പ്രതിപക്ഷ നേതാവ് അടൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (28/12/2025).
തോറ്റ് തൊപ്പിയിട്ട് ഇരിക്കുന്ന മുഖ്യമന്ത്രി ശ്രമിക്കുന്നത് ബി.ജെ.പിക്ക് ആളെ കൂട്ടാന്‍; മറ്റത്തൂരിലെ കോണ്‍ഗ്രസുകാര്‍ ആരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല; പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചപ്പോഴാണ് കോണ്‍ഗ്രസ് നടപടി എടുത്തത്; അമിത് ഷായും മോദിയും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ചെയ്യുന്ന പിണറായി വിജയനാണ് ഒരു പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്.

അടൂര്‍ : തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യം. തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്. തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്. ഒന്നും കിട്ടാത്തതു കൊണ്ടാണ് മുഖ്യമന്ത്രി മറ്റത്തൂരിനെ കുറിച്ച് പറയുന്നത്. മറ്റത്തൂരില്‍ വിജയിച്ച രണ്ടു വിമതന്‍മാരില്‍ ഒരാളെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റുള്ളവരെല്ലാം ചേര്‍ന്ന് മറ്റൊരു വിമതന് പഞ്ചായത്ത് പ്രസിഡന്റാകാനുള്ള പിന്തുണ നല്‍കി. അത് പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണ്. അല്ലാതെ അവര്‍ ബി.ജെ.പിയില്‍ പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ആഗ്രഹം അവര്‍ ബി.ജെ.പിയില്‍ പോകണമെന്നാണ്. ബി.ജെ.പിയെ ശക്തിപ്പെടുത്താനാണ് മുഖ്യമന്ത്രി നില്‍ക്കുന്നത്. അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നല്‍കാന്‍ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഒരു പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. മറ്റത്തൂരിലെ കോണ്‍ഗ്രസുകാര്‍ ആരും ബി.ജെ.പിയില്‍ പോയിട്ടില്ല. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചതു കൊണ്ടാണ് അവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത്. അല്ലാതെ അവരാരും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ബി.ജെ.പിക്ക് ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണ്.
ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും സംഘടനാതലത്തിലും തിരഞ്ഞെടുപ്പുകളിലും 50 ശതമാനം പ്രാതിനിധ്യം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് നടപ്പിലാക്കും. പഴയതലമുറയിലെ എല്ലാവരോടും മാറി നില്‍ക്കണമെന്നതല്ല അതിന്റെ അര്‍ത്ഥം. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് കൂടി അവസരമുണ്ടാകണം. ഞങ്ങളൊക്കെ അങ്ങനെ വന്നവരാണ്. ഞങ്ങള്‍ക്ക് പിന്നാലെ ആരും വരേണ്ടെന്ന് തീരുമാനിക്കാനാകില്ല. ഉറപ്പായും സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പ്രാതിനിധ്യമുണ്ടാകും. അത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹമാണ്. അതിന് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും. മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുമെന്ന് പറഞ്ഞിട്ടില്ല. ചെറുപ്പക്കാരെയും സ്ത്രീകളെയും കൊണ്ടുവരുമെന്നു മാത്രമാണ് പറഞ്ഞത്. പ്രായമുള്ളവരൊക്കെ പിരിഞ്ഞ് പോകണമെന്നല്ല അതിന്റെ അര്‍ത്ഥം. മുതിര്‍ന്ന നേതാക്കളുടെ ഉപദേശവും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനൊപ്പം അവരില്‍ മത്സരിക്കാന്‍ സാധിക്കുന്നവരെ മത്സരിപ്പിക്കുകയും ചെയ്യും. ആരെയും ഒഴിവാക്കില്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ എ.ഐ ചിത്രങ്ങള്‍ ഉണ്ടാക്കിയത് സി.പി.എമ്മാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുഖ്യമന്ത്രി കണ്ടില്ലെന്നു പറഞ്ഞ ഏക ആളും എം.വി ഗോവിന്ദനാണ്. മുഖ്യമന്ത്രി പോറ്റിയെ കണ്ടതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. വയനാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നൃത്തം ചെയ്യുന്ന വീഡിയോ ഇറക്കിയവരാണ് സി.പി.എമ്മുകാര്‍. നാണമുണ്ടോ സി.പി.എമ്മിന്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് ക്രൈം നന്ദകുമാറിനെ എല്ലാദിവസവും വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയാണ്. കോടതി ഇടപെട്ടതോടെയാണ് അത് അവസാനിച്ചത്. എനിക്കെതിരെ ഏഴോളം യൂട്യൂബ് ചാനലുകള്‍ എല്ലാ ദിവസവും പറഞ്ഞുകൊണ്ടിരിക്കുകയാണ്. സി.പി.എം ദിവസേന പത്ത് കാര്‍ഡുകളാണ് ഇറക്കുന്നത്. ഇത്രയൊക്കെ കാര്‍ഡ് ഇറക്കിയിട്ടും യു.ഡി.എഫാണ് വിജയിച്ചത്. പോളണ്ടിനെ കുറിച്ച് ഒന്നും പറയരുതെന്ന് പറയുന്നത് പോലെ പിണറായി വിജയനെ കുറിച്ച് ഒന്നും മിണ്ടരുത്. മിണ്ടിയാല്‍ പൊലീസ് വീട്ടില്‍ വരും. ഞങ്ങള്‍ എല്ലാവരും ആ ഫോട്ടോ ഇടാന്‍ പോകുകയാണ്. ഞങ്ങളുടെയൊക്കെ വീട്ടിലേക്ക് പൊലീസ് വരട്ടെ.
കര്‍ണാടകത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് പോലുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ല. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. അക്കാര്യങ്ങള്‍ എ.ഐ.സി.സി വിശദീകരിക്കും. ഒരാള്‍ പോലും വഴിയാധാരം ആകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയിട്ടുണ്ട്.