അടിത്തറ വിപുലീകരിച്ച് കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത് : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (15/12/2025).

അടിത്തറ വിപുലീകരിച്ച് കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്; ആരുടെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല; ഉചിതമായ സമയത്ത് തീരുമാനം എടുക്കാന്‍ കഴിവുള്ള നേതൃത്വം യു.ഡി.എഫിനുണ്ട്; മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി യു.ഡി.എഫ് മാറി; തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തോടെ എല്ലാം ആയെന്ന് കരുതുന്നില്ല; നിയമസഭ തിരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്കെത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യണം.

യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്ലയിലാണ്. അതിന് കോട്ടയത്തെ ജനങ്ങളോട് നന്ദി പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിന് നടപടിക്രമമുണ്ട്. യു.ഡി.എഫ് കക്ഷികളുമായി ബന്ധപ്പെട്ടുള്ളത് മുന്നണി ജില്ലാ നേതൃത്വം തീരുമാനിക്കും. അതിനുള്ള മാനദണ്ഡം യു.ഡി.എഫ് നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്ക് നല്‍കും. കോണ്‍ഗ്രസില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് കെ.പി.സി.സിയാണ്. അതു സംബന്ധിച്ച മാനദണ്ഡങ്ങളും അടുത്ത ദിവസം തന്നെ നല്‍കും. അതനുസരിച്ച് കെ.പി.സി.സിയും ഡി.സി.സിയും നിയോഗിക്കുന്ന നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കും. അല്ലാതെ സോഷ്യല്‍ മീഡിയ അല്ല തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരെ തീരുമാനിക്കുന്നത്.

യു.ഡി.എഫ് ആരുമായും ഇപ്പോള്‍ ഒരു ചര്‍ച്ചയും നടത്തുന്നില്ല. യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും. കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്. അതിനും അപ്പുറത്തേക്കുള്ള, മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി യു.ഡി.എഫ് മാറുകയാണ്. ഈ പൊളിറ്റിക്കല്‍ പ്ലാറ്റ് ഫോം എന്താണെന്ന് പലര്‍ക്കും ബോധ്യമാകാത്തതു കൊണ്ടാണ് പല കണക്കുകൂട്ടലുകാര്‍ക്കും രണ്ടും രണ്ടും കൂട്ടിയപ്പോള്‍ നാല് കിട്ടിയത്. യു.ഡി.എഫ് എന്ന പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ഉള്ളതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ യു.ഡി.എഫ് വലിയ വിജയം നേടിയത്. കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണിക്ക് അപ്പുറത്ത് ഒരുപാട് വിഭാഗം ജനങ്ങളെയും ഒപ്പീനിയന്‍ മേക്കേഴ്‌സും ഉള്‍പ്പെടെയുള്ളവരെ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്ലാറ്റ്‌ഫോമാണ് യു.ഡി.എഫ്. അടിത്തറ വിപുലീകരിച്ച് കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തിരഞ്ഞെടുപ്പ് നേരിടുന്നത്.

ആരുടെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. അതൊക്കെ രാഷ്ട്രീയ തീരുമാനമാണ്. കോണ്‍ഗ്രസിലേക്ക് ഒരാളെ കൊണ്ടു വരാന്‍ കെ.പി.സി.സിയാണ് തീരുമാനിക്കേണ്ടത്. യു.ഡി.എഫിലേക്ക് ആരെയെങ്കിലും കൊണ്ടുവരുന്നത് യു.ഡി.എഫ് നേതൃത്വം തീരുമാനിക്കും. ഉചിതമായ സമയത്ത് തീരുമാനം എടുക്കാന്‍ പറ്റുന്ന നേതൃത്വം യു.ഡി.എഫിനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചെന്നു കരുതി എല്ലാം ആയെന്ന് യു.ഡി.എഫ് കരുതുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്ക് എത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യണം. യു.ഡി.എഫിലെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും അവരെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നന്നായി ചെയ്തതു കൊണ്ടാണ് ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. നിയമസഭാ തിരഞ്ഞെടെപ്പില്‍ ഇപ്പോള്‍ ചെയ്തതിനെക്കാള്‍ വലിയ ജോലിയാണ് അവരെ ഏല്‍പ്പിക്കാന്‍ പോകുന്നത്. അത് അവര്‍ ഭംഗിയായി ചെയ്യുമെന്ന ആത്മവിശ്വാസമുണ്ട്. മുന്നണിയുടെ അടിത്തറ പല രീതിയില്‍ വിപുലീകരിക്കും. അതില്‍ ചിലപ്പോള്‍ എല്‍.ഡി.എഫിലെയും എന്‍.ഡി.എയിലെയും ഘടകകക്ഷികളുണ്ടാകും. ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. അതൊക്കെ കാത്തിരുന്ന് കാണം. ഇതൊക്കെ ഇപ്പോഴെ പറഞ്ഞാല്‍ സസ്‌പെന്‍സ് പോകും.

Author

Leave a Reply

Your email address will not be published. Required fields are marked *