മറ്റത്തൂരിലെ പ്രചരണം സിപിഎമ്മിന്റെ രാഷ്ട്രീയ കുടില തന്ത്രം
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് വൈകിവന്ന വിലയിരുത്തലില്‍ പോലും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെയ്ക്കാനാണ് സിപിഎം നേതൃത്വം ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതി ഭരണത്തിനും എതിരെയും ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്കും അക്രമ രാഷ്ട്രീയത്തിനും എതിരെയുമുള്ള ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായത്.ബിജെപിയുമായും എസ്.ഡി.പി.ഐയുമായി പ്രകടമായ സഖ്യത്തിലേര്‍പ്പെടുകയും അതിനായി വോട്ട് തിരിമറി നടത്തുകയും ചെയ്തത് സിപിഎമ്മാണ്. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും ജില്ലയായ കണ്ണൂരില്‍ കണക്ക് നിരത്തി ഇക്കാര്യം യുഡിഎഫ് നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
തൃശ്ശൂര്‍ മറ്റത്തൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ, ജനപ്രതിനിധികളോ ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. ജീവനുണ്ടെങ്കില്‍ ബിജെപിയില്‍ ചേരുകയില്ലെന്നും അവര്‍ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. ബിജെപിയുടെ പിന്തുണയോടെ ഒരു സ്വതന്ത്രയെ പഞ്ചായത്ത് പ്രസിഡന്റാക്കിയ നടപടിയെ അതീവ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കണ്ടത്. ആ തെറ്റ് തിരുത്താന്‍ അവിടെത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകുമെന്നാണ് വിശ്വാസം. കോണ്‍ഗ്രസിനോട് ആത്മാര്‍ത്ഥതയും വിശ്വാസ്യതയും അവര്‍ പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.പോകാത്തവരെ പോലും ബിജെപിയിലേക്ക് പോയെന്ന് ചിത്രീകരിച്ച് കൊട്ടിഘോഷിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയകുടിലതന്ത്രമാണ്. സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിനെതിരെ സിപിഎം നടത്തിയ പടയൊരുക്കം കേരളജനത കണ്ടതാണ്. സിപിഎം ജല്പ്പനങ്ങള് ജനം വിശ്വസിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നേതാക്കള്‍ ഒന്നിനുപിറകെ ഒന്നായി ജയിലില്‍ പോകുമ്പോഴും അവര്‍ക്കെതിരേ പാര്‍ട്ടി നടപടികള്‍ സ്വീകരിക്കാതെ അവരെ സംരക്ഷിക്കുന്നത് ഗൗരവകരമാണ്. കുറ്റവാളികളെയും കൊലയാളികളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന സന്ദേശമാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും ഉന്നതരുടെ പേരുകള്‍ അറസ്റ്റിലായവര്‍ വിളിച്ചുപറയുമെന്ന് സിപിഎം ഭയക്കുന്നു. ദേവസ്വംബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന്റെ അറസ്റ്റ് സ്വാഗതാര്‍ഹമാണെങ്കിലും ഉന്നതര്‍ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നു. കളവുമുതല്‍ കണ്ടെടുക്കുക എന്ന സുപ്രധാന ദൗത്യവും നിര്‍വഹിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.