‘ദേശീയ ലേബർ കോൺക്ലേവ് 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു സന്നിഗ്ധ ഘട്ടത്തിലൂടെ, ഒരുപക്ഷേ സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്തരമൊരു വിപുലമായ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത് കേവലമായ ഒരു ഔദ്യോഗിക പരിപാടിയായി ചുരുക്കി കാണേണ്ട ഒന്നല്ല. മറിച്ച് തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും 
അന്തസ്സും അസ്തിത്വവും സംരക്ഷിക്കുന്നതിനുള്ള നിയമപരവും രാഷ്ട്രീയപരവും ജനാധിപത്യപരവുമായ പ്രതിരോധ രീതിയായി ഇതിനെ കാണേണ്ടതാണ്.ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അത്തരം ഒരു കാലഘട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക എന്നത് ഒരു ജനാധിപത്യ സർക്കാരിന്റെ രാഷ്ട്രീയവും ധാർമികവുമായ ചുമതലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.നമുക്ക് ചുറ്റുമുള്ള ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയിലും ഉൽപാദന രീതികളിലും മാറ്റം വരുന്നു. എന്നാൽ ഈ മാറ്റങ്ങൾ ആർക്കുവേണ്ടിയാണ് എന്ന ചോദ്യം പ്രസക്തമാകുന്നു. അത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനാണോ അതോ ചുരുക്കം ചില കോർപ്പറേറ്റുകളുടെ ലാഭം പെരുപ്പിക്കാനാണോ എന്നതാണ് ചോദ്യം. തൊഴിൽ ശക്തിയുടെ മൗലികാവകാശങ്ങളെ പരിമിതപ്പെടുത്തുകയും വൻകിട കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന നയസമീപനങ്ങൾക്കെതിരെ യുക്തിഭദ്രവും ജനാധിപത്യപരവുമായ വിയോജിപ്പുകൾ രേഖപ്പെടുത്തുക എന്നത് ഉത്തരവാദിത്വമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ, ഐ.ഐ.ടി.യു.സി. ദേശീയ സെക്രട്ടറി അമർജീത് കൗർ, ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി സഞ്ജയ് കുമാർ സിംഗ്, സി.ഐ.ടി.യു. ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ, മുൻ മന്ത്രിയും ട്രെഡ് യൂണിയനിസ്റ്റുമായ എളമരം കരീം, തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ്, നിയമ വകുപ്പ് സെക്രട്ടറി സനൽ കുമാർ കെ. ജി., KILE ചെയർപേഴ്‌സൺ കെ. എൻ. ഗോപിനാഥ്, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനകളുടെ ദേശീയ-സംസ്ഥാന ഭാരവാഹികൾ, നിയമവിദഗ്ധർ തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.രാജ്യത്ത് നിലവിൽ വന്ന 4 ലേബർ കോഡുകളുടെ പശ്ചാത്തലത്തിൽ, ഏതെല്ലാം വ്യവസ്ഥകൾ തൊഴിലാളികൾക്ക് അനുകൂലമായി ഉൾപ്പെടുത്തുവാൻ സംസ്ഥാന സർക്കാരിന് കഴിയും എന്ന് വിശദമായി പരിശോധിക്കുന്നതിന് സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് വേണ്ടി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റാണ് (KILE) കോൺക്ലേവ് സംഘടിപ്പിച്ചത്.