പഴയ കേസുകൾ വില്ലനായി; അമേരിക്കയിൽ ഗ്രീൻ കാർഡ് ഉടമയെ വിമാനത്താവളത്തിൽ വെച്ച് തടങ്കലിലാക്കി

Spread the love

ഹൂസ്റ്റൺ : കുട്ടിക്കാലം മുതൽ അമേരിക്കയിൽ താമസിക്കുന്ന കനേഡിയൻ പൗരനും ഗ്രീൻ കാർഡ് ഉടമയുമായ കർട്ടിസ് ജെ. റൈറ്റിനെ (39) വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടങ്കലിലാക്കി. മെക്സിക്കോയിൽ നിന്ന് ബിസിനസ്സ് യാത്ര കഴിഞ്ഞ് മടങ്ങവേ ഹൂസ്റ്റണിലെ ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ വെച്ചാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഇദ്ദേഹത്തെ പിടികൂടിയത്.

22 വർഷം മുമ്പ്, അതായത് 17-ാം വയസ്സിൽ നടന്ന ചെറിയൊരു മയക്കുമരുന്ന് കൈവശം വെക്കൽ കേസും (Xanax ഗുളിക) പിന്നീട് ഉണ്ടായ ചില ട്രാഫിക്, ആയുധ നിയമ ലംഘനങ്ങളുമാണ് (മിസ്ഡെമിനർ) നടപടിക്ക് ആധാരമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. കുറ്റകൃത്യങ്ങൾ ഒന്നും തന്നെ ഗൗരവകരമായതോ (Felony) അക്രമാസക്തമായതോ അല്ലെങ്കിലും, പഴയ റെക്കോർഡുകൾ മുൻനിർത്തി ഇദ്ദേഹത്തിന്റെ ഗ്രീൻ കാർഡ് റദ്ദാക്കാനാണ് അധികൃതരുടെ നീക്കം.

കഴിഞ്ഞ 24 വർഷമായി അമേരിക്കയിൽ സ്ഥിരതാമസക്കാരനാണ് റൈറ്റ്.

മൂന്ന് കുട്ടികളും അമേരിക്കൻ പൗരയായ പ്രതിശ്രുത വധുവും അടങ്ങുന്ന കുടുംബം ഇദ്ദേഹത്തിന്റെ മോചനത്തിനായി കാത്തിരിക്കുകയാണ്.

ക്രിസ്മസ് കാലത്ത് റൈറ്റ് തടങ്കലിലായത് കുടുംബത്തെ മാനസികമായി തളർത്തിയിട്ടുണ്ട്.

അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെയും ക്രിമിനൽ പശ്ചാത്തലമുള്ള രേഖകളുള്ളവരെയും പുറത്താക്കാനുള്ള നീക്കം ട്രംപ് ഭരണകൂടം കർശനമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ചെറിയ കേസുകൾ പോലും ഇപ്പോൾ ഗ്രീൻ കാർഡ് ഉടമകൾക്ക് ഭീഷണിയാകുന്നത്.

നിലവിൽ ടെക്സാസിലെ തടങ്കൽ കേന്ദ്രത്തിലുള്ള റൈറ്റിന്റെ കോടതി വാദം ജനുവരി 16-ന് നടക്കും. താനൊരു കുറ്റവാളിയല്ലെന്നും കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നുമാണ് റൈറ്റിന്റെ അപേക്ഷ.

 

Author

Leave a Reply

Your email address will not be published. Required fields are marked *