്വനിര്‍ണയം കേന്ദ്രസര്‍ക്കാരിന്റെ മാത്രം അധികാരപരിധിയിലുള്ളതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വ പരിശോധന നിര്‍ദേശിക്കാനുള്ള അധികാരമില്ല. നിലവിലുള്ള വോട്ടര്‍മാരുടെ മേല്‍ പൗരത്വം തെളിയിക്കുന്നതിന്റെ ഭാരം അടിച്ചേല്പിച്ചും വ്യക്തിഗത നോട്ടീസ് നല്കാതെ പേരുകള്‍ ഇല്ലാതാക്കിയും ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകും. ഇത് ദേശീയ പൗരത്വ രജിസ്റ്റര്‍ കുറുക്കുവഴിയിലൂടെ സ്ഥാപിക്കാന്‍ വഴിയൊരുക്കുന്നതാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.