
കൊപ്പേൽ / ടെക്സാസ് : ഇന്ത്യയ്ക്ക് പുറത്തെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷൻ്റെ ഔദ്യോഗിക കിക്കോഫ്, കോപ്പൽ സെൻ്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിച്ചു.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, ഇടവകാംഗങ്ങളും ചേർന്ന് അഭിവന്ദ്യ പിതാവിനേ സ്നേഹോഷ്മളമായി സ്വീകരിച്ചു. ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളും ട്രസ്റ്റിമാരുമായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവർ കിക്കോഫ് വിജയകരമാക്കുന്നതിൽ നേതൃത്വം നൽകി. നിരവധിപേരാണ് ഇടവകയിൽ നിന്ന് കൺവൻഷനു പങ്കെടുക്കാൻ തദവസരത്തിൽ രജിസ്റ്റർ ചെയ്തത്.
മാർ. ജോയ് ആലപ്പാട്ട് വിശ്വാസികളെ അഭിസംബോധന ചെയ്തു. രൂപത സ്ഥാപിതമായ ശേഷം 85 ഓളം ദേവാലയങ്ങളും 75 വൈദികരും ഉള്ള വലിയ സഭാസമൂഹമായി സീറോ മലബാർ സഭ അമേരിക്കയിൽ പടർന്നു പന്തലിച്ചു. അമേരിക്കയിലെ ഒരു വലിയ കുടുംബമായി അതിവേഗം വളർന്ന സഭക്കു കൂടുതൽ ഉണർവ് നേടാനുള്ള സമയമാണിതെന്നും മാർ. ജോയ് ആലപ്പാട്ട് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
തലമുറകളുടെ സംഗമം, സൗഹൃദ കൂട്ടായ്മ, ശോഭനമായ സഭയുടെ ഭാവിക്കുവേണ്ടിയുള്ള ചർച്ചകൾ, യുവജന പങ്കാളിത്തം എന്നിവയാണ് ഈ കൺവെൻഷനിലൂടെ ലക്ഷ്യമിടുന്നതെന്നും വിശ്വാസ പ്രഘോഷണത്തിന്റെ ഈ മഹാസമ്മേളനത്തിലേക്ക് രൂപതയിലെ എല്ലാ കുടുംബങ്ങളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായും മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.

രൂപതയുടെ പ്രഥമ മെത്രാനായ മാർ. ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേക രജതജൂബിലി കൂടിയാണ് ഈ വേളയിൽ ആഘോഷിക്കുന്നത്. കഴിഞ്ഞ 25 വർഷങ്ങളിലായി രൂപത കൈവരിച്ച വളർച്ചയിൽ പങ്കാളികളായ ഏവരെയും മാർ. ആലപ്പാട്ട് ആദരപൂർവ്വം ഓർമ്മിച്ചു. ഇടവക വികാരി ഫാ. മാത്യു , ഇടവകാംഗങ്ങളുടെ പൂർണ്ണ സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു.
കൺവൻഷൻ ഫിനാൻസ് ചെയർമാൻ ആൻഡ്രൂസ് തോമസ്, നാഷണൽ ഫിനാൻസ് കോർഡിനേറ്റർ ജോൺസൺ കണ്ണൂക്കാടൻ, ടെക്നോളജി ചീഫ് കോർഡിനേറ്റർ ജോർജ് നെല്ലിക്കുന്നേൽ എന്നിവർ സംസാരിച്ചു.
2026 ജൂലൈ 9 മുതൽ 12 വരെയാണ് എട്ടാമത് ദേശീയ സീറോ മലബാർ കൺവൻഷൻ നടക്കുന്നത്. ചിക്കാഗോ നഗരത്തിലെ പ്രശസ്തമായ മക്കോർമിക് പ്ലേസും അതോട് ചേർന്നുള്ള പ്രമുഖ മൂന്ന് ഹോട്ടൽ സമുച്ചയങ്ങളും കൺവെൻഷനു വേദിയാകും.
ബുക്കിങ് നിരക്കിൽ പ്രത്യേക ഇളവ് : കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ ഡിസംബർ 31 വരെ ഡിസ്കൗണ്ട് നിരക്കിൽ കൺവൻഷനു രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും. എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന് ആൻഡ്രൂസ് തോമ്സ് അഭ്യർഥിച്ചു. കൺവെൻഷൻ നാഷണൽ ഫണ്ട് റൈസിംഗ് കോർഡിനേറ്റർ ജോൺസൺ കണ്ണൂക്കാടൻ കൺവെൻഷനോട് അനുബന്ധിച്ച് നടത്തുന്ന പ്രോഗ്രാമുകളെപ്പറ്റി വിശദീകരിച്ചു.
ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം, വിവിധ സെമിനാറുകൾ, കുട്ടികൾക്കും മുതിർന്നവർക്കും , യുവാക്കൾക്കും വ്യത്യസ്ത ട്രാക്കുകളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. രിപാടികൾ ഒരുക്കുന്നത്. സംഘടനാ കൂട്ടായ്മകൾ, കലാപരിപാടികൾ, വിധ മത്സരങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
ഇടവകാംഗങ്ങളുടെയും ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.