ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സംഘപരിവാറിന്റെ ഗാന്ധി നിന്ദയുടെ തുടര്‍ച്ചയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
തമസ്‌കരിക്കാന്‍ എത്ര ശ്രമിച്ചാലും ഗാന്ധിജിയുടേയും അദ്ദേഹത്തിന്റെ ആശയങ്ങളുടേയും പ്രസക്തി വര്‍ധിക്കുക മാത്രമാണ് ചെയ്യുക. ഗാന്ധിജിയുടെ പേരിനെപോലും ബിജെപി ഭയക്കുന്നു. ഭേദഗതി ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പട്ടിണി തുടച്ച് മാറ്റാനും വീട്ടമ്മമാരെ സാമ്പത്തികമായി ശാക്തീകരിക്കാനും യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയുടെ സത്ത തന്നെ ഇല്ലാതാക്കുകയാണ് മോദി ഭരണകൂടം.
ഗ്രാമീണ മേഖല ഏതെന്ന് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിച്ചതിലൂടെ ഈ പദ്ധതിയെ തുരങ്കം വെയ്ക്കുക എന്ന ലക്ഷ്യവും ഭേദഗതിക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരിനുണ്ട്. കൂടാതെ പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിബന്ധന കേരളം പോലെ കടക്കെണിയിലായ സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്. ഈ ബില്ലിലൂടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് ഉയര്‍ത്തും. അധ്വാനിക്കുന്ന ജനവിഭാഗവും എല്ലാ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി ഈ ബില്ലിലെ ചെറുത്തുതോല്‍പ്പിക്കാന്‍ മുന്നോട്ട് വരണമെന്നും എംഎം ഹസന്‍ പറഞ്ഞു.