ഇടപാടുകൾക്ക് ‘റുപേ കോൺടാക്റ്റ്ലെസ് എസ്ഐബി പേ ടാഗ് സ്റ്റിക്കർ’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

Spread the love

കൊച്ചി: ചെറുകിട പണമിടപാടുകൾ വേഗത്തിലും സുരക്ഷിതത്വത്തിലും നടത്തുന്നതിന് ‘റുപേ എസ്ഐബി പേ ടാഗ്’ സൗകര്യം അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. മൊബൈൽ ഫോൺ, വാലറ്റ്, കാർഡ് ഹോൾഡർ എന്നിവയിൽ പതിപ്പിക്കാവുന്ന സ്റ്റിക്കർ രൂപത്തിലാണ് എസ്ഐബി പേ ടാഗ് പുറത്തിറക്കിയത്. എൻഎഫ്സി (നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടാഗ് പ്രവർത്തിക്കുന്നത്. 5000/- രൂപ വരെയുള്ള പർച്ചേസുകൾ പിൻ നമ്പറിന്റെ സഹായമില്ലാതെ പൂർത്തിയാക്കാമെന്നതാണ് പ്രത്യേകത. വ്യപാരസ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും സ്ഥാപിച്ചിട്ടുള്ള പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) മെഷിനുകളിൽ ടാപ് ചെയ്ത് ഇടപാട് പൂർത്തിയാക്കാം. 5000/- രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്ക് പിൻ നമ്പർ ആവശ്യമാണ്. ഓൺലൈൻ പർച്ചേസുകൾ നടത്തുന്ന സമയത്ത് ആവശ്യമായ കാർഡ് നമ്പർ, സിവിവി നമ്പർ, എക്സ്പയറി ഡേറ്റ് എന്നിവ ബാങ്കിന്റെ SIB Mirror+ ആപ്ലിക്കേഷൻ മുഖേന ലഭിക്കും.

റുപേ എസ് ഐ ബി പേ ടാഗ് സ്റ്റിക്കർ ഉപയോഗിച്ച് ദിവസം ഒരു ലക്ഷം രൂപവരെയുള്ള ഇടപാടുകൾ നടത്താം. ഇടപാട് തുകയുടെ പരിധി നിശ്ചയിക്കാനും നിയന്ത്രിക്കാനും SIB Mirror+ ആപ്ലിക്കേഷനിലൂടെ സാധ്യമാണ്. സുരക്ഷ, വേഗത, അനുയോജ്യത എന്നിവ മുൻനിർത്തി ഡിജിറ്റൽ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന, ലളിതവും കരുത്തുറ്റതുമായ ബാങ്കിങ് ഉൽപന്നമാണ് റുപേ എസ് ഐ ബി പേ ടാഗ് സ്റ്റിക്കർ എന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ പറഞ്ഞു. രാജ്യത്ത് വികസിച്ചുവരുന്ന ‘കോൺടാക്റ്റ്‌ലെസ്’ പേയ്മെന്റ് രീതികളെ പിന്തുണയ്ക്കുന്നതോടൊപ്പം നൂതന മാറ്റങ്ങളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയുമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നതെന്നും സോണി എ അഭിപ്രായപ്പെട്ടു. ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ബ്രാഞ്ചുകളിലൂടെയും SIB Mirror+, SIBerNet (ഇന്റർനെറ്റ് ബാങ്കിങ് ) ആപ്ലിക്കേഷൻ മുഖേനയും എസ് ഐ ബി പേ ടാഗ് സ്റ്റിക്കറിന് അപേക്ഷിക്കാം. ഇത്തരത്തിൽ ലഭ്യമാകുന്ന സ്റ്റിക്കർ SIB Mirror+, SIBerNet (ഇന്റർനെറ്റ് ബാങ്കിങ്) വഴി സുരക്ഷിത പിൻകോഡിന്റെ സഹായത്തോടെ പ്രവർത്തനസജ്ജമാക്കാമെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു.

Anu Maria Thomas

Author

Leave a Reply

Your email address will not be published. Required fields are marked *