കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം:17.12.25
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച ശേഷം ഒരു പാരഡി പാട്ടിനെതിരെ പരാതി കൊടുക്കുന്ന കോമഡിയാണ് സിപിഎമ്മിന്റെതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ. പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.ശബരിമലക്കൊള്ളയ്‌ക്കെതിരെ ഒരു എഴുത്തുകാരന്റെ സര്‍ഗാത്മകമായ പ്രതിഷേധമാണ് ആ പാരഡി പാട്ട്. അത് കേട്ടിട്ട് ആര്‍ക്കെങ്കിലും വികാരം വ്രണപ്പെടുന്നുണ്ടങ്കിലത് സ്വര്‍ണ്ണം മോഷ്ടിച്ചതിന് പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു
ഇടതുസര്‍ക്കാരിന്റെ ഭരണപരാജയത്തിനും അഴിമതിക്കും എതിരെ ജനം തെരഞ്ഞെടുപ്പില്‍ നല്‍കിയ തിരിച്ചടിയില്‍ നിന്ന് ശരിയായ പാഠം ഉള്‍ക്കൊള്ളുന്നതിന് പകരം പാരഡി പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് അപഹാസ്യമാണ്. ജനങ്ങള്‍ക്ക് ഈ മാസം രണ്ടാമതൊരു വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നേല്‍ ഇതിനും കൂടി ചേര്‍ത്തുള്ള പ്രതികരണം അവര്‍ നടത്തുമായിരുന്നുവെന്നും വിഷ്ണുനാഥ് പരിഹസിച്ചു.
വിലക്കയറ്റം,തൊഴിലില്ലായ്മ,ആരോഗ്യമേഖലയിലെ സമ്പൂര്‍ണ്ണ തകര്‍ച്ച തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം. അത് മനസിലാക്കാത്ത സിപിഎമ്മിന് ജനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിലും വലിയ തിരിച്ചടി നല്‍കും. പാരഡി ഗാനം എന്ന സ്പിരിറ്റിൽ സിപിഎം ഇതിനെയെടുക്കണം.കേസെടുക്കുന്നത് ഉചിതമല്ല.ഈ പാരഡി പാട്ട് കോണ്‍ഗ്രസ് ഇറക്കിയതല്ല. അതിന്റെ അണിയറ പ്രവര്‍ത്തകരെ കണ്ടെത്തിയത് മാധ്യമങ്ങളാണെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.