മണപ്പുറം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ ജിജി കൃഷ്ണയ്ക്കും മിന്റു പി. മാത്യുവിനും ദേശീയ വിദ്യാഭ്യാസ പുരസ്‌കാരം

Spread the love

                 

വലപ്പാട്: വിദ്യാഭ്യാസ മേഖലയിലെ മികച്ച നേതൃപാടവത്തിന് നല്‍കുന്ന ദേശീയ പുരസ്‌കാരത്തിന്റെ നിറവില്‍ മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ (എഐപിഎസ്എ) ഏര്‍പ്പെടുത്തിയ മൂന്നു പുരസ്‌കാരങ്ങള്‍ മുകുന്ദപുരം പബ്ലിക് സ്‌കൂളിനും വലപ്പാട് മണപ്പുറം ഗീത രവി പബ്ലിക് സ്‌കൂളിനും ലഭിച്ചു.

മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ് ‘എക്‌സലന്‍സ് അവാര്‍ഡ് ഇന്‍ എജുക്കേഷന്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരത്തിന് അര്‍ഹയായി. വിദ്യാഭ്യാസ നേതൃത്വത്തിലെ മികവിന് വലപ്പാട് മണപ്പുറം ഗീത രവി പബ്ലിക് സ്‌കൂളിന്റെ മാനേജരും പ്രിന്‍സിപ്പാളുമായ മിന്റു പി. മാത്യൂവിന് രണ്ട് പ്രമുഖ പുരസ്‌കാരങ്ങളാണ് ലഭിച്ചത്. വിദ്യാഭ്യാസ നേതൃത്വത്തിലെ മികവിനുള്ള എക്‌സലന്‍സ് ഇന്‍ എഡ്യുക്കേഷനല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡും എഡ്യൂക്കേഷന്‍ എക്‌സലന്‍സിനുള്ള ബെസ്റ്റ് എഡ്യൂക്കേറ്റര്‍ അവാര്‍ഡുമാണ് മിന്റു പി. മാത്യുവിന് ലഭിച്ചത്.

ജിജി കൃഷ്ണയുടെയും മിന്റു പി. മാത്യൂവിന്റെയും വ്യക്തിഗത നേട്ടത്തിനൊപ്പം അവര്‍ നേതൃത്വം നല്‍കുന്ന സ്‌കൂള്‍ സമൂഹത്തിന്റെ കൂട്ടായ വിജയവും കൂടിയായി ഈ പുരസ്‌കാരങ്ങള്‍. ഭാവിയിലേക്കുള്ള മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തുന്നതിലും സാമൂഹിക ഉത്തരവാദിത്തമുള്ള പൗരന്മാരെ വളര്‍ത്തുന്നതിലും സമര്‍പ്പിതമായ നേതൃത്വത്തിന്റെ പ്രാധാന്യമാണ് ഈ ദേശീയ അംഗീകാരം വ്യക്തമാക്കുന്നതെന്ന് മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ശ്രീ വി.പി. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍ (എഐപിഎസ്എ) രാജ്യത്തുടനീളമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്കും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ സംഘടനയാണ്. സ്‌കില്‍ ഇന്ത്യ, എന്‍എസ്ഡിസി, എംഎസ്എംഇ തുടങ്ങിയ ദേശീയ പദ്ധതികളുമായി സഹകരിച്ച് വിദ്യാഭ്യാസ നയ നിര്‍മാണം, അധ്യാപകരുടെയും വിദ്യാഭ്യാസ നേതാക്കളുടെയും പ്രൊഫഷണല്‍ വികസനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ സംഘടന നിര്‍ണായക പങ്ക് വഹിക്കുന്നു.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *