നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍

Spread the love

അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം.

14 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ 36 വയസുകാരിയ്ക്ക് കുഞ്ഞ് ജനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കത്തിലൂടെ സന്തോഷം അറിയിച്ച് ഭര്‍ത്താവ് ഡോ. സുമന്‍. മന്ത്രി വീണാ ജോര്‍ജ് കുടുംബത്തിന് ആശംസകള്‍ നേര്‍ന്നു. മികച്ച ചികിത്സ നല്‍കിയ എസ്.എ.ടി. ആശുപത്രിയിലെ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

ഇരുവരും വിവാഹിതരായിട്ട് 14 വര്‍ഷങ്ങള്‍ കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കഴിഞ്ഞ 6 വര്‍ഷമായി ചികിത്സയിലായിരുന്നു. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സ കഴിഞ്ഞിട്ടാണ് എസ്എടിയില്‍ ചികിത്സ തുടങ്ങിയത്. ഈ വര്‍ഷം തുടക്കത്തില്‍ നടത്തിയ ഐവിഎഫ് എബ്രിയോ ട്രാന്‍സ്ഫര്‍ ചികിത്സയില്‍ ഗര്‍ഭധാരണം നടക്കുകയും 26.09.2025ന് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ വീട് സന്തോഷനിര്‍ഭരമായി എന്നാണ് ഡോ. സുമന്‍ പറയുന്നത്. അതിന് വഴിവച്ച അങ്ങയുടെ വകുപ്പിലെ എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിനോടുള്ള നിസ്സീമമായ നന്ദി അറിയിച്ചു കൊള്ളുന്നു. അവിടെ ചികിത്സയ്ക്കായി വരുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ ദമ്പതികളാണ്. എത്ര തിരക്കുണ്ടെങ്കിലും അത്യന്തം വിനയത്തോടെയും, പ്രസന്നതയോടെയുമാണ് ചികിത്സയ്‌ക്കെത്തുന്ന ഓരോ വ്യക്തികളുമായും ഇടപെടുന്നത്.

ചികിത്സാ ചെലവ് കുറവാണെന്നതിനെക്കാള്‍, ചികിത്സയുടെ എല്ലാ ഘട്ടത്തിലും ഡോക്ടര്‍മാര്‍ ചികിത്സയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും രോഗിയുടെ പ്രത്യുത്പാദന ആരോഗ്യത്തെകുറിച്ചും വിശദമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്, മറ്റ് ഒരു ചികിത്സാലയത്തിലും ഇല്ല എന്ന കാര്യം അറിയിച്ചുകൊള്ളട്ടെ. ഇത് ചികിത്സയ്ക്ക് അത്യന്തം സുതാര്യത നല്‍കുന്നതാണ്. ഉന്നത നിലവാരത്തില്‍, വളരെ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന റീപ്രൊഡക്ടീവ് മെഡിസിന്‍ വകുപ്പ് തീര്‍ച്ചയായും അങ്ങയുടെ കീഴില്‍ വികസനത്തിന്റെ ഉന്നത തലത്തിലേക്ക് കുതിക്കുന്ന ആരോഗ്യവകുപ്പിന്റെ കിരീടത്തിലെ പൊന്‍തൂവലാണ് എന്ന കാര്യം അഭിമാനത്തോടെ ബോധിപ്പിച്ചുകൊള്ളട്ടെ.

ചികിത്സിച്ച ഡോക്ടര്‍മാര്‍ ഡോ. അനിത എം. (വകുപ്പ് മേധാവി), ഡോ. റെജി മോഹന്‍ തുടങ്ങിയ ടീം അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു.

പല കാരണങ്ങളാല്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്രയ കേന്ദ്രമായി മാറുന്നതിന്റെ മികച്ച ഉദാഹരണമാണ് എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം. കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ലധികം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ചത്. ഇതുകൂടാതെ മറ്റ് ചികിത്സകള്‍ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എത്തിയ ദമ്പതിമാരുമുണ്ട് അക്കൂട്ടത്തില്‍. ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍), ഇന്‍ട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇന്‍ജക്ഷന്‍ (ഐസിഎസ്‌ഐ) തുടങ്ങി വന്‍കിട കോര്‍പറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ആഗോളതലത്തിലേത് പോലെ 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താന്‍ എസ്.എ.ടി. ആശുപത്രിയ്ക്കായിട്ടുണ്ട്.

കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്ന ശീതീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ കാന്‍സറോ മറ്റ് രോഗങ്ങളോ ബാധിച്ചവര്‍ക്ക് അണ്ഡം സൂക്ഷിച്ച് വയ്ക്കാനുള്ള ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ പ്രോഗാമും ആരംഭിച്ചിട്ടുണ്ട്.

തിങ്കള്‍ മുതല്‍ ശനി വരെയാണ് ഒപി സേവനമുള്ളത്. ദമ്പതികള്‍ ഒരുമിച്ചാണ് ചികിത്സയ്ക്കായി എത്തേണ്ടത്. കൗണ്‍സിലിംഗ് ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടത്തെ ചികിത്സ.

Author

Leave a Reply

Your email address will not be published. Required fields are marked *